News
സമാധാനം പുലരാന്‍ ജെറുസലേമിലും ബെത്ലഹേമിലും പ്രത്യേക പ്രാര്‍ത്ഥന
പ്രവാചകശബ്ദം 18-10-2023 - Wednesday
ജെറുസലേം: ഇസ്രായേല്‍ - ഹമാസ് യുദ്ധം ഒരാഴ്ച പിന്നിട്ട സാഹചര്യത്തില്‍ സമാധാനം പുനഃസ്ഥാപിക്കുക എന്ന നിയോഗവുമായി ജെറുസലേമിലെ പുണ്യസ്ഥലങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന ഫ്രാന്‍സിസ്കന്‍ വൈദികരുടെ മേല്‍നോട്ടത്തില്‍ ജെറുസലേമിലും ബെത്ലഹേമിലും പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു. ഒക്ടോബര്‍ 13, 14, ഇന്നലെ പതിനേഴാം തീയതി അടക്കം വിവിധ ദിവസങ്ങളില്‍ ഒരുക്കിയ പ്രാര്‍ത്ഥനാകൂട്ടായ്മയില്‍ നിരവധി പേര്‍ സംബന്ധിച്ചു. ജെറുസലേമിലെ ലാറ്റിന്‍ പാത്രിയാര്‍ക്കീസായ കര്‍ദ്ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസബെല്ലയാണ് ഇന്നലെ ഒക്ടോബര്‍ 17-ലെ തിരുകര്‍മ്മങ്ങള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചത്.
സമാധാന പുനഃസ്ഥാപനത്തിനായി തിരുക്കല്ലറപ്പള്ളിയിലും, തിരുപ്പിറവി പള്ളിയിലും പ്രത്യേക ബലിയര്‍പ്പണം നടന്നിരിന്നു. നസ്രത്തിലെ മംഗളവാര്‍ത്താ ദേവാലയത്തില്‍ ദിവ്യകാരുണ്യം എഴുന്നള്ളിച്ചുവെച്ചായിരിന്നു പ്രാര്‍ത്ഥന. സമാധാനത്തിന് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനയും വിശുദ്ധ കുര്‍ബാനയും, ജപമാലയും ഇതോടൊപ്പം നടന്നു. ഇസ്രായേലിന്റെ പാത്രിയാർക്കൽ വികാരിയും ലത്തീൻ പാത്രിയാർക്കേറ്റിന്റെ സഹായിയുമായ മോണ്‍. റഫീഖ് നഹ്‌റ, ഇന്നലെ ബെത്ലഹേമിലെ തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി.
നേരത്തെ ഒക്ടോബര്‍ 13നു നടന്ന ആദ്യ പ്രാര്‍ത്ഥനാ കൂട്ടായ്മ സുരക്ഷാപരമായ കാരണങ്ങളാല്‍ സെന്റ് സേവ്യേഴ്സ് ദേവാലയത്തില്‍വെച്ചാണ് നടത്തിയത്. വിശുദ്ധ നാടിന്റെ ഉത്തരവാദിത്വമുള്ള ഫാ. ഫ്രാന്‍സെസ്കോ പാറ്റണിന്റെ നേതൃത്വത്തില്‍ കുരിശും വഹിച്ചുകൊണ്ടുള്ള ചെറു പ്രദിക്ഷിണം അന്നു നടത്തിയിരിന്നു. ഫ്രാന്‍സിസ്കന്‍ ഫ്രിയാര്‍മാര്‍ക്ക് പുറമേ സന്യാസിനികളും, അത്മായ വിശ്വാസികളും പരിപാടിയില്‍ പങ്കെടുത്തു.
ഒക്ടോബര്‍ 14-ന് നടന്ന പ്രാര്‍ത്ഥനാ കൂട്ടായ്മക്കിടെ ഫാത്തിമാമാതാവിന്റെ രൂപത്തിന് മുന്നില്‍ ജപമാല അര്‍പ്പിച്ചിരിന്നു. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ 2002-ലെ അപ്പസ്തോലിക ലേഖനമായ ‘റൊസാരിയം വര്‍ജിനിസ് മരിയെ’യുടെ അടിസ്ഥാനത്തിലായിരുന്നു ജപമാലയുടെ അഞ്ചു രഹസ്യങ്ങളുടെ പ്രമേയം അന്നു ചിട്ടപ്പെടുത്തിയത്. സാല്‍വെ റെജീന ഗാനത്തിനും, പരിശുദ്ധ കന്യകാമാതാവിന്റെ ലുത്തീനിയക്കും ശേഷം സമാധാന പുനഃസ്ഥാപനത്തിനായി പ്രത്യേക പ്രാര്‍ത്ഥനയും നടന്നു. മരിയന്‍ ഗീതങ്ങളോടെയാണ് പരിപാടി അവസാനിച്ചത്.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക