News - 2024

ക്രിസ്ത്യന്‍ വിവാഹങ്ങളുടെ നിയമസാധുത പുനഃസ്ഥാപിച്ച് പാക്ക് സുപ്രീം കോടതി

സ്വന്തം ലേഖകന്‍ 25-01-2019 - Friday

ഇസ്ലാമാബാദ്: ദേവാലയങ്ങളില്‍ നടത്തപ്പെടുന്ന ക്രിസ്ത്യന്‍ വിവാഹങ്ങളുടെ നിയമപരമായ സാധുത പുനഃസ്ഥാപിച്ചുകൊണ്ട് പാക്കിസ്ഥാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. പാക്കിസ്ഥാന്‍ സര്‍ക്കാരിന്റെയും പഞ്ചാബ് ഗവണ്‍മെന്റിന്റേയും നാഷണല്‍ ഡാറ്റാബേസ് രജിസ്ട്രേഷന്‍ അതോറിറ്റി (NADRA) ക്രിസ്ത്യന്‍ വിവാഹങ്ങള്‍ നിയമപരമായി തന്നെ രജിസ്റ്റര്‍ ചെയ്യണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ജനുവരി 16-ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് മിയാന്‍ സാക്വിബ് നിസ്സാറാണ് ചരിത്രപരമായ വിധിപ്രസ്താവം നടത്തിയത്.

ക്രിസ്ത്യന്‍ വിവാഹങ്ങള്‍ നിയമപരമായി രജിസ്റ്റര്‍ ചെയ്യണമെന്ന്‍ യൂണിയന്‍ കൗണ്‍സിലുകളോടും, ക്രിസ്ത്യന്‍ ദമ്പതികള്‍ക്ക് നിയമപരമായി സാധുതയുള്ള വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കണമെന്ന് എന്‍‌എ‌ഡി‌ആര്‍‌എയോടും പതിനേഴ് പേജുകളുള്ള വിധിപ്രസ്താവത്തിലൂടെ സുപ്രീം കോടതി ആവശ്യപ്പെട്ടു. ലാഹോറിലെ ആംഗ്ലിക്കന്‍ കത്തീഡ്രല്‍ ഓഫ് റിസറക്ഷന്‍ ദേവാലയത്തിലെ ഡീനായ പാസ്റ്റര്‍ ഷാഹിദ് പി. മേരജ് നല്‍കിയ അപ്പീലിന്റെ പുറത്താണ് സുപ്രീം കോടതിയുടെ ഈ ഉത്തരവ്.

ക്രൈസ്തവ വിവാഹങ്ങള്‍ക്ക് നിയമസാധുതയും, ഗൗരവവും ഇല്ലാത്തതിനെ തുടര്‍ന്ന്‍ 2018-ലാണ് ഇദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചത്. 2013ന് മുമ്പ് വരെ പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ വിവാഹങ്ങള്‍ക്ക് നിയമ സാധുതയുണ്ടായിരുന്നുവെന്ന് നാഷ്ണല്‍ കമ്മീഷന്‍ ഫോര്‍ ജസ്റ്റിസ് ആന്‍ഡ്‌ പീസ്‌ പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററായ കാഷിഫ് അസ്ലാം പറഞ്ഞു. പ്രാദേശിക ഗവണ്‍മെന്റുകള്‍ പിന്നീട് ഇത് നിര്‍ത്തലാക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുപ്രീം കോടതിയുടെ വിധിയെ സന്തോഷത്തോടെയാണ് പാക്കിസ്ഥാനിലെ ക്രിസ്ത്യന്‍ സമൂഹം സ്വാഗതം ചെയ്തത്. സുപ്രീം കോടതിയുടേത് സ്വാഗതാര്‍ഹമായ നടപടിയാണെന്ന് കറാച്ചിയിലെ സെന്റ്‌ പാട്രിക് കത്തീഡ്രല്‍ റെക്ടറായ ഫാ. മാരിയോ റോഡ്രിഗസ് അഭിപ്രായപ്പെട്ടു. വിധി പ്രാബല്യത്തില്‍ വരാന്‍ കാലതാമസമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ വിധിയോടെ പാക്കിസ്ഥാനിലെ ക്രിസ്ത്യന്‍ വിവാഹങ്ങളെക്കുറിച്ചുള്ള പൂര്‍ണ്ണമായ വിവരങ്ങള്‍ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് പാക്കിസ്ഥാനിലെ ക്രിസ്ത്യാനികള്‍.


Related Articles »