News - 2024

ഇറാഖില്‍ ഐ‌എസ് പതനത്തിന് ശേഷം പകുതിയോളം ക്രെെസ്തവർ മടങ്ങിയെത്തി

സ്വന്തം ലേഖകന്‍ 04-10-2018 - Thursday

ബാഗ്ദാദ്: ഇറാഖില്‍ ഇസ്ലാമിക്ക് സ്റ്റേറ്റ്സ് തീവ്രവാദ സംഘടനയുടെ പതനത്തോടെ പലായനം ചെയ്ത നാൽപതിനായിരത്തോളം വരുന്ന ക്രെെസ്തവർ സ്വന്തം വീടുകളിലേയ്ക്ക് മടങ്ങിയെന്ന് രാജ്യത്തെ മാർപാപ്പയുടെ അപ്പസ്തോലിക പ്രതിനിധിയായ മോൺസീഞ്ഞോർ ആൽബേർട്ടോ ഒർട്ടേഗാ. സ്വന്തം നാട്ടിലേക്കു മടങ്ങിയെത്തിയെങ്കിലും കഠിനമായ അവസ്ഥയിലൂടെയാണ് അവർ കടന്നു പോകുന്നതെന്നും റോം റിപ്പോർട്ട് എന്ന മാധ്യമത്തിനു നൽകിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. ഇസ്ലാമിക തീവ്രവാദികളുടെ നിയന്ത്രണത്തിലായിരുന്ന പ്രദേശങ്ങളിൽ നിന്നും നിനവേ താഴ്വരയിലേക്ക് പ്രാണരക്ഷാര്‍ത്ഥം പലായനം ചെയ്ത ക്രെെസ്തവ വിശ്വാസികളാണ് ഇപ്പോൾ മടങ്ങി എത്തിയിരിക്കുന്നത്.

സ്വന്തം നാട്ടിലേക്കു തിരികെ വന്ന ക്രെെസ്തവർ യോജിപ്പിന്റെയും, ക്ഷമയുടെയും വലിയ മാതൃകകളാണ്. തങ്ങളെ പീഡിപ്പിച്ചവർക്കു വേണ്ടി പോലും പ്രാർത്ഥിക്കുന്ന ക്രെെസ്തവ വിശ്വാസികൾ മുസ്ലിം മത വിശ്വാസികളെയും വിസ്മയിപ്പിച്ചു. ഇറാഖിലെ ക്രെെസ്തവര്‍ക്കായി എല്ലാ ദിവസവും താൻ പ്രാർത്ഥിക്കാറുണ്ടെന്നും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രെെസ്തവർ ഇല്ലാത്ത പശ്ചിമേഷ്യ യഥാർത്ഥ പശ്ചിമേഷ്യ അല്ലായിരിക്കുമെന്നും അതിനാൽ ക്രെെസ്തവർ തങ്ങളുടെ മാതൃ രാജ്യത്ത് തന്നെ ജീവിക്കണമെന്നുമുളള ഫ്രാൻസിസ് മാർപാപ്പയുടെ സന്ദേശവുമായിട്ടാണ് ഇപ്പോൾ റോമിലുള്ള മോൺസീഞ്ഞോർ ആൽബേർട്ടോ ഒർട്ടേഗാ ഇറാഖിലേക്കു മടങ്ങുന്നത്.


Related Articles »