News - 2024

പതറാതെ കോപ്റ്റിക് സഭ: ശുശ്രൂഷകള്‍ അവസാനിപ്പിക്കില്ലായെന്ന് സഭാ നേതൃത്വം

സ്വന്തം ലേഖകന്‍ 07-11-2018 - Wednesday

കെയ്റോ: ഈജിപ്തില്‍ കോപ്റ്റിക്ക് ക്രെെസ്തവർക്കു നേരെയുണ്ടായ ആക്രമണത്തില്‍ പതറാതെ കോപ്റ്റിക് സഭ. വിശ്വാസികൾ കൊല്ലപ്പെട്ടതിലുളള അനുശോചന സൂചനയായോ ആക്രമണത്തെ അപലപിക്കുന്നതിന്റെ ഭാഗമായോ നവംബർ മാസത്തിലെ തിരുകർമ്മങ്ങൾക്ക് യാതൊരു മാറ്റവും വരുത്തുകയില്ലായെന്ന് കോപ്റ്റിക് സഭ വ്യക്തമാക്കി. മറിച്ച് തങ്ങൾക്ക് ലഭിച്ച അപ്പസ്തോലിക ദൗത്യം അനുസരിച്ച് രക്തസാക്ഷികളെ വിജയം വരിച്ചവരായി ആഘോഷിക്കുകയാണ് ചെയ്യേണ്ടതെന്ന തീരുമാനത്തിലാണ് സഭയെന്ന് ഈജിപ്ഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

തീവ്രവാദി ആക്രമണത്തിൽ ഏഴ് ക്രെെസ്തവർ കൊല്ലപ്പെട്ടതിനു ശേഷം ഏതാനും കോപ്റ്റിക് വിശ്വാസികൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ നവംബർ മാസത്തിലെ തിരുകർമ്മങ്ങൾ വേണ്ടന്നു വയ്ക്കാനുള്ള ക്യാംപെയിൻ നടത്തിയിരുന്നു. ഇതിനു മറുപടിയെന്നോണമാണ് ക്രൈസ്തവ വിശ്വാസത്തിനു വേണ്ടി രക്തസാക്ഷിത്വം വരിച്ചവരുടെ മരണം കൃതജ്ഞതയോട് ആഘോഷിക്കുകയാണ് ചെയ്യേണ്ടതെന്ന് കോപ്റ്റിക് സഭ വ്യക്തമാക്കിയത്. നവംബർ മൂന്നാം തീയതി ഈജിപ്തിലെ മിന്യ നഗരത്തിൽ നടന്ന രക്തസാക്ഷികളുടെ സംസ്കാര ചടങ്ങിൽ വച്ച് അവരുടെ ഭൗതികാവശിഷ്‌ടം സൂക്ഷിക്കാൻ ഒരു ദേവാലയം പണിയുമെന്ന് മിന്യായിലെ കോപ്റ്റിക് സഭയുടെ മെത്രാൻ അൻബാ മക്കാരിയൂസ് പറഞ്ഞിരുന്നു.


Related Articles »