News - 2024

പീഡനത്തിന് ഇരയായവരുടെ വേദന സഭയുടെ വേദന; ഉപവാസ പ്രാര്‍ത്ഥനക്കു ആഹ്വാനവുമായി മാര്‍പാപ്പ

സ്വന്തം ലേഖകന്‍ 21-08-2018 - Tuesday

വത്തിക്കാന്‍ സിറ്റി: പുരോഹിതരുടെ ലൈംഗീക പീഡനത്തിന് ഇരയായവരുടെയും അവരുടെ കുടുംബങ്ങളുടെയും വേദന സഭയുടെ വേദന തന്നെയാണെന്ന്‍ രേഖപ്പെടുത്തി ഫ്രാന്‍സിസ് പാപ്പയുടെ കത്ത്. അധികാരവും മനസാക്ഷിയും ദുരുപയോഗം ചെയ്തു ലൈംഗീക പീഡനം നടത്തിയ വൈദികരുടെ പ്രവര്‍ത്തി പ്രായശ്ചിത്തം കൊണ്ട് ചെയ്തു തീര്‍ക്കാവുന്നതല്ലായെന്നും സഭയ്ക്ക വേണ്ടി ഓരോ വിശ്വാസിയും ഉപവസിച്ച് പ്രാര്‍ത്ഥിക്കണമെന്നും പാപ്പ കത്തില്‍ കുറിച്ചിട്ടുണ്ട്. ഇന്നലെയാണ് “ദൈവജനത്തിന്” എന്ന ശീര്‍ഷകത്തില്‍ പാപ്പ എഴുതിയ കത്ത് വത്തിക്കാന്‍ പ്രസിദ്ധീകരിക്കുന്നത്.

“ഒരു അവയവം വേദന അനുഭവിക്കുമ്പോള്‍ എല്ലാ അവയവങ്ങളും വേദനയനുഭവിക്കുന്നു” (1കൊറി 12:26) എന്ന വിശുദ്ധ പൗലോസ് ശ്ലീഹായുടെ വാക്കുകളാണ് തന്‍റെ മനസ്സില്‍ ശക്തമായി പ്രതിധ്വനിക്കുന്നതെന്നു പറഞ്ഞുകൊണ്ടാണ് പാപ്പയുടെ കത്ത് ആരംഭിക്കുന്നത്. സഭയിലെ ലൈംഗീക കുറ്റകൃത്യങ്ങള്‍ ആദ്യം ഇരകളായവര്‍ക്കിടയിലും അവരുടെ കുടുംബങ്ങളിലും, പിന്നെ വലിയ വിശ്വാസസമൂഹത്തിലും, അവിശ്വാസികള്‍ക്കിടയില്‍പ്പോലും ഒരുപോലെ വലിയ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നത്. മാപ്പിരക്കാനോ, ചെയ്ത കുറ്റത്തിന് പ്രായശ്ചിത്തം ചെയ്തു തീര്‍ക്കാനോ മതിയാവാത്ത വിധം ആഴമായ കുറ്റങ്ങളാണവ.

അതിനാല്‍ ഇനി മുന്നോട്ടു നോക്കുമ്പോള്‍ അങ്ങനെയുള്ള ക്രമക്കേടുകള്‍ സംഭവിക്കുന്നതു തടയുന്നൊരു സംവിധാനം വളര്‍ത്താന്‍ ഒട്ടും മടികാണിക്കരുത്. അതുപോലെ അവ മറച്ചുവയ്ക്കുന്നതും, പിന്നെയും തുടരുവാനുമുള്ള എല്ലാ സാധ്യതകളും തടയേണ്ടതാണ്. ഇത്തരം കുറ്റകൃത്യങ്ങള്‍ക്കു വേണ്ടി ആരും കൂട്ടുനില്‍ക്കയുമരുത്! ലൈംഗീകപീഡനത്തിന് ഇരയായവരുടെയും അവരുടെ കുടുംബങ്ങളുടെയും വേദന സഭയുടെ വേദന തന്നെയാണ്. അതിനാല്‍ ഈ കുറ്റകൃത്യത്തില്‍നിന്നും പിന്മാറാനും ഇരയായവര്‍ക്ക് സംരക്ഷണം നല്കാനുമുള്ള സഭയുടെ നിലപാട് ദൃഢപ്പെടുത്തേണ്ടത് അടിയന്തരമാണെന്നും പാപ്പ കത്തില്‍ കുറിച്ചു.


Related Articles »