News

വര്‍ഷങ്ങള്‍ക്ക് ശേഷം ഏറ്റവും വലിയ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് ബെത്ലഹേം

സ്വന്തം ലേഖകന്‍ 28-12-2018 - Friday

ബെത്ലഹേം, വെസ്റ്റ് ബാങ്ക്: വര്‍ഷങ്ങള്‍ക്ക് ശേഷം ഏറ്റവും വലിയ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കു സാക്ഷ്യം വഹിച്ച് യേശുവിന്റെ ജനനം കൊണ്ട് അനുഗ്രഹീതമായ ബെത്ലഹേം നഗരം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരകണക്കിന് തീര്‍ത്ഥാടകരാണ് വിശുദ്ധ നാട്ടിലെ ക്രിസ്തുമസ് ആഘോഷങ്ങളില്‍ പങ്കു ചേര്‍ന്നത്. തിരുപ്പിറവി ദേവാലയത്തിലും തീര്‍ത്ഥാടകരുടെ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. സ്വദേശികളും വിദേശികളുമായ നൂറുകണക്കിന് ആളുകളാണ് നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നായ മാങ്ങര്‍ സ്ക്വയറില്‍ തടിച്ചു കൂടിയത്.

ബാഗ്പൈപ്പില്‍ നിന്നും ഉയര്‍ന്ന സംഗീതം ക്രിസ്തുമസിന്റെ ആവേശം വാനോളം ഉയര്‍ത്തി. നഗരത്തില്‍ തയ്യാറാക്കിയ ക്രിസ്തുമസ് ട്രീക്ക് മുന്നിലൂടെ പലസ്തീനിയന്‍ സ്കൌട്ട്സിന്റെ പരേഡും ഉണ്ടായിരുന്നു. സൂര്യാസ്തമയത്തോടെ മാങ്ങര്‍ സ്ക്വയറിലെ കൂറ്റന്‍ ക്രിസ്തുമസ്സ് ട്രീ വൈദ്യുത ദീപങ്ങളും നക്ഷത്രങ്ങളും കൊണ്ട് മിന്നിത്തിളങ്ങി. നഗരത്തിലെ തെരുവുകള്‍ മുഴുവന്‍ നക്ഷത്ര വിളക്കുകള്‍ കൊണ്ടും ദീപാലങ്കാരങ്ങളും, മിന്നിത്തിളങ്ങുന്ന കുരിശടയാളങ്ങള്‍ കൊണ്ടും മനോഹരമായിരുന്നു. വിവിധ ഗായക സംഘങ്ങളുടെ കരോള്‍ ഗാനങ്ങള്‍ ഉത്സവ പ്രതീതി വര്‍ദ്ധിപ്പിച്ചു.

സാന്താതൊപ്പി ധരിച്ച പലസ്തീന്‍ യുവാക്കളും പ്രദേശത്ത് സജീവമായിരിന്നു. ബെത്ലഹേമിലെ മുഴുവന്‍ ഹോട്ടലുകളും തീര്‍ത്ഥാടകരാല്‍ നിറഞ്ഞു കവിഞ്ഞുവെന്ന് പലസ്തീന്‍ ടൂറിസം വകുപ്പ് മന്ത്രി റുളാ മായാ പറഞ്ഞു. പതിനായിരത്തോളം ആളുകളാണ് ക്രിസ്തുമസ് രാത്രിയില്‍ ബെത്ലഹേം നഗരത്തില്‍ എത്തിയത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ ഇതാദ്യമായാണ് ഇത്രയധികം ജനങ്ങള്‍ ക്രിസ്തുമസ് ആഘോഷിക്കുവാന്‍ ബെത്ലഹേമില്‍ എത്തിയതെന്നും, കഴിഞ്ഞ വര്‍ഷത്തെക്കാളും, മുപ്പത് ലക്ഷത്തോളം തീര്‍ത്ഥാടകരാണ് ഈ വര്‍ഷം അധികമായി ബെത്ലഹേം സന്ദര്‍ശിച്ചതെന്നും റുളാ മായാ കൂട്ടിച്ചേര്‍ത്തു.

നേറ്റിവിറ്റി പിസാബല്ലാ ദേവാലയത്തില്‍ നടന്ന പാതിര കുര്‍ബാനക്ക് പിയര്‍ ബാറ്റിസ്റ്റാ പിസാബല്ലാ മെത്രാപ്പോലീത്ത മുഖ്യകാര്‍മ്മികത്വം വഹിച്ചു. പലസ്തീന്‍ പ്രസിഡന്‍റ് മഹമൂദ് അബ്ബാസ് ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ വിശുദ്ധ കുര്‍ബാനയില്‍ സന്നിഹിതരായിരുന്നു.


Related Articles »