News

അർക്കൻസാസ് അമേരിക്കയില്‍ ജീവന്റെ മഹത്വം ഏറ്റവും മുറുകെ പിടിക്കുന്ന പ്രോലൈഫ് സംസ്ഥാനം

പ്രവാചകശബ്ദം 30-12-2023 - Saturday

അർക്കൻസാസ്: പ്രോലൈഫ് സംഘടനയായ അമേരിക്കൻസ് യുണൈറ്റഡ് ഫോർ ലൈഫ് (AUL) -ന്റെ വാർഷിക "ലൈഫ് ലിസ്റ്റ്" പ്രകാരം രാജ്യത്തു ജീവന്റെ മഹത്വം ഏറ്റവും അധികം മാനിക്കുന്ന സംസ്ഥാനമായി അർക്കൻസാസിനെ തെരഞ്ഞെടുത്തു. ഈ പദവി തുടര്‍ച്ചയായ നാലാം വര്‍ഷവും സംസ്ഥാനം നേടുകയായിരിന്നുവെന്ന് സംഘടന പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഗർഭഛിദ്രം ഭരണഘടനാപരമായ അവകാശമാക്കിയ അര നൂറ്റാണ്ട് പഴക്കമുള്ള വിധി സുപ്രീം കോടതി തിരുത്തിയതിനു പിന്നാലെ 2023-ൽ യു.എസ് സംസ്ഥാനങ്ങൾ ജീവനുമായി ബന്ധപ്പെട്ട നയങ്ങൾ പരിഗണിക്കുന്നതിൽ വളരെ സജീവമാണെന്ന് ഗ്രൂപ്പ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു.

റോ വി വേഡിന്റെ പതനത്തിന് സംസ്ഥാന നിയമസഭകൾക്ക് അടിത്തറ പാകിയതിനും അതിനുശേഷം അവര്‍ നടത്തിയ പ്രതികരണത്തിനും നന്ദി അര്‍പ്പിക്കുന്നതായും വരും വർഷങ്ങളിൽ ലക്ഷക്കണക്കിന് നിരപരാധികളായവരുടെ ജീവൻ രക്ഷിക്കപ്പെടുമെന്നു പ്രതീക്ഷിക്കുന്നതായും അമേരിക്കൻസ് യുണൈറ്റഡ് ഫോർ ലൈഫ് പ്രസ്താവിച്ചു. AUL-ന്റെ പട്ടികയില്‍ അർക്കൻസാസ് രാജ്യത്തെ ഏറ്റവും വലിയ പ്രോലൈഫ് സംസ്ഥാനമായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നിലെ കാരണവും സംഘടന നിരത്തുന്നുണ്ട്.

നിലവില്‍ ജീവന്റെ സംരക്ഷണം നിലനിർത്തുന്ന ഇടപെടലുകള്‍ തുടരുന്നതിനോട് ഒപ്പം ഒന്‍പത് ജീവൻ സംരക്ഷിക്കുന്ന നിയമങ്ങൾ നടപ്പിലാക്കുകയും ചെയ്തതാണ് അർക്കൻസാസ് ഈ സ്ഥാനം നിലനിർത്തിയതിന് പിന്നിലെ കാരണമായി അമേരിക്കൻസ് യുണൈറ്റഡ് ഫോർ ലൈഫ് ചൂണ്ടിക്കാട്ടുന്നത്. പല സംസ്ഥാനങ്ങളിലും ഗർഭസ്ഥ ശിശുക്കൾക്കുള്ള സംരക്ഷണം വർധിപ്പിച്ചിട്ടുണ്ടെങ്കിലും, 2024-ൽ നിരവധി യു.എസ്. സംസ്ഥാനങ്ങളിൽ ഗർഭഛിദ്രം സംബന്ധിച്ച ഹിത പരിശോധന നടത്തുമെന്നാണ് സൂചന. ഗർഭഛിദ്രം നടത്താന്‍ വേണ്ടി ഫെമിനിസ്റ്റുകളും അബോർഷൻ ആക്ടിവിസ്റ്റുകളും കാര്യമായ പ്രചരണം നടത്തുന്നുണ്ട്.

അതേസമയം, ഗർഭഛിദ്രം ഭരണഘടനാപരമായ അവകാശമാക്കിയ അര നൂറ്റാണ്ട് പഴക്കമുള്ള വിധി സുപ്രീം കോടതി തിരുത്തിയ വിധിക്ക് പിന്നാലെ 2022- മുതല്‍ ഇതുവരെ നിരവധി കത്തോലിക്ക ദേവാലയങ്ങളും പ്രോലൈഫ് സ്ഥാപനങ്ങളുമാണ് ആക്രമിക്കപ്പെട്ടത്. കത്തോലിക്ക സഭ ഭ്രൂണഹത്യ എന്ന മാരക തിന്മയ്ക്കെതിരെയുള്ള സമീപനമാണ് ഭ്രൂണഹത്യ അനുകൂലികളെ ചൊടിപ്പിക്കുന്നത്.


Related Articles »