India - 2024

ദളിത് ക്രൈസ്തവ വികസന കോര്‍പറേഷനില്‍ ചെയര്‍മാന്‍ ഇല്ലാതായിട്ട് മാസങ്ങള്‍

സ്വന്തം ലേഖകന്‍ 11-01-2019 - Friday

തിരുവനന്തപുരം: ദളിത് ക്രൈസ്തവരുടെ ഉന്നമനത്തിനായി രൂപീകരിച്ച സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശിപാര്‍ശിത വികസന കോര്‍പറേഷനില്‍ ചെയര്‍മാന്‍ ഇല്ലാതായിട്ട് മാസങ്ങള്‍. ഇതോടെ കോര്‍പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ താറുമാറിലായി. ദളിത് ക്രൈസ്തവര്‍ ഉള്‍പ്പെടുള്ളവര്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ നിന്നു വിവിധ വായ്പകളും ധനസഹായങ്ങളും സാമൂഹ്യ ഉന്നമന പരിപാടികളുമാണ് കോര്‍പറേഷന്റെ പ്രവര്‍ത്തനങ്ങളില്‍ പ്രധാനമായും ലക്ഷ്യമിടുന്നത്.

സ്വയം തൊഴില്‍ വായ്പ, കൃഷി വായ്പ, വിവാഹ സഹായ വായ്പ, വിദ്യാഭ്യാസ വായ്പ ഉള്‍പ്പെടെയുള്ള വായ്പകള്‍ കോര്‍പറേഷന്‍ മുഖാന്തിരം നല്കി വന്നിരുന്നു. ചെയര്‍മാന്‍ ഇല്ലാതായതോടെ നയപരമായ തീരുമാനങ്ങള്‍ കോര്‍പറേഷനു കൈക്കൊള്ളാന്‍ കഴിയാതെ ഇവയെല്ലാം നിലച്ചിരിക്കുകയാണ്. പുതിയ സര്‍ക്കാര്‍ അധികാരമേറ്റശേഷം നിയമിതനായ ചെയര്‍മാന്‍ ചില കേസുകളെ തുടര്‍ന്ന് രാജിവച്ച് ഒഴിഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് മാസങ്ങളായി കോര്‍പറേഷന് നാഥനില്ലാത്ത സ്ഥിതിയുമായി.

അടിയന്തരമായി സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായി ചെയര്‍മാന്‍ നിയമനം നടത്തണമെന്ന് ദളിത് ക്രൈസ്തവ സംഘടനകള്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും നടപടികള്‍ ഒന്നുമുണ്ടായിട്ടില്ലെന്നു ഈ സംഘടനകള്‍ തന്നെ വ്യക്തമാക്കുന്നു. കോട്ടയത്തെ പ്രധാന ഓഫീസ് കൂടാതെ തിരുവനന്തപുരത്തും കോഴിക്കോടും റീജണല്‍ ഓഫീസുകളും പ്രവര്‍ത്തിക്കുന്നുണ്ട്. അടിയന്തര ഇടപെടൽ നടത്തി ദളിത് ക്രൈസ്തവർക്കുള്ള അവകാശങ്ങൾ ഉടൻ പുനസ്ഥാപിക്കണമെന്ന ആവശ്യം വീണ്ടും ഉയരുകയാണ്.


Related Articles »