News - 2025

മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും പിടിയിൽ നിന്നും മോചിതരാകുന്നവരോടൊപ്പം കരുണയുടെ വെള്ളിയാഴ്ച്ച ചിലവഴിച്ചുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ

സ്വന്തം ലേഖകന്‍ 27-02-2016 - Saturday

മയക്കുമരുന്നിനും മദ്യത്തിനും അടിപ്പെട്ടവരെ പുനരധിവസിപ്പിക്കുന്ന ഫാ.മാരിയോ പിച്ചി സോളിടാരിറ്റി സെന്‍റര്‍ സന്ദർശിച്ച് കൊണ്ട് പരിശുദ്ധ പിതാവ് കരുണയുടെ വെള്ളിയാഴ്ച്ച അവസ്മരിണീയമാക്കി. അവിടെ ചികിത്സയിലിരിക്കുന്ന 60 അതിഥികളുമായി സമയം പങ്കിട്ടു കൊണ്ട് അവർക്ക് പ്രത്യാശയുടെ കിരണങ്ങൾ പകർന്നു കൊടുക്കുക്കാനും അദ്ദേഹം സമയം കണ്ടെത്തി. 1979-ൽ ഫാദർ പിച്ചി സ്ഥാപിച്ച ഈ കേന്ദ്രത്തിൽ മയക്കുമരുന്നിനുള്ള ചികിത്സ ഉൾപ്പടെ നിരവധി ചെറുപ്പക്കാരെയും കുടുംബങ്ങളേയും സാമൂഹ്യ ബഹിഷ്ക്കരണത്തിൽ നിന്ന് രക്ഷപ്പെടുത്താനുള്ള അനവധി പദ്ധതികൾ നടത്തി വരുന്നു.

മാർപാപ്പ അപ്രതീക്ഷിതമായി വാതിൽ തുറന്ന് സ്ഥാപനത്തിലേക്ക് കയറിയപ്പോൾ അതിഥികൾ അത്ഭുതപ്പെട്ട് നിന്നു പോയതായി കേന്ദ്രത്തിന്റെ പ്രസിഡന്റ് റോബർട്ട് മിന്യോ ഫെബ്രുവരി 26 നു ഇറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു. പിതാവ് തന്റെ സഹജമായ ശൈലിയിൽ, പരിവാരങ്ങളൊന്നുമില്ലാതെയാണ് കേന്ദ്രത്തിൽ എത്തിയത്. സുവിശേഷ പ്രഘോഷണത്തിന്റെ പൊന്തിഫിക്കൽ പ്രസിഡന്റ് ആർച്ച് ബിഷപ്പ് റിനോ ഫിച്ചെല്ല മാത്രമാണ് അദ്ദേഹത്തെ അനുഗമിച്ചിരുന്നത്.

സ്വന്തം വീട്ടിലെന്നപോലെയാണ് പരിശുദ്ധ പിതാവ് ജോലിക്കാരോടും സന്നദ്ധ സേവകരോടും രോഗികളോടും പെരുമാറിയതെന്ന് മിന്യോ അറിയിച്ചു. ഓരോ രോഗികളെയും ആലിംഗനം ചെയ്തു കൊണ്ട് അദ്ദേഹം വിവരങ്ങൾ ചോദിച്ചറിഞ്ഞു. അന്തേവാസികളിൽ ചിലർ അദ്ദേഹത്തെ അവരുടെ കുടുംബങ്ങളുടേയും കുട്ടികളുടേയും ചിത്രങ്ങൾ കാണിക്കുന്നുണ്ടായിരുന്നു.

പുനരധിവാസ കേന്ദ്രത്തിലെ അദ്ദേഹത്തിന്റെ സന്ദർശനവേള വികാരഭരിതമായിരുന്നുവെന്ന് വത്തിക്കാന്റെ അറിയിപ്പിൽ ആർച്ച് ബിഷപ്പ് ഫിച്ചെല്ല സൂചിപ്പിച്ചു. ചെറുപ്പക്കാരോടൊപ്പം അദ്ദേഹം ധാരാളം സമയം ചിലവഴിച്ചു. ഇനിയും മയക്കുമരുന്നിന്റെ മായിക ലോകത്ത് പെട്ടു പോകാതിരിക്കാനുള്ള നിര്‍ദേശങ്ങള്‍ നല്കാനും അദ്ദേഹം മറന്നില്ല. ഇവിടെ നിന്നും ഒരു പുതിയ അർത്ഥപൂർണ്ണമായ ജീവിതത്തിലേക്ക് എത്തിച്ചേരാനുള്ള അവസരം എല്ലാവർക്കും ലഭിക്കുമെന്ന്‍ പിതാവ് അവരെ ഓർമിപ്പിച്ചു.

ഇതിനിടെ ഏതാനും ആഴ്ച്ചകൾക്ക് മുമ്പ് തങ്ങൾ പിതാവിന് ഒരു എഴുത്ത് അയച്ചിരുന്നുവെന്ന് മിന്യോ വെളിപ്പെടുത്തി. മയക്കുമരുന്നിന് അടിമപ്പെട്ട യുവാക്കളെ പുനരധിവസിപ്പിക്കാൻ കേന്ദ്രം ചെയ്യുന്ന സേവനങ്ങൾ പ്രസ്തുത എഴുത്തിൽ സൂചിപ്പിച്ചിരുന്നു. പക്ഷേ, കേന്ദ്രത്തിന്റെ പ്രവർത്തനം ഇതിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല, അഭയാർത്ഥികളും പീഢീതരായ സ്ത്രീകളും തങ്ങളുടെ പ്രവർത്തന പരിധിയിൽ വരുന്നതാണ് എന്ന് പിതാവിനുള്ള എഴുത്തിൽ സൂചിപ്പിച്ചിരുന്നു.

ഡിസംബർ 19-ന് കേന്ദ്രം സന്ദർശിച്ച വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പീട്രോ പരോളിൻ മുഖേനയാണ് കേന്ദ്രത്തിന്റെ എഴുത്ത് മാർപാപ്പയ്ക്ക് ലഭിക്കുന്നത്. രണ്ടു മാസം മുമ്പ് അയച്ച എഴുത്ത് മാർപാപ്പയുടെ സന്ദർശനത്തിന് വഴിയൊരുക്കും എന്ന് തങ്ങൾ പ്രതീക്ഷിച്ചിരുന്നില്ലയെന്ന് മീന്യോ പറഞ്ഞു.

കരുണയുടെ വർഷത്തിൽ എല്ലാ മാസത്തിലെയും വെള്ളിയാഴ്ചകളിലേക്കു പരിശുദ്ധപിതാവ് പദ്ധതി തയാറാക്കിയിട്ടിട്ടുണ്ട്. കഴിഞ്ഞ മാസത്തിലെ വെള്ളിയാഴ്ച്ച പിതാവ് റോമിലെ രണ്ട് ആതുരസേവന കേന്ദ്രങ്ങൾ സന്ദർശിച്ചിരുന്നു. പ്രായമായ 33 പേരെ സംരക്ഷിക്കുന്ന ബ്രൂണോ ബുസോസ്സി റിട്ടയർമെന്റ് ഹോമാണ് പിതാവ് ആദ്യം സന്ദർശിച്ചത്. റിട്ടയർമെന്റ് ഹോമിലെ സന്ദർശനത്തിനു ശേഷം വത്തിക്കാനിലേക്ക് തിരിച്ചു പോകുന്ന വഴി അദ്ദേഹം കാസ്സ ഇർഡ് സന്ദർശിച്ചു.

മരണാസന്നരായ ആറു പേർ കുടുംബത്തോടൊത്ത് താമസിക്കുന്ന ഒരു ആതുരാലയമായിരിന്നു അത്. ഇവയെല്ലാം, ഈ വെള്ളിയാഴ്ച്ചത്തെ സന്ദർശനം പോലെ തന്നെ, അപ്രഖ്യാപിതവും അപ്രതീക്ഷിതവും ആയിരുന്നു. വളരെ രഹസ്യമായി നടന്ന ഈ സന്ദർശന യാത്രകളെല്ലാം ദിവസങ്ങൾ കഴിഞ്ഞാണ് ലോകമറിഞ്ഞത്.


Related Articles »