Tuesday Mirror - 2025
വിശുദ്ധ കുർബ്ബാനമദ്ധ്യേ, ആർച്ച് ബിഷപ്പ് തിരുഓസ്തിയും കാസായും കൈകളിലെടുത്ത് ഉയർത്തിയപ്പോൾ ഓസ്തിക്ക് പകരം ജനങ്ങൾ ദർശിച്ചത് ഒരു ശിശുവിനെ
ജേക്കബ് സാമുവേൽ 15-03-2016 - Tuesday
ഫ്രാന്‍സിലെ സോയിസണ്സ് അതിരൂപതയില്‍ ഉള്‍പ്പെട്ടിരുന്ന ബ്രയിന്‍ നഗരത്തിൽ, 1153-ൽ ധാരാളം അകത്തോലിക്കര്‍ താമസിച്ചിരുന്നു. ബ്രയിനിലെ കൊട്ടാരത്തില്‍ വസിച്ചിരുന്ന ആഗ്നസ് എന്ന പ്രഭ്വി ഈ ജനങ്ങളെയെല്ലാം കത്തോലിക്കാവിശ്വാസത്തിലേക്ക് കൊണ്ടുവരുവാൻ ഏറെ പ്രയത്നിച്ചുകൊണ്ടിരുന്നു. എന്നാൽ പ്രഭ്വിയുടെ കൊട്ടാരത്തിലെ തോഴിയായിരുന്ന ഒരു യഹൂദ പെണ്‍കുട്ടി എത്ര ശ്രമിച്ചിട്ടും വിശുദ്ധ കുർബ്ബാനയിൽ വിശ്വസിക്കുവാന്‍ തയ്യാറായില്ല
1153-ല്‍ പെന്തക്കോസ്തു തിരുനാൾ ആചരണത്തോടനുബന്ധിച്ച്, ഒരു റാസയും ബ്രയിന്‍ നഗരം ചുറ്റിയുള്ള ദിവ്യകാരുണ്യ പ്രദക്ഷിണവും സോയിസണ്സിന്റെ ആര്‍ച്ച് ബിഷപ്പായ 'ആല്‍ക്കള്‍ഫി ഡി പൈരിഫോണ്ഡ്സ്' സംഘടിപ്പിച്ചു. ബ്രയിനിലെ സകല നിവാസികളും ഇതില്‍ സംബന്ധിച്ചിരുന്നു. ഇതിലേക്കായുള്ള വിപുലമായ ഒരുക്കങ്ങള്‍ കാണാനുള്ള കൗതുകം നിമിത്തവും, ആര്‍ച്ചുബിഷപ്പിനോടുള്ള ബഹുമാനം നിമിത്തവുമാണ് കത്തോലിക്കരല്ലാത്ത സ്ഥലവാസികളും തടിച്ചുകൂടിയത്.
വിശുദ്ധ കുർബ്ബാനമദ്ധ്യേ, ആര്‍ച്ച് ബിഷപ്പ് തിരുഓസ്തിയും കാസായും കൈകളിലെടുത്ത് ഉയര്‍ത്തി 'വാഴ്ത്തല്‍ ശുശ്രൂഷ' ചെയ്തുകൊണ്ടിരുന്നപ്പോള്‍, ഓസ്തിക്ക് പകരം ഒരു ശിശുവിനെയാണ് ജനങ്ങള്‍ ദര്‍ശിച്ചത്. ഈ കാഴ്ചയുടെ വിശദവിവരങ്ങളോ, എത്ര സമയം ഇത് നീണ്ടുനിന്നന്നോ കൂടുതല്‍ അറിവ് ലഭ്യമല്ല; പക്ഷെ ഒരു കാര്യം വ്യക്തമാക്കപ്പെട്ടു. അതായത്, ഇത് കണ്ടുകൊണ്ടിരുന്ന മുഴുവന് അകത്തോലിക്കരും പരിശുദ്ധാത്മാവിനാല്‍ നിറയപ്പെട്ട് തങ്ങള്‍ക്ക് തല്ക്ഷണം മാമോദീസാ വേണമെന്ന് മുറവിളി കൂട്ടത്തക്കവിധം ഉജ്ജ്വലവും ഹൃദയഹാരിയുമായ ഒരു രംഗമായിരുന്നു അത്. ഇങ്ങനെ മാമോദീസാ സ്വീകരിക്കാന്‍ തയ്യാറായി സ്വയം മുന്നോട്ടുവന്നവരില്‍ ആ പ്രഭ്വി നാളുകളായി നിര്‍ബന്ധിച്ചിട്ടും വഴങ്ങാതിരുന്ന യഹൂദ യുവതിയും ഉണ്ടായിരുന്നു.
ഈ ദിവ്യാത്ഭുതത്തെ തുടര്‍ന്ന് ആഗ്നസ് പ്രഭ്വി ഒരാശ്രമം സ്ഥാപിച്ച്, ഈ തിരുഓസ്തി അവിടെ സൂക്ഷിച്ചത് നൂറ്റാണ്ടുകളോളം നീണ്ടുനിന്നു.
80 വര്‍ഷങ്ങള്‍ക്ക് ശേഷം, 1233-ല്‍, ജാക്ക് ഡി വിത്രി കര്‍ദ്ദിനാള്‍ ഇവിടം സന്ദർശിച്ച് ഈ തിരുഓസ്തി വണങ്ങുകയും ചെയ്തു. 1718-ല്, 550 വര്‍ഷങ്ങള്‍ക്ക് ശേഷം, ഡോണ്‍ മാര്‍ട്ടിന്‍ സന്ദര്‍ശിച്ചപ്പോള്‍ ഈ തിരുഓസ്തി അതിന്റെ പൂര്‍ണ്ണരൂപത്തില്‍ തന്നെയായിരുന്നു. ഈ അത്ഭുതം നടന്ന വിശുദ്ധ കുർബ്ബാനയിൽ ഉപയോഗിച്ചിരുന്ന അതേ കാസായോടൊപ്പം ഈ ഓസ്തിയും ഒരു പ്രത്യേക തിരുക്കൂടാരം നിര്‍മ്മിച്ച് അതിലാണ് സൂക്ഷിച്ചിരിക്കുന്നത്.
ആനക്കൊമ്പ് കൊണ്ടുണ്ടാക്കിയ ഒരു ചെപ്പില് സൂക്ഷിച്ചിരുന്ന ഈ തിരുഓസ്തി ഒരപൂർവ്വ നിധിയായി കണക്കാക്കപ്പെട്ടിരുന്നു. 1789-ല് ഫ്രഞ്ച് വിപ്ലവം പൊട്ടിപുറപ്പെട്ടപ്പോള്‍ ആശ്രമം വിട്ടുപോയ സന്യാസിമാര്‍ ചെപ്പ് സൂക്ഷിക്കാനായി ഏല്പിച്ചത് ലാംബ്രെട്ട് എന്ന പോലീസ് മേധാവിയെയാണ്. 1839-ല് ബ്രയിനിലെ പള്ളിയെ അത് തിരിച്ചേല്പിച്ചപ്പോള്‍, അത് സങ്കീര്‍ത്തിയില്‍ സൂക്ഷിച്ച് ദീര്‍ഘകാലം നിലനിര്‍ത്തിപ്പോന്നു.
തിരുഓസ്തിയും കാസായും മാത്രമല്ല, അത്ഭുത കുര്‍ബ്ബാനയില്‍ ഉപയോഗിച്ചിരുന്ന ഗോത്തിക്കും വിശ്വസ്തതയോടെ കാത്തു സൂക്ഷിച്ചിരുന്നു. കുര്‍ബ്ബാനയില്‍ പുരോഹിതര്‍ ധരിച്ചിരുന്ന തിരുവസ്ത്രത്തിന് പുറത്ത് ധരിക്കുന്ന ഈ ഗോത്തിക്ക് ഒന്നാന്തരം സില്ക്ക് തുണിയില്‍ തുന്നിയതായിരുന്നു; അതിന്റെ മുന്‍ഭാഗം ഒരു മാലാഖയുടെ മുഖവും പിന്‍ഭാഗം പെസഹാ കുഞ്ഞാടിന്റെ ചിത്രവും ഉള്‍ക്കൊള്ളുന്ന പ്രാര്‍ത്ഥനാ പ്രതീകങ്ങളുടെ സമ്പന്നമാര്‍ന്ന ചിത്രപ്പണികള്‍ ആലേഖനം ചെയ്യപ്പെട്ടതായിരുന്നു. തിരുഗോത്തിക്കിന്റെ കഴുത്തുഭാഗത്തിന് ചുറ്റും മേല്ത്തരം മുത്തുകളും ഏതാനും വിലമതിക്കാനാവാത്ത കല്ലുകളും പതിച്ച ഒരു സ്വര്‍ണ്ണവളയം ഉണ്ടായിരുന്നു. ഗോത്തിക്ക് ഇപ്രകാരം സുന്ദരവും വിലമതിക്കുന്നതും ആയതിനാലും, ചരിത്രപ്രസിദ്ധമായ ദിവ്യബലി വേളയില്‍ അണിഞ്ഞിരുന്നത് ആയതിനാലും, ജനങ്ങള്‍ ഇതിനെ അതീവ ബഹുമാന പുരസരമാണ് വീക്ഷിച്ചിരുന്നത്.
വിശുദ്ധ കുർബ്ബാനയുടെ ഈ അത്ഭുതം ഉറപ്പായും സംഭവിച്ചതാണെന്നും, അതിന്റെ ഓര്‍മ്മക്കായുള്ള തിരുനാള്‍ എഴുന്നെള്ളിപ്പുകള്‍ വര്‍ഷങ്ങളോളം നടത്തിയിട്ടുള്ളതാണെന്നും ബ്രയിനിലെ ഇപ്പോഴത്തെ പുരാവസ്തു രേഖകൾ സാക്ഷ്യപ്പെടുത്തുന്നു.