News - 2024

ഇന്തോനേഷ്യന്‍ സെമിത്തേരിയില്‍ മുസ്ലീം മൗലീകവാദികള്‍ കുരിശ് മുറിച്ചുമാറ്റി: വ്യാപക പ്രതിഷേധം

സ്വന്തം ലേഖകന്‍ 22-12-2018 - Saturday

ജക്കാര്‍ത്ത: ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയില്‍ കത്തോലിക്ക വിശ്വാസിയുടെ മൃതസംസ്കാരത്തിന് മുന്‍പ് ശവക്കല്ലറയിലെ കുരിശിന്റെ മുകള്‍ഭാഗം മുസ്ലീം മതമൗലീകവാദികളുടെ സമ്മര്‍ദ്ധം മൂലം മുറിച്ചു മാറ്റേണ്ടി വന്ന സംഭവത്തില്‍ ആഗോളതലത്തില്‍ വ്യാപക വിമര്‍ശനം. ഇക്കഴിഞ്ഞ ഡിസംബര്‍ 17-നാണ് വിവാദത്തിനു ആധാരമായ സംഭവം നടന്നത്. ഇന്തോനേഷ്യയിലെ കത്തോലിക്ക നേതൃത്വം സംഭവത്തെ ശക്തമായി അപലപിച്ചു രംഗത്തെത്തിയിട്ടുണ്ട്.

സെന്‍ട്രല്‍ ജാവയിലെ പുര്‍ബയാന്‍ ഗ്രാമത്തിലെ ആല്‍ബെര്‍ട്ടൂസ് സ്ലാമെറ്റ് സൂജിഹാര്‍ഡി എന്ന കത്തോലിക്ക വിശ്വാസിയെ അടക്കം ചെയ്യുവാനിരുന്ന പൊതു ശ്മശാനത്തിലെ കല്ലറയില്‍ സ്ഥാപിച്ച കുരിശിന്റെ മുകള്‍ഭാഗമാണ് കടുത്ത മുസ്ലീം മതമൗലീകവാദികളായ ഗ്രാമവാസികളുടെ സമ്മര്‍ദ്ധം മൂലം മുറിച്ചു മാറ്റേണ്ടി വന്നത്. ഇന്തോനേഷ്യന്‍ ഭരണഘടനയുടെ വ്യക്തമായ ലംഘനമാണിതെന്നും, ബഹുസ്വരതയെ ബഹുമാനിക്കുന്ന രാജ്യത്തിന്റെ തത്വങ്ങള്‍ക്കെതിരാണിതെന്നും സംഭവത്തെ അപലപിച്ചുകൊണ്ട് സെമാങ്ങ് അതിരൂപത പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

ഇന്തോനേഷ്യയില്‍ വേരുപിടിച്ചു വരുന്ന അസഹിഷ്ണുതയുടെ മറ്റൊരു ഉദാഹരണമാണിതെന്നാണ് മെത്രാന്‍ സമിതിയുടെ അല്‍മായര്‍ക്ക് വേണ്ടിയുള്ള കമ്മീഷന്റെ എക്സിക്യൂട്ടീവ് സെക്രട്ടറിയായ ഫാ. പോളുസ് ക്രിസ്റ്റ്യന്‍ സിസ്വാന്‍ടോകോയുടെ പ്രതികരണം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുവാന്‍ വേണ്ട നടപടികള്‍ സര്‍ക്കാര്‍ കൈകൊള്ളണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുരിശ് മുറിച്ച് മാറ്റാതെ ഇവിടെ അടക്കുവാന്‍ സമ്മതിക്കുകയില്ല എന്ന ഭീഷണിയുടെ പുറത്ത് പരേതന്റെ ഭാര്യക്ക് ഒപ്പിടേണ്ടി വന്നുവെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്.

മരിച്ചവര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ പള്ളിയില്‍ വെച്ച് നടത്തികൊള്ളാണമെന്ന് പറഞ്ഞുകൊണ്ട് സൂജിഹാര്‍ഡിയുടെ കുടുംബാംഗങ്ങള്‍ക്കും, സുഹൃത്തുക്കള്‍ക്കും അദ്ദേഹത്തിന്റെ വസതിയില്‍ ഒരുമിച്ച് കൂടി പ്രാര്‍ത്ഥനകള്‍ നടത്തുവാന്‍ പോലും മതമൗലീകവാദികള്‍ സമ്മതിച്ചില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്തോനേഷ്യയില്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള വിഭാഗീയ ചിന്തയുടെ ഒടുവിലത്തെ ഉദാഹരണമായിട്ടാണ് ഹീനമായ ഈ നടപടിയെ ആഗോള മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്.


Related Articles »