News - 2024

പ്രോലെെഫ് സംഘടനകൾക്ക് പ്രവർത്തനാനുമതി നിഷേധിച്ച് സ്കോട്ടിഷ് സർവ്വകലാശാലകൾ

സ്വന്തം ലേഖകന്‍ 29-11-2018 - Thursday

ഗ്ളാസ്കോ: വിദ്യാർത്ഥികള്‍ക്കിടയില്‍ സജീവമായ പ്രോലെെഫ് സംഘടനകളുടെ പ്രവർത്തനാനുമതി സ്കോട്ടിഷ് സർവ്വകലാശാലകൾ നിഷേധിച്ചതായി റിപ്പോര്‍ട്ട്. സ്‌കോട്ട്‌ലന്റിലെ അബർദീൻ സർവ്വകലാശാലയും, ഗ്ളാസ്കോ സർവ്വകലാശാലയുമാണ് പ്രോലെെഫ് വിദ്യാർത്ഥി സംഘടനകൾക്ക് പ്രവർത്തിക്കാനുളള അംഗീകാരവും, വേദികളും നിഷേധിച്ചത്. നവംബർ ഇരുപത്തിയാറാം തീയതി ദി ഹെറാൾഡ് എന്ന സ്കോട്ടിഷ് മാധ്യമം റിപ്പോർട്ട് ചെയ്തതനുസരിച്ച് അബർദീൻ ലെെഫ് എത്തിക്സ് എന്ന പ്രോലെെഫ് സംഘടനയ്ക്ക് വേണ്ട പ്രവർത്തനാനുമതി അബർദീൻ സർവ്വകലാശാലയിലെ വിദ്യാർത്ഥി സംഘടന ഇടപെട്ടാണ് തടസ്സപ്പെടുത്തിയത്.

ഇതിന് ഒരാഴ്ച മുൻപ് ഗ്ളാസ്കോ സ്റ്റുഡന്റ്സ് ഫോർ ലെെഫ് എന്ന പ്രോലെെഫ് സംഘടനയ്ക്കും ഇപ്രകാരമുള്ള എതിർപ്പ് ഗ്ളാസ്കോ സർവ്വകലാശാലയിലെ വിദ്യാർത്ഥി സംഘടനയിൽ നിന്നും നേരിടേണ്ടി വന്നിരുന്നു. അതേസമയം യൂറോപ്യൻ യൂണിയനും, ബ്രിട്ടണും ഉയർത്തി പിടിക്കുന്ന ആശയ പ്രചരണത്തിനുളള അവകാശത്തിനു വിരുദ്ധമാണ് പ്രോലെെഫ് സംഘടനകൾക്ക് നേരിടേണ്ടി വരുന്ന അടിച്ചമർത്തലെന്ന് അബർദീൻ ലെെഫ് എത്തിക്സ് സംഘടന ആരോപിച്ചു. ഇതിനിടയിൽ ബ്രിട്ടീഷ് പാര്‍ലമെന്റിലെ മനുഷ്യാവകാശ സമിതി രാജ്യത്തെ സർവ്വകലാശാലകളിൽ സ്വതന്ത്ര ആശയ പ്രചരണത്തിനു നേരിടേണ്ടി വരുന്ന പ്രതിബന്ധങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചു.


Related Articles »