News - 2024

ക്രിസ്ത്യന്‍ സമൂഹം നല്‍കിയ സംഭാവനകള്‍ക്ക് നന്ദി പറയുവാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി

സ്വന്തം ലേഖകന്‍ 30-09-2018 - Sunday

ലണ്ടന്‍: ബ്രിട്ടനിലെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഈ വര്‍ഷത്തെ ത്രിദ്വിന വാര്‍ഷിക കോണ്‍ഫറന്‍സിനോട് അനുബന്ധിച്ച് നടക്കുന്ന വാര്‍ഷിക ദേവാലയ ശുശ്രൂഷയില്‍ ക്രിസ്ത്യന്‍ സമൂഹം നല്‍കിയ സംഭാവനകള്‍ക്ക് നന്ദി പറയുവാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ ഒരുങ്ങുന്നതായി വിവിധ റിപ്പോര്‍ട്ടുകള്‍. ബര്‍മിംഹാമിലെ ഗാസ് സ്ട്രീറ്റില്‍ വെച്ചായിരിക്കും വാര്‍ഷിക ശുശ്രൂഷ നടക്കുക. പ്രാദേശിക ദേവാലയങ്ങളും ക്രിസ്ത്യന്‍ സംഘടനകളും വഴി രാജ്യത്തിനു വേണ്ടി പ്രവര്‍ത്തിച്ചവര്‍ക്കെല്ലാം പ്രധാനമന്ത്രി നന്ദി പറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

തങ്ങളുടെ ക്രിസ്തീയ വിശ്വാസത്തില്‍ പ്രചോദിതരായ ആയിരക്കണക്കിന് ക്രൈസ്തവരും, ക്രൈസ്തവ സംഘടനകളുമാണ് യുകെയില്‍ തങ്ങളുടെ സമൂഹത്തിന്റെ ഉന്നമനത്തിനും, പാവപ്പെട്ടവര്‍ക്കും, രോഗികള്‍ക്കും, അനാഥര്‍ക്കുമിടയില്‍ പ്രവര്‍ത്തിച്ചു വരുന്നത്. അനാഥരും, ദരിദ്രരുമായ കുട്ടികളുടെ ദത്തെടുക്കലിനും, ഉന്നമനത്തിനും വേണ്ടി സഭയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ‘ഹോം ഫോര്‍ ഗുഡ്’ എന്ന ക്രിസ്ത്യന്‍ സംഘടന ഇത്തരത്തില്‍ പെട്ട ഒരു സംഘടനയാണ്. സംഘടനയെ പ്രധാനമന്ത്രി പ്രത്യേകം സ്മരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

2016 മാര്‍ച്ചിനും 2017 മാര്‍ച്ചിനുമിടയില്‍ തങ്ങളുടെ അഭയകേന്ദ്രങ്ങളില്‍ എത്തിപ്പെട്ട അനാഥ കുട്ടികളുടെ എണ്ണം 72,000ത്തിലധികമാണെന്നാണ് ‘ഹോം ഫോര്‍ ഗുഡ്’ പറയുന്നത്. ഇക്കാലയളവില്‍ ഉണ്ടായിരിക്കുന്നത് 3% വര്‍ദ്ധനവാണ്.