News - 2024

ഇറാഖി ക്രെെസ്തവരുടെ ഭവനങ്ങൾ അന്യായമായി പിടിച്ചെടുക്കുന്നു

സ്വന്തം ലേഖകന്‍ 19-11-2018 - Monday

മൊസൂള്‍: ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികളിൽ നിന്നും രക്ഷ നേടാൻ പലായനം നടത്തിയ ക്രെെസ്തവ വിശ്വാസികളുടെ ഭവനങ്ങൾ പിടിച്ചെടുക്കുന്നതായി റിപ്പോര്‍ട്ട്. ഇറാഖിലെ അറബിക് മാധ്യമമായ അൽ സുമാരിയയാണ് ക്രെെസ്തവരുടെ ഭവനങ്ങൾ അന്യായമായി പിടിച്ചെടുക്കപ്പെടുന്നതായുളള വാർത്ത പുറത്തു വിട്ടത്. എണ്ണം എത്രയാണെന്ന് കൃത്യമായി പറയാൻ സാധിക്കില്ലായെങ്കിലും ഇത് ഗൗരവമേറിയ വിഷയമാണെന്ന് ബാഗ്ദാദ് അതിരൂപതയുടെ സഹായ മെത്രാൻ മോൺസീഞ്ഞോർ ശ്ളീമോൻ ഓഡിഷ് വർദുനി, അൽ സുമാരിയ മാധ്യമ വാർത്തയോട് പ്രതികരിച്ചു.

ഏതാനും നാളുകളായി ഈ അനീതി തുടരുകയാണ്. ഭവനം നഷ്ടപ്പെട്ട ക്രൈസ്തവർക്ക് അത് തിരികെ ലഭിക്കാൻ സഭ ഒരുപാട് ശ്രമങ്ങൾ നടത്തിയെന്നും ചിലത് വിജയകരമായെന്നും എന്നാൽ മറുപക്ഷത്ത് ശക്തരായവർ ഉള്ളതിനാൽ ചിലത് വിജയകരമായില്ലായെന്നും മോണ്‍സിഞ്ഞോര്‍ പറഞ്ഞു. അതേസമയം മുന്നൂറ്റിഅൻപതോളം ക്രൈസ്തവ ഭവനങ്ങള്‍ പിടിച്ചെടുത്തതായാണ് സൂചന. വ്യാജ രേഖകൾ ഉപയോഗിച്ചാണ് ക്രൈസ്തവരുടെ വസ്തുക്കൾ പലരും കെെവശം വച്ചിരിക്കുന്നത്.

അങ്ങനെയുളള ഏതാണ്ട് അൻപതോളം വസ്തുക്കളുടെ വിൽപ്പന സർക്കാർ ഇടപെട്ട് തടഞ്ഞിരുന്നു. എന്നാൽ സർക്കാർ ഈ കാര്യത്തിൽ കൂടുതൽ കടുത്ത നടപടികൾ സ്വീകരിക്കാൻ തയാറാകണമെന്നാണ് മോൺസീഞ്ഞോർ വർദുനി അടക്കമുള്ള ക്രൈസ്തവ നേതാക്കൾ പറയുന്നത്. ക്രൈസ്തവ വിശ്വാസത്തിന്റെ പിള്ളതൊട്ടിലായ ഇറാഖില്‍ നിന്നും ക്രിസ്തീയത പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ വ്യാപക ശ്രമങ്ങളാണ് നടന്നുവരുന്നത്. ഇതിനെ ശരിവെക്കുന്ന അവസാനത്തെ റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസം പുറത്തുവന്നിരിക്കുന്നത്.


Related Articles »