India - 2024

കുറ്റാരോപിതരെ മാധ്യമ വിചാരണകളിലൂടെ കുറ്റവാളികളായി മുദ്രകുത്തുന്നതു നീതികരിക്കാനാകില്ല

സ്വന്തം ലേഖകന്‍ 29-09-2018 - Saturday

ചങ്ങനാശേരി: കുറ്റാരോപിതരെ മാധ്യമ വിചാരണകളിലൂടെ കുറ്റവാളികളായി മുദ്രകുത്തുന്നതു നീതികരിക്കാവുന്നതല്ലെന്നും ഗൂഢലക്ഷ്യങ്ങളോടെ മാധ്യമ വിചാരണ നടത്തി പൊതുസമൂഹത്തിനു മുന്നില്‍ ക്രൈസ്തവസഭയെ അധിക്ഷേപിക്കുന്നവരെ വിശ്വാസികള്‍ ചെറുക്കണമെന്നും കത്തോലിക്കാ കോണ്‍ഗ്രസ്. കേരളം പോലൊരു സംസ്ഥാനത്ത് കൂണുപോലെ മുളച്ചുപൊങ്ങിയ ചാനലുകള്‍ക്ക് ലാഭമുണ്ടാക്കാന്‍ വാര്‍ത്തകളുടെ സത്യാവസ്ഥ മറച്ചുവയ്ക്കുന്നത് അനഭിലഷണീയമാണെന്നും ചങ്ങനാശ്ശേരി അതിരൂപതയിലെ കത്തോലിക്കാ കോണ്‍ഗ്രസ് കൂട്ടിച്ചേര്‍ത്തു.

കുറ്റാരോപിതരെ മാധ്യമ വിചാരണകളിലൂടെ കുറ്റവാളികളായി മുദ്രകുത്തുന്നതു നീതികരിക്കാവുന്നതല്ല. നീതിന്യായ വ്യവസ്ഥിതിയിലെ മര്യാദകള്‍ ലംഘിച്ച് കുറ്റാരോപിതര്‍ക്കെതിരേ കൃത്രിമ തെളിവുകള്‍ സൃഷ്ടിക്കുന്നതിനു കാലം മാപ്പ് തരില്ല. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ സമുദായത്തെയും നേതാക്കളെയും കരിവാരിത്തേക്കുന്ന സമീപനം മാധ്യമങ്ങള്‍ ഉപേക്ഷിക്കണമെന്നും കത്തോലിക്കാ കോണ്‍ഗ്രസ് അതിരൂപത സമിതി ആവശ്യപ്പെട്ടു.

അതിരൂപത പ്രസിഡന്റ് വര്‍ഗീസ് ആന്റണി അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡയറക്ടര്‍ ഫാ. ജോസ് മുകളേല്‍, രാജേഷ് ജോണ്‍, ജോയി പാറപ്പുറം, സൈബി അക്കര, ജോസ് വെങ്ങാന്തറ, ജോര്‍ജുകുട്ടി മുക്കത്ത്, ബാബു വള്ളപ്പുര, ജാന്‍സന്‍ ജോസഫ്, പി.പി. ജോസഫ്, ആനീസ് ജോര്‍ജ്, അച്ചാമ്മ യോഹന്നാന്‍, ബിജു സെബാസ്റ്റ്യന്‍, ടോണി കോയിത്തറ, സി.ടി. തോമസ്, സിബി മൂലംകുന്നം, മോഡി തോമസ്, ടോമിച്ചന്‍ മേത്തശ്ശേരി എന്നിവര്‍ പ്രസംഗിച്ചു.


Related Articles »