India - 2024

'പൗരോഹിത്യം ജോലിയല്ല, വിളിയും സേവനവുമാണെന്നു സമൂഹത്തിനു ബോധ്യമാക്കുന്നതാവണം'

സ്വന്തം ലേഖകന്‍ 12-01-2019 - Saturday

കൊച്ചി: പൗരോഹിത്യം ജോലിയല്ല, വിളിയും സേവനവുമാണെന്നു സമൂഹത്തിനു ബോധ്യമാക്കുന്നതാവണം അജപാലകരുടെ സാക്ഷ്യ ജീവിതമെന്നു സീറോ മലബാര്‍ സഭ സിനഡ്. അജപാലകരാകാന്‍ പരിശീലിക്കുന്നവര്‍ക്കു ലളിതമായ ജീവിത, സംസാര ശൈലികളും ഉദാത്തമായ മൂല്യങ്ങളോടു ചേര്‍ന്നുള്ള നിലപാടുകളുമാണ് ഉണ്ടാകേണ്ടതെന്നും സെമിനാരി വിദ്യാര്‍ത്ഥികള്‍ക്കൊപ്പം സഹഗമനം നടത്താന്‍ സഭയൊന്നാകെ പരിശ്രമിക്കണമെന്നും സിനഡ് ഓര്‍മ്മിപ്പിച്ചു.

വിശ്വാസി സമൂഹത്തിന്റെ പങ്കാളിത്തത്തോടും പ്രോത്സാഹനത്തോടും കൂടി അജപാലക പരിശീലനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കണം. കാലികമായ സാമൂഹ്യ, സാംസ്‌കാരിക, സാമ്പത്തിക പശ്ചാത്തലങ്ങള്‍ ശരിയായി വിലയിരുത്തി സെമിനാരികളിലെ പരിശീലനങ്ങള്‍ കാലാനുസൃതമാക്കണം. സെമിനാരി പരിശീലനത്തില്‍ സഭാസമൂഹത്തിന് ഇടപെടാനുള്ള അവസരങ്ങള്‍ ഉണ്ടാവണം. വൈദികാര്‍ത്ഥികളുടെ കുടുംബങ്ങള്‍ സെമിനാരി അധികാരികള്‍ സന്ദര്‍ശിക്കുന്നത് ഉചിതമാണ്. ഇവരുടെ മാതാപിതാക്കള്‍, ഇടവക വികാരിമാര്‍, അല്മായ നേതാക്കള്‍ എന്നിവര്‍ക്കും പരിശീലനത്തില്‍ സഹായിക്കാനും പ്രതീക്ഷകള്‍ പങ്കുവയ്ക്കാനും അവസരങ്ങള്‍ ഉണ്ടാകണം.

സമീപകാല യാഥാര്‍ഥ്യങ്ങളെ സുവിശേഷാനുസൃതം കാണാനും അവയോടു ക്രിയാത്മകമായി പ്രതികരിക്കാനും വൈദികാര്‍ത്ഥികള്‍ക്കു സാധിക്കേണ്ടതുണ്ട്. സഭയിലും സമൂഹത്തിലും നേതൃത്വം വഹിക്കുന്ന അജപാലകര്‍, മനുഷ്യത്വത്തോടെ പെരുമാറുന്നവരും സങ്കീര്‍ണമായ ജീവിത സാഹചര്യങ്ങളോടു സ്‌നേഹപൂര്‍വം പ്രതികരിക്കുന്നവരുമാകണം. അജപാലകരുടെ ആഴമേറിയ പ്രാര്‍ത്ഥനാജീവിതവും സുതാര്യതയുള്ള ജീവിതശൈലിയും സമൂഹത്തിനു മാതൃകയും ബോധ്യങ്ങളുമായി മാറേണ്ടതുണ്ട്. ഇതിനു കൂട്ടായ പരിശ്രമങ്ങള്‍ ഉണ്ടാകണമെന്നും കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടക്കുന്ന സിനഡില്‍ മെത്രാന്‍മാര്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടു.


Related Articles »