News - 2024

ചരിത്രപരമായ ക്ഷണം; ഉത്തര കൊറിയയിലേക്ക് മാർപാപ്പയെ ക്ഷണിച്ച് കിം ജോങ് ഉൻ

സ്വന്തം ലേഖകന്‍ 09-10-2018 - Tuesday

സിയോള്‍: ലോകത്ത് ഏറ്റവും അധികം ക്രൈസ്തവ പീഡനം നടക്കുന്ന ഉത്തര കൊറിയയിലേക്ക് ഫ്രാൻസിസ് മാർപാപ്പയെ ക്ഷണിച്ച് ഏകാധിപതി കിം ജോങ് ഉന്‍. കൊറിയൻ മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ പാപ്പയുടെ സഹായം അഭ്യർത്ഥിച്ച് അടുത്ത ആഴ്ച ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെ ഇൻ വത്തിക്കാൻ സന്ദർശിക്കുമ്പോൾ അദ്ദേഹം കിം ജോങ് ഉന്നിന്റെ ക്ഷണം പാപ്പയെ അറിയിക്കും. ദക്ഷിണ കൊറിയൻ പ്രസിഡന്റിന്റെ വക്താവായ കിം യൂയി കിയോംയാണ് കത്തോലിക്ക വിശ്വാസിയായ മൂൺ ജെയുടെ രണ്ടു ദിവസത്തെ വത്തിക്കാൻ സന്ദർശനത്തിനെ കുറിച്ചും, കിം ജോങ് ഉന്നിന്റെ ക്ഷണത്തെ പറ്റിയും ഉള്ള വിവരങ്ങൾ പുറത്തു വിട്ടത്.

ഫ്രാൻസിസ് മാർപാപ്പ ഉത്തര കൊറിയ സന്ദർശിക്കുകയാണെങ്കിൽ തങ്ങൾ മാർപാപ്പയ്ക്ക് ആവേശമുണര്‍ത്തുന്ന സ്വീകരണം നൽകുമെന്ന് കിം ജോങ് ഉൻ, ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെയോട് പറഞ്ഞതായി കിം യൂയി കിയോം പറഞ്ഞു. വിഷയത്തില്‍ വത്തിക്കാന്റെ പ്രതികരണം വന്നിട്ടില്ലായെങ്കിലും പാപ്പയുടെ ഉത്തര കൊറിയൻ സന്ദർശനത്തിനു സാധ്യത വിരളമാണെന്നാണ് സൂചന. ക്രെെസ്തവ വിശ്വാസികൾ വലിയ മത പീഡനം നേരിടുന്ന ഉത്തര കൊറിയയിൽ ഇതുവരെ ഒരു മാർപാപ്പയും സന്ദർശനം നടത്തിയിട്ടില്ല. ഇതിനു മുൻപും അന്താരാഷ്ട്ര തലത്തിൽ തങ്ങളുടെ പ്രതിച്ഛായ മെച്ചപ്പെടുത്താൻ മാർപാപ്പമാരെ രാജ്യത്തു കൊണ്ടുവരാൻ ഉത്തര കൊറിയ ശ്രമിച്ചെങ്കിലും പലവിധ കാരണങ്ങളാൽ അതൊന്നും ഫലപ്രാപ്തിയിൽ എത്തിയില്ല.


Related Articles »