India - 2024

പുനരൈക്യ ആഘോഷങ്ങള്‍ ഒഴിവാക്കി മലങ്കര കത്തോലിക്ക സഭ

സ്വന്തം ലേഖകന്‍ 22-09-2018 - Saturday

മൂവാറ്റുപുഴ: 88 ാമത് പുനരൈക്യദിനത്തോട് അനുബന്ധിച്ച് ആഘോഷങ്ങള്‍ മാറ്റിവച്ച് പ്രയാസങ്ങള്‍ അനുഭവിക്കുന്ന ആളുകള്‍ക്ക് സഹായമായിത്തീരാന്‍ മലങ്കര കത്തോലിക്കാ സഭയ്ക്ക് സാധിച്ചുവെന്ന് സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ. കുടുംബസംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പുനരൈക്യ വാര്‍ഷികങ്ങളോടനുബന്ധിച്ച് രൂപതയുടെ നേതൃത്വത്തില്‍ പണി കഴിപ്പിച്ചു നല്‍കുന്ന 30 വീടുകളുടെ താക്കോല്‍ദാനവും കര്‍ദ്ദിനാള്‍ നിര്‍വഹിച്ചു.

പുനരൈക്യ വാര്‍ഷികാഘോഷങ്ങളും സഭാ സംഗമവും പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ റദ്ദാക്കിയെങ്കിലും രൂപതാ തലത്തിലുള്ള ആചാരങ്ങള്‍ക്ക് സഭാ തലവന്‍ ആഹ്വാനം ചെയ്തിരുന്നു. ആഘോഷമായ സമൂഹ ബലിയോടെയാണ് പുനരൈക്യ വാര്‍ഷിക ദിനത്തിന് തുടക്കമായത്. കര്‍ദ്ദിനാള്‍ മാര്‍ ക്ലീമിസ് കാതോലിക്ക ബാവ മുഖ്യ കാര്‍മികത്വം വഹിച്ചു. മൂവാറ്റുപുഴ ബിഷപ്പ് ഏബ്രഹാം മാര്‍ യൂലിയോസ്, സഹായ മെത്രാന്‍ യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ്, രൂപതയിലെ വൈദികര്‍ എന്നിവര്‍ സഹകാര്‍മികരായി. ബിഷപ്പ്ഏബ്രഹാം മാര്‍ യൂലിയോസ് വചന സന്ദേശം നല്‍കി. തുടര്‍ന്നാണ് പുനരൈക്യ വാര്‍ഷിക കുടുംബ സംഗമം ആരംഭിച്ചത്.

മാര്‍ ക്ലീമിസ് കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്തു. ബിഷപ്പ് ഏബ്രഹാം മാര്‍ യൂലിയോസ് അധ്യക്ഷത വഹിച്ചു. ബിഷപ്പ് യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ്, ഫാ. മരിയദാസ്, മോണ്‍.വര്‍ഗീസ് കുന്നുംപുറത്ത്, ഫാ. കുര്യാക്കോസ് മുളകുകൊടിയില്‍, ഫാ. ജോസ് കുറ്റികേറിയില്‍, ഫാ. തോമസ് ഞാറക്കാട്ട്, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി വി. സി. ജോര്‍ജ്കുട്ടി, എംസിഎ പ്രസിഡന്റ് ജേക്കബ് ഞാറക്കാട്ട്, എംസിവൈഎം പ്രസിഡന്റ് ബിച്ചു, എംസിവൈഎം സഭാതല പ്രസിഡന്റ് ടിനു കുര്യാക്കോസ് എന്നിവര്‍ പ്രസംഗിച്ചു.


Related Articles »