Arts - 2024

സുവിശേഷത്തിലെ പതിനാല് സംഭവങ്ങൾ കോർത്തിണക്കി വിർച്വൽ റിയാലിറ്റി ചലച്ചിത്രം

സ്വന്തം ലേഖകന്‍ 31-12-2018 - Monday

ലണ്ടന്‍: വിർച്വൽ റിയാലിറ്റി സാങ്കേതികവിദ്യയിൽ രൂപപ്പെടുത്തിയ സുവിശേഷത്തിലെ പതിനാല് സംഭവങ്ങൾ ആസ്പദമാക്കിയുള്ള ചലച്ചിത്രം ജീസസ് വിആര്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. കാനഡയിലെ റജീന നഗരം ആസ്ഥാനമായുള്ള ഔട്ടം വി.ആർ എന്ന കമ്പനിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കമ്പനിയുടെ പ്രസിഡന്റും, സഹ ഉടമയുമായ ഡേവ് ഹാൻസണാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പലകോണുകളിൽ നിന്നും അനേകം ക്യാമറകളുടെ സഹായത്തോടുകൂടിയാണ് ചിത്രീകരണം നടന്നത്.

യേശുവിന്റെ ജനനവും, അത്ഭുതങ്ങളും മരണവും, ഉത്ഥാനവും ഒരുമിച്ച് സമന്വയിപ്പിച്ചുകൊണ്ടുള്ള ചലച്ചിത്രം മറ്റു ക്രിസ്തീയ സിനിമകളേക്കാൾ കൂടുതൽ അനുഭവവേദ്യമായ വിധത്തിലാണ് അവതരിപ്പിക്കുന്നത്. യേശു കുരിശിൽ കിടക്കുമ്പോൾ യേശുവിന്റെ കണ്ണുകളിലൂടെ കാണികൾക്ക് അവന്റെ മുൻപിൽ നിൽക്കുന്ന ജനത്തിനെ കാണാൻ സാധിക്കുന്ന വിധത്തിലാണ് ചിത്രം. ഈ ഭൂമിയിലെ യേശുവിന്റെ ജീവിതത്തിന്റെ അവസാന നിമിഷങ്ങള്‍ വിർച്വൽ റിയാലിറ്റി സാങ്കേതിക വിദ്യയിലൂടെ കാണുമ്പോള്‍ ആളുകൾ വികാരഭരിതരാകുമെന്ന് ഡേവ് ഹാൻസൺ പറയുന്നു.

വിവിധ ചുറ്റുപാടുകളും, മതവിശ്വാസങ്ങളും ഉള്ള കാണികൾ ചിത്രം സ്വീകരിക്കുമെന്ന് സംവിധായകൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. യേശുവിന്റെ സന്ദേശം എന്നത് സ്നേഹമാണെന്നും അതിനാൽതന്നെ ഇന്നും ഇതിന് ഏറെ പ്രസക്തിയുണ്ടെന്നും ഡേവ് ഹാൻസൺ കൂട്ടിച്ചേർത്തു. മാറ്ററെ എന്ന ഇറ്റലിയിലെ ഒരു പഴയ നഗരത്തിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്. ഫാദര്‍ വില്യം ഫുള്‍ക്കോയാണ് ചലച്ചിത്ര നിര്‍മ്മാണത്തിന് ആവശ്യമായ ഉപദേശങ്ങള്‍ നല്‍കുന്നത്. പാഷന്‍ ഓഫ് ദ ക്രൈസ്റ്റിനും ആവശ്യമായ ആത്മീയ നിര്‍ദേശങ്ങള്‍ നല്‍കിയത് ഇദ്ദേഹം തന്നെയാണ്.


Related Articles »