India - 2024

പ്രളയനാട്ടില്‍ അഞ്ചു ലക്ഷം രൂപയുടെ അവശ്യസാധനങ്ങളുമായി കടലിന്റെ മക്കള്‍

സ്വന്തം ലേഖകന്‍ 22-08-2018 - Wednesday

ചങ്ങനാശേരി: ഓഖി അലകള്‍ വിഴുങ്ങിയ കടലോര ഗ്രാമമായ അടിമലത്തുറയില്‍ നിന്നു ഭക്ഷണവും പുത്തന്‍വസ്ത്രങ്ങളും ഉള്‍പ്പെടെ അഞ്ചു ലക്ഷം രൂപയുടെ അവശ്യസാധനങ്ങളുമായി കടലിന്റെ മക്കള്‍. തിരുവനന്തപുരം അതിരൂപതയിലെ അടിമലത്തുറ ഫാത്തിമ മാതാ ഇടവകയിലെ അംഗങ്ങളാണ് ഓഖിയുടെ ദുരന്തത്തില്‍ നിന്നു കരകയറുന്നതിനിടെ കാരുണ്യഹസ്തവുമായി പ്രളയനാട്ടിലെത്തിയത്. ഓഖി കടല്‍ദുരന്തത്തില്‍ അടിമലത്തുറ ഇടവകയ്ക്ക് 14 മക്കളെയാണ് നഷ്ടമായത്. 20 പേരെ ദിവസങ്ങള്‍ക്കും ആഴ്ചകള്‍ക്കും ശേഷമാണ് തിരികെ കിട്ടിയത്.

അസിസ്റ്റന്റ് വികാരി ഫാ. തദേവൂസ് അരുളപ്പന്‍, പ്രതിനിധികളായ തിയോഡോഷ്യസ്, ജെറാള്‍ഡ്, ചാള്‍സ് എന്നിവര്‍ ഇത്തിത്താനം ഇടവകയിലെ കുടുംബങ്ങള്‍ സംരക്ഷിച്ചുവരുന്ന കുട്ടനാടന്‍ മക്കള്‍ക്ക് ഈ സാധനങ്ങള്‍ നേരിട്ടു നല്‍കി. ഓഖി ദുരന്തമുണ്ടായപ്പോള്‍ ആദ്യം സഹായവുമായി പാഞ്ഞെത്തി ആശ്വാസം പകര്‍ന്നത് ചങ്ങനാശേരി അതിരൂപതയായിരിന്നു. ഇതിനുള്ള ഒരു നന്ദി പ്രകടനം കൂടിയായിരിന്നു അടിമലത്തുറയുടെ കാരുണ്യഹസ്തം. 1950 മത്സ്യത്തൊഴിലാളി കുടുംബങ്ങളാണ് അടിമലത്തുറ ഇടവകയിലുള്ളതെന്നും എല്ലാ കുടുംബങ്ങളും കുട്ടനാട് സഹായസംരഭത്തില്‍ പങ്കാളികളായെന്നും ഫാ. തിയോഡോഷ്യസ് പറഞ്ഞു.


Related Articles »