News
വിവേചനം അവസാനിപ്പിക്കണം: യുഎന്‍ ആസ്ഥാനത്ത് പാക്ക് വംശജരായ ക്രെെസ്തവരുടെ പ്രതിഷേധം
സ്വന്തം ലേഖകന്‍ 24-09-2018 - Monday
ജനീവ: പാക്കിസ്ഥാനിലെ വിവാദ മതനിന്ദാ നിയമം നിരോധിക്കണമെന്നും, ന്യൂനപക്ഷങ്ങൾക്ക് നീതിയും, സമത്വവും ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് ജനീവയിലെ ഐക്യരാഷ്ട്ര സഭ ആസ്ഥാനത്തിന് മുൻപിൽ യൂറോപ്പില്‍ താമസിക്കുന്ന പാക്ക് വംശജരായ ക്രെെസ്തവരുടെ പ്രതിഷേധം. മനുഷ്യാവകാശങ്ങൾക്കായി സ്വിറ്റ്സർലന്റിലെ ജനീവയിൽ പ്രവർത്തിക്കുന്ന പാലെസ് വിൽസൺ എന്ന പേരിൽ അറിയപ്പെടുന്ന യുഎൻ ഒാഫീസിനു മുൻപിലാണ് പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിക്കപ്പെട്ടത്. പാക്കിസ്ഥാനിലെ ക്രൈസ്തവരെ രക്ഷിക്കണമെന്നും, വിശ്വാസികള്‍ക്കെതിരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ അവസാനിപ്പിക്കണമെന്നും, രാജ്യത്തെ മതനിന്ദാ നിയമം നിരോധിക്കണമെന്നാവശ്യപ്പെടുന്ന ബാനറുകളുമായാണ് പ്രതിഷേധക്കാർ എത്തിയത്.
മതനിന്ദാ നിയമം ചുമത്തി പാക്കിസ്ഥാൻ സർക്കാർ അറസ്റ്റ് ചെയ്ത് വർഷങ്ങളായി തടവിൽ പാർപ്പിച്ചിരിക്കുന്ന ആസിയാ ബീബി എന്ന ക്രെെസ്തവ വനിതയെ മോചിപ്പിക്കണമെന്നാവശ്യപെടുന്ന മുദ്രാവാക്യങ്ങളും പ്രതിഷേധക്കാർ മുഴക്കി. ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ സമിതിയുടെ മുപ്പത്തിഒൻപതാമത് സമ്മേളനം നടക്കുന്ന സമയത്താണ് ഇങ്ങനെ ഒരു പ്രതിഷേധം സംഘടിപ്പിക്കപ്പെട്ടതെന്നതു ശ്രദ്ധേയമാണ്. രാജ്യത്തെ സാഹചര്യങ്ങള്‍ കൂടുതൽ വഷളാകുകയാണെന്നും ദിനംപ്രതി പല വിധത്തിൽ ക്രെെസ്തവർക്കു പീഡനമേൽക്കുന്നുണ്ടെന്നും മാര്‍ച്ചിന് നേതൃത്വം നൽകിയ ഇന്‍റര്‍നാഷണൽ ക്രിസ്റ്റ്യൻ കൗൺസിൽ അധ്യക്ഷനായ അഡ്വ. കാമർ ഷാംസ് പറഞ്ഞു.
ക്രെെസ്തവർ രണ്ടാംകിട പൗരന്മാരെ പോലെയാണ് ജീവിക്കുന്നതെന്നും, സർക്കാർ ജോലിയിൽ പോലും വലിയ വിവേചനം നേരിടുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇതിനിടെ യൂറോപ്യൻ പാർലമെന്റ് അംഗങ്ങൾ ന്യൂനപക്ഷങ്ങൾക്ക് സമത്വം ഉറപ്പാക്കണമെന്നു പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മതനിന്ദ നിയമം ഉപയോഗിച്ചു വ്യാജ ആരോപണങ്ങളിലൂടെ ക്രൈസ്തവ ന്യൂനപക്ഷങ്ങളെ പ്രതികളാക്കുന്നതും ആൾക്കുട്ട കൊലപാതകങ്ങൾക്കു ഇരയാക്കുന്നതും പാക്കിസ്ഥാനിൽ പതിവാണ്. ഇതിനെതിരെ ആഗോള തലത്തില്‍ പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും പാക്കിസ്ഥാന്‍ മൌനം തുടരുകയാണ്.