India - 2024

ശക്തമായ അല്‍മായ നേതൃത്വമാണ് സഭയുടെ കരുത്ത്: ഡോ. ആന്റണി കൊള്ളന്നൂര്‍

സ്വന്തം ലേഖകന്‍ 11-12-2018 - Tuesday

തൊടുപുഴ: വിശ്വസ്തതയോടെയുള്ള ശക്തമായ അല്‍മായ നേതൃത്വമാണ് കത്തോലിക്ക സഭയുടെ കരുത്തും പ്രതീക്ഷയുമെന്ന് സീറോ മലബാര്‍ സഭാ ചാന്‍സലര്‍ റവ. ഡോ. ആന്റണി കൊള്ളന്നൂര്‍. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി വാര്‍ഷികം എം. ഡി. ജോസഫ് മണ്ണിപ്പറന്പില്‍ നഗറില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സഭയുടെ എല്ലാ രൂപതകളിലും കത്തോലിക്ക കോണ്‍ഗ്രസ് വളര്‍ന്നു വരുന്നത് കൂട്ടായ്മയോടെ സമുദായത്തിന്റെ അവകാശങ്ങള്‍ നേടാന്‍ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

പൗരോഹിത്യത്തിന്റെ സുവര്‍ണ ജൂബിലി നിറവിലുള്ള കോതമംഗലം രൂപത വികാരി ജനറാളും, കത്തോലിക്ക കോണ്‍ഗ്രസ് ഡയറക്ടറുമായ മോണ്‍. ജോര്‍ജ് ഓലിയപ്പുറത്തിനെ സമ്മേളനത്തിലെ മുഖ്യാതിഥിയായ പി. ജെ. ജോസഫ് എം.എല്‍ എ പൊന്നാട അണിയിച്ച് ആദരിച്ചു. 50 വര്‍ഷത്തെ ഓലിയപ്പുറത്തച്ഛന്റെ നിസ്വാര്‍ഥമായ സേവനം മാതൃകാപരമാണെന്നും, വിശുദ്ധ ജീവിതത്തിന്റെ ഉടമയാണ് ജൂബിലേറിയന്‍ എന്നും പി. ജെ. ജോസഫ് പറഞ്ഞു. സമ്മേളനത്തില്‍ ആന്റണി എല്‍. തൊമ്മാന, ടോമി തുരുത്തിക്കര, ബേബി മുളവേലിപ്പുറം, സെബാസ്റ്റ്യന്‍ വടശേരി, സി. എം. മാത്യു എന്നിവരെ ആദരിച്ചു.

പ്രസിഡന്റ് ബിജു പറയന്നിലത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡയറക്ടര്‍ ഫാ. ജിയോ കടവി, ജനറല്‍ സെക്രട്ടറി ടോണി പുഞ്ചക്കുന്നേല്‍, മോണ്‍. ജോര്‍ജ് ഓലിയപ്പുറം, വി. വി. അഗസ്റ്റിന്‍, പി. ജെ. പാപ്പച്ചന്‍, ഫാ. ജിയോ തടിക്കാട്ട്, ഫാ. ജോര്‍ജ് പട്ടത്തേക്കുഴി, സ്റ്റീഫന്‍ ജോര്‍ജ്, ഡോ. ജോസുകുട്ടി ഒഴുകയില്‍, ബെന്നി ആന്റണി, സെലിന്‍ സിജോ, ബേബി പെരുമാലി, ജോണ്‍ മുണ്ടന്‍കാവില്‍, ജോര്‍ജ് കോയിക്കല്‍, റോജാ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.


Related Articles »