News - 2025
മേജർ ആർച്ച് ബിഷപ്പിനെ തെരഞ്ഞെടുക്കാന്‍ സീറോ മലബാർ സഭാ സിനഡ് സമ്മേളനം ജനുവരി എട്ടുമുതൽ
പ്രവാചകശബ്ദം 11-12-2023 - Monday
കൊച്ചി: മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി വിരമിച്ച ഒഴിവിൽ പുതിയ മേജർ ആർച്ച്ബിഷപ്പിനെ തെരഞ്ഞെടുക്കുന്നതിനായി സീറോ മലബാർ സഭാ സിനഡ് സമ്മേളനം 2024 ജനുവരി എട്ടുമുതൽ 13 വരെ സഭയുടെ കേന്ദ്രകാര്യാലയമായ കാക്കനാട് മൗണ്ട് സെൻ്റ് തോമസിൽ നടക്കും. സിനഡ് തെരഞ്ഞെടുക്കുന്ന പുതിയ മേജർ ആർച്ച് ബിഷപ്പിന് മാർപാപ്പയുടെ സ്ഥിരീകരണം ലഭിച്ചാലുടൻ ഇതുസംബന്ധിച്ച ഔദ്യോഗികപ്രഖ്യാപനം നടക്കും. തുടർന്നു സ്ഥാനാരോഹണവും നടക്കുമെന്ന് സഭയിലെ മെത്രാപ്പോലീത്തമാർക്കും മെത്രാന്മാർക്കും വൈദികർക്കും സമർപ്പിതർക്കും അല്‍മായർക്കുമായി പുറപ്പെടുവിച്ച സർക്കുലറിൽ അഡ്‌മിനിസ്ട്രേറ്റർ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ അറിയിച്ചു.
സീറോ മലബാർ സഭയെ നയിക്കാനുള്ള ശുശ്രൂഷാപദവിയിലേക്ക് ഏറ്റവും അനുയോജ്യനായ വ്യക്തി തെരഞ്ഞെടുക്കപ്പെടുന്നതിന് എല്ലാവരും പ്രാർത്ഥിക്കണമെന്നും ഇതിനായി തയാറാക്കിയിട്ടുള്ള പ്രാർത്ഥന ജനുവരി 13 വരെ സഭയിലെ എല്ലാ ദേവാലയങ്ങളിലും സന്യാസഭവനങ്ങളിലും സ്ഥാപനങ്ങളിലും വിശുദ്ധ കുർബാനയ്ക്കുശേഷവും കുടുംബങ്ങളിൽ സായാഹ്നപ്രാർത്ഥന യ്ക്കുശേഷവും ചൊല്ലണമെന്നും അഡ്‌മിനിസ്ട്രേറ്റർ ഓർമിപ്പിച്ചു. സീറോ മലബാർ സഭയുടെ ഹയരാർക്കിസ്ഥാപനത്തിന്റെ ശതാബ്ദി വർഷ സമാപനത്തിന്റെ ഭാഗമായി ഈ മാസം 21ന് സഭയിലെ എല്ലാ കത്തീഡ്രൽ ദേവാലയങ്ങളിലും രൂപതാധ്യക്ഷന്മാരുടെ കാർമികത്വത്തിൽ പ്രത്യേക വിശുദ്ധ കുർബാന അർപ്പിച്ചു പ്രാർത്ഥിക്കണം. അന്ന് ഉച്ചകഴിഞ്ഞ് മൂന്നിനു സഭയുടെ കേന്ദ്രകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലും പ്രത്യേക വിശുദ്ധ കുർബാന അർപ്പിക്കും.