News - 2024

പീഡനക്കേസുകളെ ശക്തമായി നേരിടുവാന്‍ ഫ്രഞ്ച് സഭ

സ്വന്തം ലേഖകന്‍ 03-11-2018 - Saturday

പാരീസ്: അജപാലകരുമായി ബന്ധപ്പെട്ട കുട്ടികളുടെ ലൈംഗീക പീഡനക്കേസുകളെ ശക്തമായി നേരിടുവാന്‍ ഫ്രഞ്ച് സഭയുടെ തീരുമാനം. വിഷയത്തില്‍ സഭ വിട്ടുവിഴ്ച പ്രകടമാക്കില്ലെന്ന് ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റും, പ്യൂ-യെന്‍ രൂപതയുടെ മെത്രാനുമായ ബിഷപ്പ് ലൂക്ക് ക്രേപി പ്രസ്താവിച്ചു. നവംബര്‍ 2 മുതല്‍ 3 വരെ തിയതികളില്‍ ഫ്രാന്‍സിലെ ലൂര്‍ദ്ദില്‍ സംഗമിക്കുന്ന ദേശീയ മെത്രാന്‍ സമിതിയുടെ സംഗമത്തിന് ആമുഖമായി ഇന്നലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ബിഷപ്പ് ക്രേപി സഭയുടെ നിലപാടു വ്യക്തമാക്കിയത്.

വ്യക്തികളില്‍ നിന്നും പീഡനക്കേസുകളുടെ പരാതി നേരിട്ടു ലഭിച്ചാല്‍ കാനോനിക നിയമപ്രകാരം ഉടന്‍തന്നെ വൈദികനെ ഭാഗികമായോ മുഴുവനായോ, അല്ലെങ്കില്‍ പരാതിയുടെ ഗൗരവം കണക്കിലെടുത്ത് ഉടനെ തന്നെ അജപാലന ശുശ്രൂഷയില്‍നിന്നും മാറ്റിനിറുത്തുന്നതാണെന്ന്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗൗരവകരമായ പരാതികള്‍ക്ക് പൗരോഹിത്യ ശുശ്രൂഷയില്‍നിന്നും വൈദികരെ പൂര്‍ണ്ണമായും വിലക്കാനുള്ള കാനോനിക നടപടി ക്രമങ്ങള്‍ സ്വീകരിക്കുമെന്നും ബിഷപ്പ് ക്രേപി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. വൈദികര്‍ക്കും സെമിനാരി വിദ്യാര്‍ത്ഥികള്‍ക്കുമായി മനഃശാസ്ത്രപരമായി അവബോധം നല്കുന്നതിനും, പക്വതയാര്‍ജ്ജിക്കുന്നതിനും സഹായകമാകുന്ന ക്ലാസ്സുകളും സെമിനാറുകളും ഒരു വര്‍ഷത്തിന്‍റെ വിവിധ ഘട്ടങ്ങളില്‍ സംഘടിപ്പിക്കുന്നതാണെന്നും ബിഷപ്പ് ക്രേപി അറിയിച്ചു.


Related Articles »