News - 2024
ആയിരം ഭാഷകളിലേക്ക് ബൈബിൾ തർജ്ജമ പൂർത്തിയാക്കി ‘വൈക്ലിഫ് അസോസിയേറ്റ്സ്’
സ്വന്തം ലേഖകന്‍ 01-10-2018 - Monday
ഖാർറ്റോം: ലോകത്തെ വിവിധ ഭാഷകളിലേക്ക് ബൈബിൾ തര്‍ജ്ജമ ചെയ്യുന്നതില്‍ ശ്രദ്ധേയമായ മുന്നേറ്റം നടത്തികൊണ്ടിരിക്കുന്ന അന്താരാഷ്ട്ര സന്നദ്ധ സംഘടനയായ ‘വൈക്ലിഫ് അസോസിയേറ്റ്സ്’ തങ്ങളുടെ ആയിരാമത് സമ്പൂര്‍ണ്ണ ബൈബിള്‍ തര്‍ജ്ജമ പൂര്‍ത്തിയാക്കി. കോംഗോയിലും, തെക്കന്‍ സുഡാനിലും പ്രചാരത്തിലിരിക്കുന്ന മധ്യ സുഡാനി ഭാഷയായ ‘കെലികോ’യിലാണ് സംഘടന തങ്ങളുടെ ആയിരാമത് തര്‍ജ്ജമ പൂര്‍ത്തിയാക്കിയത്. ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് ചരിത്രപരമായ നേട്ടം ഇവർ കരസ്ഥമാക്കിയത്.
ലോകത്തെ ഏറ്റവും വലിയ ബൈബിള്‍ തര്‍ജ്ജമാ സംഘടനയാണ് ‘വൈക്ലിഫ് അസ്സോസിയേറ്റ്സ്. 2001-ലാണ് സംഘടന തങ്ങളുടെ അഞ്ഞൂറാമത്തെ തര്‍ജ്ജമ പൂര്‍ത്തിയാക്കിയതെന്ന് മുഖ്യ ഓപ്പറേഷന്‍സ് ഒഫീസറായ റുസ് ഹെര്‍സ്മാന്‍ പറഞ്ഞു. ആദ്യ അഞ്ഞൂറ് ഭാഷകൾ പൂര്‍ത്തിയാക്കുവാന്‍ 50 വര്‍ഷമെടുത്തുവെങ്കിലും, പിന്നീടുള്ള 500 വെറും 17 വര്‍ഷങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'വിഷന്‍ 2025’ എന്ന പേരില്‍ ലോകത്ത് നിലവിലുള്ള മറ്റെല്ലാ ഭാഷകളിലും ബൈബിള്‍ തര്‍ജ്ജമ ചെയ്യുവാനുള്ള പദ്ധതിയിലാണ് സംഘടന.
ഏതാണ്ട് 2,500 ഓളം ഭാഷകളിലെ തര്‍ജ്ജമകള്‍ ഇപ്പോള്‍ നടന്നുവരികയാണ്. എങ്കിലും ഏതാണ്ട് 1,600 ഓളം ഭാഷകള്‍ക്ക് വ്യക്തമായൊരു ലിപി ഇല്ലാത്തതാണ് പ്രധാന വെല്ലുവിളി. സൗത്ത് പസഫിക് ദ്വീപുകളിലെ ഭാഷാസമൂഹത്തിനാണ് യാതൊരു ലിപിയും ഇല്ലാത്തത്. അവിടെ ഏതാണ്ട് 1,300-ഓളം ഭാഷകള്‍ പ്രചാരത്തിലുണ്ട്. പാപ്പുവ ന്യു ഗിനിയയില്‍ മാത്രം 800 ഭാഷകളാണ് ഉള്ളത്. ഇത്തരം മേഖലകളില്‍ എത്തിപ്പെടാനുള്ള ബുദ്ധിമുട്ടും, ഭാഷകള്‍ക്ക് കൃത്യമായ അക്ഷരമാല ഇല്ലാത്തതുമാണ് ഏറ്റവും വലിയ കടമ്പയെന്നാണ് സംഘടന പറയുന്നത്.
സൗഹൃദപരമല്ലാത്ത സര്‍ക്കാരുകളും, ബൈബിളിനെ അംഗീകരിക്കാത്ത മറ്റ് മതങ്ങളും ‘വിഷന്‍ 2025’-ന് വെല്ലുവിളിയുയര്‍ത്തുന്നു. ആഭ്യന്തരകലഹങ്ങളാലും, തീവ്രവാദി ആക്രമണങ്ങളാലും, വംശീയ ലഹളകളാലും ജീവിതം താറുമാറായ തെക്കന്‍ സുഡാനില്‍ ‘കെലികോ’ ഭാഷയിലെ ബൈബിള്‍ തര്‍ജ്ജമ പുറത്തിറക്കാന്‍ കഴിഞ്ഞത് ‘വൈക്ലിഫ് അസ്സോസിയേറ്റ്സിന്റെ നിർണ്ണായക നേട്ടമായാണ് ചൂണ്ടിക്കാട്ടുന്നത്.