India - 2024

പ്രളയ ബാധിതര്‍ക്ക് രണ്ടാം ഘട്ട സഹായവുമായി ഇടുക്കി രൂപത

സ്വന്തം ലേഖകന്‍ 22-11-2018 - Thursday

ചെറുതോണി: പ്രളയ ദുരന്തത്തിൽപ്പെട്ടവർക്ക് കൈത്താങ്ങായി ഇടുക്കി രൂപതയുടെ നേതൃത്വത്തിൽ ഹൈറേഞ്ച് ഡെവലപ്പ്‌മെന്റ് സൊസൈറ്റി നടത്തുന്ന സാന്ത്വന പ്രവർത്തനങ്ങളുടെ രണ്ടാം ഘട്ടത്തിന് ആരംഭം. ദുരിതമനുഭവിക്കുന്ന ഇടുക്കി രൂപതാതിര്‍ത്തിക്കുള്ളിലെ നാനാജാതി മതസ്ഥരായ ജനങ്ങള്‍ക്കായി തയ്യല്‍ മെഷിന്‍, കോഴിക്കുഞ്ഞുങ്ങളെ നല്‍കല്‍, പെട്ടിക്കട, കിണര്‍ നിര്‍മ്മാണം, ടോയ്‌ലറ്റ് തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. കാരിത്താസ് ഇന്ത്യ ചെയര്‍മാനും അഗര്‍ത്തല രൂപതാധ്യക്ഷനുമായ ബിഷപ്പ് ഡോ.ലുമന്‍ മൊന്തേരൊയാണ് പണിക്കന്‍കൂടിയില്‍ പദ്ധതിയുടെ രണ്ടാംഘട്ടം ഉദ്ഘാടനം ചെയ്തത്. ഒരാള്‍ക്ക് മാനുഷികമൂല്യങ്ങള്‍ എപ്പോഴുണ്ടാകുന്നുവോ അപ്പോഴാണ് അയാള്‍ മനുഷ്യനാവുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഇടുക്കി രൂപത മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ അധ്യക്ഷതവഹിച്ചു. അപ്രതീക്ഷിത മഴ നമ്മുടെ സ്വപ്നങ്ങളെയെല്ലാം തകര്‍ത്തു കളഞ്ഞുവെങ്കിലും അതിനെയെല്ലാം അതിജീവിച്ച് നാമിപ്പോള്‍ മുന്നോട്ടുപോവുകയാണെന്നും അതിന് ഇന്ത്യയിലെ കത്തോലിക്കാ സഭാ മെത്രാന്‍ സമതിയുടെ നേതൃത്വത്തിലുള്ള കാരിത്താസ് ഇന്ത്യ പിന്തുണയുമായി എത്തിയിരിക്കുകയാണെന്നു മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ പറഞ്ഞു. കാരിത്താസ് ഇന്ത്യ അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജോളി പുത്തന്പുര, ഇടുക്കി രൂപത വികാരി ജനറാളമാരായ മോണ്‍. ജോസ് പ്ലാച്ചിക്കല്‍, മോണ്‍. ഏബ്രഹാം പുറയാറ്റ്, എച്ച്ഡി.എസ് ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കല്‍, പണിക്കന്‍കൂടി പള്ളി വികാരി ഫാ. ജോസഫ് കട്ടക്കയം എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തോടനുബന്ധിച്ച് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് വരുമാന ഉപാധികള്‍ വിതരണംചെയ്തു.


Related Articles »