India - 2025
കത്തോലിക്ക കോണ്‍ഗ്രസിന്റെ നിലപാടുകള്‍ സഭയോടൊപ്പം ആണെന്നത് അഭിമാനകരം: കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി
13-03-2022 - Sunday
കൊച്ചി: സഭയിലെ ഐക്യവും കൂട്ടായ്മയും ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണെന്നും കത്തോലിക്ക കോണ്‍ഗ്രസിന്റെ നിലപാടുകള്‍ എക്കാലവും സഭയോടൊപ്പം ആണെന്നത് അഭിമാനകരമാണെന്നും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയുടെ ദ്വിദിന നേതൃത്വ പരിശീലന ക്യാമ്പ് (ഇഗ്‌നൈറ്റ് 22) പാലാരിവട്ടം പിഒസിയില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. 44 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കത്തോലിക്ക കോണ്‍ഗ്രസ്, സഭയുടെയും സമുദായത്തിന്റെയും ശക്തിയായിട്ടുണ്ട്. സമുദായത്തിന്റെ ഒട്ടനവധി പ്രതിസന്ധികള്‍ക്കു പരിഹാരം കാണാന്‍ സംഘടനയ്ക്കു സാധിക്കും. ആരാധനയിലെ ഐക്യം പ്രധാനമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ലോകത്തിലെ എല്ലാ ഭാഗത്തുമുള്ള സമുദായാംഗങ്ങളില്‍ ഇക്കാര്യത്തില്‍ ഐക്യം ഉണ്ടാകണം. ഇക്കാര്യത്തില്‍ ഇപ്പോള്‍ അന്തിമ തീരുമാനം ആയിരിക്കുകയാണ്. നിസ്വാര്‍ഥരും കര്‍മനിരതരുമായ നേതാക്കളെ രൂപപ്പെടുത്തുന്നതിനുള്ള വേദിയായി നേതൃത്വക്യാന്പ് മാറട്ടെയെന്നും കര്‍ദ്ദിനാള്‍ ആശംസിച്ചു. മന്ത്രി റോഷി അഗസ്റ്റിന്‍ മുഖ്യപ്രഭാഷണം നടത്തി. ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷത വഹിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയുടെ മുഖപത്രമായ എകെസിസി വോയ്സ്, എകെസിസി ഗ്ലോബല്‍ യൂത്ത് കൗണ്‍സില്‍ കര്‍മപദ്ധതി എന്നിവയുടെ പ്രകാശനവും മാധ്യമസംരംഭമായ യുട്യൂബ് ചാനലിന്റെ ലോഞ്ചിംഗും കര്‍ദ്ദിനാള്‍ നിര്‍വഹിച്ചു.
കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ ഓണ്‍ലൈന്‍ മെമ്പര്‍ഷിപ് പദ്ധതിയിലെ ആദ്യ അംഗത്വം, അഡ്വ. പി.ടി. ചാക്കോയ്ക്കു കൈമാറി. ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്റ്റീഫന്‍ ജോര്‍ജിനെ യോഗത്തില്‍ ആദരിച്ചു. ബിഷപ്പ് ലെഗേറ്റ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി, ഡയറക്ടര്‍ ഫാ. ജിയോ കടവി, ജനറല്‍ സെക്രട്ടറി രാജീവ് കൊച്ചുപറമ്പില്‍, ട്രഷറര്‍ ഡോ. ജോബി കാക്കശേരി, ഭാരവാഹികളായ ടെസി ബിജു, ക്യാമ്പ് കോ ഓര്‍ഡിനേറ്റര്‍മാരായ ഡോ. ജോസ്കുട്ടി ജെ. ഒഴുകയില്‍, ബെന്നി ആന്റണി തുടങ്ങിയവര്‍ പ്രസംഗിച്ചു. ക്യാമ്പ് ഇന്നു വൈകുന്നേരം സമാപിക്കും.