News - 2024
“വിശ്വാസത്തിന്റെയും, പ്രതീക്ഷയുടെയും വിജയം”: യുദ്ധത്തില്‍ തകര്‍ന്ന ആലപ്പോ കത്തീഡ്രല്‍ പുനര്‍സമര്‍പ്പണം നടത്തി
സ്വന്തം ലേഖകന്‍ 12-09-2018 - Wednesday
ആലപ്പോ: ആഭ്യന്തര യുദ്ധം മൂലം ഛിന്നഭിന്നമായ സിറിയന്‍ നഗരമായ ആലപ്പോയിലെ ‘ഔര്‍ ലേഡി ഓഫ് ദി അസംപ്ഷന്‍’ സിറിയക് കത്തോലിക്ക കത്തീഡ്രൽ പുനരുദ്ധാരണത്തിന് ശേഷം പുനര്‍സമര്‍പ്പണം നടത്തി. മാതാവിന്റെ പിറവി തിരുനാളിനോട് അനുബന്ധിച്ചു സെപ്റ്റംബര്‍ 9-ന് നടന്ന സമര്‍പ്പണ ചടങ്ങുകള്‍ക്ക് പാത്രിയാര്‍ക്കീസ് ഇഗ്നേസ് ജോസഫ് III യൗനാനാണ് നേതൃത്വം നല്‍കിയത്. ആലപ്പോയിലെ തെരുവുകളിലൂടെ പാത്രിയാര്‍ക്കീസിന്റെ നേതൃത്വത്തില്‍ പ്രദിക്ഷിണമായിട്ടായിരുന്നു വിശ്വാസികള്‍ ദേവാലയത്തിലെത്തിയത്. പ്രദിക്ഷിണം ദേവാലയത്തിലെത്തിയ ശേഷം പ്രധാന കവാടത്തില്‍ കെട്ടിയിരുന്ന വെള്ള റിബ്ബണ്‍ മുറിച്ചുകൊണ്ടാണ് ദേവാലയത്തിന്റെ ഉദ്ഘാടനം നടത്തിയത്.
2017-ല്‍ താന്‍ ആലപ്പോ സന്ദര്‍ശിച്ചപ്പോള്‍ കേടുപാടുകള്‍ പറ്റിയ ദേവാലയത്തില്‍ വിശ്വാസികള്‍ കുടചൂടിനിന്നുകൊണ്ട് വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്ത കാര്യം പാത്രിയാര്‍ക്കീസ് തന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചു. “ജീവന്റെ ഇച്ഛാശക്തി മരണത്തെ അതിജീവിച്ചു; പ്രതീക്ഷയും സുരക്ഷിതത്വവും നിരാശയേയും, കഷ്ടതകളേയും അതിജീവിച്ചു” എന്നാണ് ആലപ്പോയിലെ ക്രിസ്ത്യാനികളുടെ അതിജീവനത്തെ പാത്രിയാര്‍ക്കീസ് വിശേഷിപ്പിച്ചത്. വിശുദ്ധ കുര്‍ബാനക്കിടയില്‍ 4 പേരെ പാത്രിയാര്‍ക്കീസ് ശെമ്മാശന്‍മാരായി നിയമിക്കുകയും ചെയ്തു.
1970-ല്‍ പണികഴിപ്പിച്ച ‘ഔര്‍ ലേഡി ഓഫ് ദി അസ്സംപ്ഷന്‍’ കത്തീഡ്രലിന് സിറിയന്‍ സര്‍ക്കാര്‍ സൈന്യവും വിമതരും തമ്മിലുള്ള പോരാട്ടത്തെ തുടര്‍ന്നാണ് കേടുപാടുകള്‍ പറ്റുന്നത്. പള്ളിയുടെ പുനരുദ്ധാരണത്തിനായി സംഭാവനകള്‍ നല്‍കിയ അഭ്യുദയകാംക്ഷികളോടും, കത്തോലിക്കാ സംഘടനകളോടും, ഹംഗറി ഗവണ്‍മെന്റിനോടും പാത്രിയാര്‍ക്കീസ് നന്ദി അറിയിച്ചു. സിറിയയില്‍ നിന്നും പലായനം ചെയ്തവരുടെ സുരക്ഷിതമായ മടങ്ങിവരവിനായി അദ്ദേഹം പ്രാര്‍ത്ഥിക്കുകയും ചെയ്തു. പുനരുദ്ധാരണത്തിന് ശേഷം അര്‍പ്പിച്ച ആദ്യ കുര്‍ബാനയില്‍ പങ്കെടുക്കുവാന്‍ നിരവധി വിശ്വാസികളാണ് എത്തിയത്. സിറിയയിലെ വത്തിക്കാന്‍ ന്യൂണ്‍ഷ്യോ കര്‍ദ്ദിനാള്‍ മാരിയോ സെനാരി, ഇതര ക്രിസ്ത്യന്‍ സഭകളില്‍ നിന്നുള്ള മെത്രാന്‍മാര്‍, ആലപ്പോയിലെ പൊതു ഭരണാധികാരികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.