Meditation - March 2019

ക്രിസ്തുവിന്റെ സഹനവും അവിടുത്തെ മാനുഷികതയും

സ്വന്തം ലേഖകന്‍ 11-03-2016 - Friday

"അവന്‍ പറഞ്ഞു: ആബ്ബാ, പിതാവേ, എല്ലാം അങ്ങേക്കു സാധ്യമാണ്. ഈ പാനപാത്രം എന്നില്‍ നിന്നു മാറ്റിത്തരണമേ! എന്നാല്‍ എന്റെ ഹിതമല്ല അങ്ങയുടെ ഹിതം മാത്രം" (മർക്കോസ് 14:36).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: മാര്‍ച്ച് 12

പിതാവുമായി ഏക സത്തയിൽ മനുഷ്യരൂപം ധരിച്ച ക്രിസ്തു, തന്നെ പിതാവിനു മുൻപിൽ പൂര്‍ണ്ണമായി സമര്‍പ്പിച്ചു കൊണ്ട് 'അബ്ബാ' എന്നു വിളിക്കുന്നു. യേശു ഭൗതികമായി നൂറു ശതമാനം മനുഷ്യൻ ആയിരുന്നു എന്ന് പൂർണമായി അംഗീകരിക്കേണ്ടതിന്‍റെ ഉദാത്തമായ തെളിവാണ് 'എന്റെ പിതാവേ, കഴിയുമെങ്കിൽ ഈ പാനപാത്രം എന്നിൽ നിന്നും എടുത്തു മാറ്റണമെ'യെന്ന അവിടുത്തെ അഭ്യര്‍ഥന. ഇത് അസാദ്ധ്യം തന്നെയാണെന്നും 'തനിക്ക് നല്കിയ പാനപാത്രം അതിലെ അവസാനതുള്ളി വരെയും കുടിക്കുവാൻ' ആണെന്നും യേശുവിനു അറിയാമായിരുന്നു. അവിടുത്തേക്ക് പാനപാത്രം നൽകപെട്ട സമയം നവീനവും, പുതിയ ഉടമ്പടിയാൽ കുഞ്ഞാടിന്റെ രക്തത്താൽ മുദ്രവെയ്ക്കപെട്ട കൗദാശികമായ മുഹൂർത്തമായിരുന്നു.

കുരിശിലെ തന്റെ ബലിയെ മുന്നിൽ കണ്ടു കൊണ്ട്, പെസഹാദിനത്തിൽ അവിടുന്ന് ശിഷ്യരോടോത്ത് ചിലവഴിച്ചപ്പോളും തന്‍റെ പിതാവിന്റെ ആഗ്രഹം അസാധുവാക്കുവാൻ യേശു ആഗ്രഹിച്ചില്ല. മറിച്ച് , പൂർണഹൃദയത്തോടെ അത് നടപ്പാക്കണം എന്ന് യേശു ആത്മാർഥമായി ആഗ്രഹിച്ചിരുന്നു. എന്നിട്ടും 'ഈ പാനപാത്രം എന്നിൽ നിന്ന് മാറ്റി തരേണമേ' എന്ന് പ്രാർഥിക്കുമ്പോൾ ദൈവത്തിനും മാനവരാശിക്കും മുൻപിൽ ആ പാനപാത്രത്തിൽ അടങ്ങിയിരിക്കുന്ന വേദനയുടെയും സഹനത്തിന്റെയും തീവ്രതയും, കാഠിന്യവും വെളിപ്പെടുത്തുന്നു. നമുക്ക് ഏല്ലാവർക്കും പകരക്കാരാൻ ആയി, നമ്മുടെ പാപത്തിന്റെ പരിഹാരവാഹകൻ ആയി അവിടുന്നു ബലിയായി. തന്റെ മാനുഷികമായ ഹൃദയത്തിൽ നിറയുന്ന സഹനത്തിന്റെ കാഠിന്യം യേശുവിന്റെ വാക്കുകള്‍ നമുക്ക് വെളിപ്പെടുത്തി തരുന്നു.

ഇത്, ഭൂമിയിലുള്ള തന്റെ എല്ലാ സഹോദരീസഹോദരങ്ങളോടും മനുഷ്യപുത്രന് ആദി മുതൽ അന്ത്യം വരെയുള്ള സ്നേഹവും കരുണയും എടുത്തു കാട്ടുന്നു. മനുഷ്യകുലത്തെ സംബന്ധിച്ചിടത്തോളം സഹനം ഒരു വേദനയാണ് . ഗദ്സമെനിയിൽ യേശു അതിന്റെ പാരമ്യം മുഴുവൻ അനുഭവിച്ചു. 'എന്റെ ആത്മാവ് മരണത്തോളം ദു:ഖിതമായിരിക്കുന്നു', ഈ വാക്ക് സൂചിപ്പിക്കുന്നത്- പിതാവായ ദൈവത്തിന് മുൻപിൽ, മാനുഷികതയുടെ എല്ലാ ബലഹീനതകളും, മനുഷ്യ ഹൃദയം അനുഭവിക്കുന്ന സഹനത്തിന്റെ തീവ്രമായ നൊമ്പരവും അതിന്റെ വേദനാജനകമായ പാരമ്യത്തിൽ യേശു ഉള്‍കൊണ്ടുയെന്നാണ്. എന്നിരുന്നാലും തീവ്രമായ ദുഃഖം വിവരിക്കുവാൻ മാനുഷികമായി ആർക്കും സാധിക്കുന്നുമില്ല. ഗദ്സെമനിയിൽ പിതാവിനെ തേടുന്ന ഈ മനുഷ്യൻ അതേസമയം ദൈവവുമാണെന്ന കാര്യം നാം വിസ്മരിക്കരുത്.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 13.4.87)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »