News - 2024

അഞ്ഞൂറു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആദ്യ ബലിയര്‍പ്പണം; ഇന്ന് ലോകത്തെ ഏറ്റവും വലിയ കത്തോലിക്ക ഭൂരിപക്ഷ രാജ്യം

പ്രവാചകശബ്ദം 29-04-2024 - Monday

സാവോപോളോ: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ബ്രസീലിലെ ആദ്യ വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിന് അഞ്ഞൂറു വര്‍ഷങ്ങള്‍ക്ക് ശേഷം രാജ്യത്തെ കത്തോലിക്ക വിശ്വാസികളുടെ എണ്ണം ശ്രദ്ധ നേടുന്നു. കേവലം അഞ്ഞൂറു വര്‍ഷങ്ങള്‍ക്ക് ശേഷം ലോകത്തെ ഏറ്റവും വലിയ കത്തോലിക്ക ഭൂരിപക്ഷ രാജ്യം എന്ന ഖ്യാതി ബ്രസീലിനാണ് സ്വന്തമായിരിക്കുന്നത്. 1500 ഏപ്രില്‍ 26നായിരിന്നു ബ്രസീലിലെ ആദ്യ ബലിയര്‍പ്പണം. 180 ദശലക്ഷത്തിലധികം വിശ്വാസികളുള്ള, ലോകത്ത് ഏറ്റവും കൂടുതൽ കത്തോലിക്കരുള്ള രാജ്യമാണ് ഇന്നു ബ്രസീല്‍.

1500 ഏപ്രിൽ 26-ന് ബാഹിയ സംസ്ഥാനത്തെ സാന്താക്രൂസ് കബ്രാലിയ പട്ടണത്തിലെ കൊറോവ വെർമേല ബീച്ചിൽ മറ്റ് വൈദികരോടൊപ്പം ബ്രസീലിലെ ആദ്യത്തെ ദിവ്യബലിക്ക് ജെസ്യൂട്ട് മിഷ്ണറിയായ ഹെൻറിക് ഡി കോയിംബ്രയാണ് കാര്‍മ്മികത്വം വഹിച്ചത്. വിശുദ്ധ കുർബാന ആഘോഷപൂര്‍വ്വമാണ് നടത്തിയതെന്നും എല്ലാവരും ഭയഭക്തിയോടെ പങ്കെടുത്തുവെന്നും സൂചിപ്പിച്ചു പോർച്ചുഗീസ് പര്യവേക്ഷകനും എഴുത്തുകാരനുമായ പെറോ വാസ് ഡി കാമിൻഹ, ഡോൺ മാനുവൽ രാജാവിന് അയച്ച കത്ത് ഇതിന്റെ ചരിത്ര തെളിവാണ്.

1861 ൽ ലിമയിലെ കലാകാരൻ വിക്ടർ മെയറെല്ലസ് "ബ്രസീലിലെ ആദ്യത്തെ കുർബാന" എന്ന പേരില്‍ വരച്ച ചിത്രം ഏറെ ശ്രദ്ധ നേടിയിരിന്നു. 2022-ലെ കണക്കുകള്‍ പ്രകാരം ബ്രസീലിലെ ആകെ ജനസംഖ്യയുടെ എഴുപതു ശതമാനത്തോളം ആളുകളും കത്തോലിക്ക വിശ്വാസമാണ് പിന്തുടരുന്നത്. 44 അതിരൂപതകളും 216 രൂപതകളും ഉള്‍പ്പെടുന്നതാണ് ബ്രസീലിലെ കത്തോലിക്ക സഭ. കണക്കുകള്‍ പ്രകാരം കത്തോലിക്കര്‍ ഏറ്റവും അധികമുള്ള രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്ത് മെക്സിക്കോയും മൂന്നാം സ്ഥാനത്ത് ഫിലിപ്പീന്‍സുമാണ്.


Related Articles »