News - 2024

യുവജന സംഗമത്തിനു പാക്കിസ്ഥാനി ക്രൈസ്തവർക്ക് വിലക്ക്

സ്വന്തം ലേഖകന്‍ 27-01-2019 - Sunday

ഇസ്ലാമബാദ്: ആഗോള യുവജന ദിനാഘോഷങ്ങളിൽ പങ്കെടുക്കാൻ പുറപ്പെട്ട പാക്കിസ്ഥാൻ സംഘത്തിന് എമ്മിഗ്രേഷൻ വിഭാഗം അനുമതി നിഷേധിച്ചു. ജനുവരി 23നും 24നുമായി പുറപ്പെടാനിരുന്ന പാക്കിസ്ഥാൻ കത്തോലിക്ക പ്രതിനിധികളെയും പതിനാല് യുവജനങ്ങളടങ്ങുന്ന സംഘത്തെയാണ് ലാഹോറിലെ അല്ലാമ ഇഖ്ബാൽ എയർപോർട്ടിൽ വിസ ലഭിച്ചിട്ടും യാത്ര തടഞ്ഞത്. ജെസ്യൂട്ട് സെമിനാരി വിദ്യാർത്ഥിയായ ഇമ്മാനുവേലിന് മാത്രമാണ് പനാമയിലെ യുവജന സംഗമത്തിൽ പങ്കെടുക്കാൻ സാധിച്ചത്.

ഹൈദരാബാദ് രൂപതയുടെ കത്തോലിക്ക യുവജന കമ്മീഷൻ പോൾ മോഹൻ സംഭവത്തിൽ അപലപിച്ചു.

ജനുവരി 23 ന് സുരക്ഷ പരിശോധനകൾക്ക് ശേഷം ബോർഡിംഗ് പാസ്സ് വാങ്ങി ഇമ്മിഗ്രേഷൻ ഓഫീസിലെത്തിയപ്പോഴാണ് യാത്രാനുമതി നിഷേധിച്ചത്. അധികൃതരുമായി സന്ധി സംഭാഷണം നടത്തിയെങ്കിലും ഫലം കണ്ടില്ല. വിസയും മെത്രാന്റെ ശുപാർശ കത്തും കൈയ്യിലുണ്ടായിരുന്നുവെങ്കിലും അധികൃതർ യാതൊരു പരിഗണനയും നല്കിയില്ലായെന്നു ഇവർ വ്യക്തമാക്കുന്നു. ആയിരത്തിയെണ്ണൂറ് യൂറോയുടെ ഫ്ലൈറ്റ് ടിക്കറ്റാണ് അധികൃതരുടെ അവഗണന മൂലം വൃഥാവിലായത്.

വിദേശയാത്രാനുമതി ലഭിച്ചിട്ടും കത്തോലിക്ക സംഘത്തെ അധികൃതർ തടയുകയായിരുന്നുവെന്നു കറാച്ചി ജീസസ് യൂത്ത് കോഡിനേറ്റർ അറ്റിഫ് ഷെരിഫ് അഭിപ്രായപ്പെട്ടു. യാത്ര ചെയ്യാനുള്ള പൗരന്റെ അടിസ്ഥാന അവകാശമാന്ന് നിഷേധിക്കപ്പെട്ടതെന്നു ഫാ.ബോണി മെൻറസ് എന്ന വൈദികൻ പ്രതികരിച്ചു. മനുഷ്യവകാശ കമ്മീഷൻ ഇക്കാര്യത്തിൽ നിയമ പോരാട്ടം നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ വർഷം ആഗോള കുടുംബ സംഗമത്തിന് പാക്കിസ്ഥാനി ക്രൈസ്തവർക്ക് ഐറിഷ് ഭരണകൂടം വിസ നിഷേധിച്ചത് വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. സമാന രീതിയിൽ 2011 ലെ ആഗോള യുവജന ദിനാചരണങ്ങൾക്ക് പാക്കിസ്ഥാൻ - ബംഗ്ലാദേശ് സംഘങ്ങൾക്ക് സ്പാനിഷ് ഭരണകൂടവും വിസ അനുവദിച്ചിരുന്നില്ല. എന്നാൽ, ഈ വർഷം വിസ ലഭിച്ചുവെങ്കിലും പാക്കിസ്ഥാൻ ഭരണകൂടമാണ് യാത്രയ്ക്ക് തടസ്സമായത്.


Related Articles »