News

സീറോ മലബാർ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തെരഞ്ഞെടുക്കാനുള്ള സിനഡ് സമ്മേളനം നാളെ മുതല്‍

പ്രവാചകശബ്ദം 07-01-2024 - Sunday

കൊച്ചി: സീറോ മലബാർ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തെരഞ്ഞെടുക്കാനുള്ള സിനഡ് സമ്മേളനം നാളെ ജനുവരി 8നു ആരംഭിക്കും. മേജര്‍ ആര്‍ച്ച് ബിഷപ്പായിരിന്ന കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി രാജി സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ കണ്ടെത്താന്‍ സിനഡ് ചേരുന്നത്. പ്രാര്‍ത്ഥനാനിര്‍ഭരമായ ഒരുക്കത്തിന് ശേഷം വോട്ടെടുപ്പിലൂടെയായിരിക്കും പുതിയ മേജർ ആർച്ചു ബിഷപ്പിനെ തെരഞ്ഞെടുക്കുക. സഭയുടെ കേന്ദ്രകാര്യാലയമായ കാക്കനാട് മൗണ്ട് സെൻ്റ് തോമസിൽ നടത്തപ്പെടുന്ന സിനഡ് സമ്മേളനം പതിമൂന്നുവരെ നീളും.

സഭയുടെ പുതിയ മേജർ ആർച്ചു ബിഷപ്പിനെ തെരഞ്ഞെടുക്കുക എന്ന ഏക ദൗത്യമാണു സിനഡിന്റെ ഈ സമ്മേളനത്തിൽ നിക്ഷിപ്തമായിരിക്കുന്നതെന്നു സീറോമലബാർ സഭയുടെ അഡ്‌മിനിസ്ട്രേറ്റർ ബിഷപ്പ് സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ അറിയിച്ചിട്ടുണ്ട്. മറ്റു വിഷയങ്ങളെല്ലാം പുതിയ മേജർ ആർച്ചുബിഷപ്പിൻ്റെ സ്‌ഥാനാരോഹണത്തിനുശേഷം നിയമാനുസൃതം വിളിച്ചുചേർക്കപ്പെടുന്ന സിനഡുസമ്മേളനത്തിലായിരിക്കും ചർച്ചചെയ്യപ്പെടുക. സഭയെ നയിക്കാൻ ഏറ്റവും അനുയോജ്യനായ വ്യക്തിയെ മേജർ ആർച്ചുബിഷപ്പായി ലഭിക്കുന്നതിനുവേണ്ടി സിനഡു സമ്മേളിക്കുന്ന ഈ ദിവസങ്ങളിലും പ്രത്യേകം പ്രാർത്ഥന തുടരണമെന്ന് ബിഷപ്പ് സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ അഭ്യര്‍ത്ഥിച്ചു.

സീറോ മലബാർ സഭയുടെ പുതിയ മേജർ ആര്‍ച്ച് ബിഷപ്പിന്റെ തെരഞ്ഞെടുപ്പിനു ഒരുക്കമായുള്ള പ്രാർത്ഥന

സ്നേഹ നാഥനായ ഈശോയേ, ഞങ്ങൾ അങ്ങയെ ആരാധിക്കുകയും സ്‌തുതി ക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യുന്നു. മാർതോമാശ്ലീഹായുടെ പ്രേഷിത പ്രവർത്തനത്താൽ സ്ഥാപിതമായ സീറോമലബാർ സഭയെ നിരന്തരം വഴിനടത്തുന്ന അങ്ങയുടെ പരിപാലനയെ ഞങ്ങൾ ഏറ്റുപറയുന്നു. ഈ സഭയ്ക്കു നേതൃത്വം നല്‌കുന്നതിനായി കാലാകാലങ്ങളിൽ അങ്ങു നിയോഗിച്ച എല്ലാ പിതാക്കന്മാരുടെയും പ്രത്യേകമായി, കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെയും നേതൃത്വശുശ്രൂഷകളെയോർത്ത് അങ്ങേക്കു ഞങ്ങൾ നന്ദി പറയുന്നു.

നിങ്ങൾ എന്നെ തെരഞ്ഞെടുക്കുകയല്ല, ഞാൻ നിങ്ങളെ തെരഞ്ഞെടുക്കുകയാണു ചെയ്തത് എന്നു ശിഷ്യന്മാരോട് അങ്ങ് അരുളിചെയ്‌തിട്ടുണ്ടല്ലോ. അപ്പസ്തോലന്മാരെ തെരഞ്ഞെടുക്കുന്നതിനുമുമ്പ് ദൈവപിതാവിനോടു പ്രാർത്ഥിച്ച ഈശോയേ, അങ്ങയുടെ മാതൃക അനുകരിച്ചു ഞങ്ങളും ഇപ്പോൾ പ്രാർത്ഥിക്കുന്നു. ലോകമെമ്പാടുമുള്ള സീറോമലബാർ സഭയ്ക്കു നേതൃത്വം നല്കുന്നതിനുവേണ്ടി പുതിയ മേജർ ആർച്ചുബിഷപ്പിനെ തെരഞ്ഞെടുക്കാനായി ഒരുമിച്ചുകൂടുന്ന മെത്രാന്മാരുടെ സിനഡുസമ്മേളനത്തെ അനുഗ്രഹിക്കണമേ. മാർതോമാശ്ലീഹായുടെ പിൻഗാമിക്കടുത്ത ശുശ്രൂഷാപദവി സ്വീകരിക്കാൻ ഏറ്റവും അനുയോജ്യനായ വ്യക്തിയെ ഞങ്ങൾക്ക് നൽകണമെന്നു പ്രാർത്ഥിക്കുന്നു.

സെഹിയോൻശാലയിൽ ശ്ലീഹന്മാരോടൊപ്പം പ്രാർത്ഥനാനിരതയായിരുന്ന പരിശുദ്ധ അമ്മേ, ഈ സിനഡുസമ്മേളനത്തിൽ പരിശുദ്ധാത്മാവിൻ്റെ നിറവുണ്ടാകാൻ വേണ്ടി തിരുക്കുമാരനോടു പ്രാർത്ഥിക്കണമേ. ഞങ്ങളുടെ പിതാവായ മാർതോമാ ശ്ലീഹായേ, ഞങ്ങളുടെ സഭയിലെ വിശുദ്ധരേ, വാഴ്ത്തപ്പെട്ടവരേ, ഞങ്ങൾക്കു വേണ്ടി മാധ്യസ്ഥ്യം വഹിക്കണമേ.

1 സ്വർഗ. 1 നന്മ. 1 ത്രിത്വ.


Related Articles »