India - 2024

സ്‌പെഷ്യല്‍ സ്‌കൂള്‍ മേഖലയിലെ പ്രതിസന്ധി: സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് കെ‌സി‌ബി‌സി

സ്വന്തം ലേഖകന്‍ 12-12-2018 - Wednesday

കൊച്ചി: സ്‌പെഷ്യല്‍ സ്‌കൂള്‍ നടത്തിപ്പില്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാല്‍ സന്നദ്ധ സംഘടനകള്‍ക്ക് ഈ സംരംഭം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയാണെന്നും ഇതിന് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കേരള കത്തോലിക്ക മെത്രാന്‍ സമിതി. സ്‌പെഷ്യല്‍ സ്‌കൂള്‍ മേഖല നേരിടുന്ന പ്രതിസന്ധി തരണം ചെയ്യുന്നതിനായി സര്‍ക്കാര്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ പാക്കേജ് ഉടന്‍ നടപ്പിലാക്കുകയും അര്‍ഹതയുള്ള സ്ഥാപനങ്ങളുടെ പദവി എയ്ഡഡ് ആയി ഉയര്‍ത്തുകയും ചെയ്യണമെന്നും കെസിബിസി ആവശ്യപ്പെട്ടു.

കേരളത്തില്‍ 288 അംഗീകൃത സ്‌പെഷ്യല്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ ഒന്നു മാത്രമാണ് സര്‍ക്കാര്‍ നേരിട്ടു നടത്തുന്നത്. സ്‌പെഷ്യല്‍ സ്‌കൂള്‍ നടത്തിപ്പില്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാല്‍ സന്നദ്ധ സംഘടനകള്‍ക്ക് ഈ സംരംഭം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയാണ്. സ്‌പെഷ്യല്‍ സ്‌കൂള്‍ ജീവനക്കാര്‍ക്ക് ക്ഷേമനിധിയോ, പെന്‍ഷനോ മറ്റ് സര്‍ക്കാര്‍ ആനുകൂല്യങ്ങളോ ലഭിക്കുന്നില്ല. ഒരു കുട്ടിക്ക് 6,500 രൂപ മാത്രമാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നത്. ഇത് തികച്ചും അപര്യാപ്തമാണ്.

അധ്യാപകര്‍ക്കാകട്ടെ 6500 രൂപയില്‍ താഴെ മാത്രമാണ് മാസ വരുമാനം. സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്ക് സമഗ്ര പാക്കേജ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും നാളിതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല. സ്‌കൂള്‍ ജീവനക്കാരെ തെരുവിലേക്കു തള്ളിവിടാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിക്കുമെന്നും കെ‌സി‌ബി‌സി പ്രസ്താവനയില്‍ കുറിച്ചു.


Related Articles »