News - 2024

യുവജനങ്ങള്‍ക്കൊപ്പം കുരിശിന്റെ വഴി ചൊല്ലി ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 27-01-2019 - Sunday

പനാമ സിറ്റി: ആഗോള യുവജന സംഗമത്തിനെത്തിയ യുവജനങ്ങള്‍ക്കൊപ്പം കുരിശിന്റെ വഴി ചൊല്ലി പ്രാര്‍ത്ഥിച്ച് ഫ്രാന്‍സിസ് പാപ്പ. ജനുവരി 25 വെള്ളിയാഴ്ച പനാമ സിന്ത കോസ്തേരാ അന്തീഗ്വാ കന്യകാനാഥയുടെ നാമത്തിലുള്ള കായല്‍ത്തീരത്താണ് പാപ്പയും യുവജന സമൂഹവും കുരിശിന്റെ വഴി ചൊല്ലി പ്രാര്‍ത്ഥിച്ചത്. വത്തിക്കാന്‍ സ്ഥാനപതിയുടെ മന്ദിരത്തില്‍നിന്നും എത്തിച്ചേര്‍ന്ന പാപ്പയുടെ ഒപ്പം പനാമ രൂപതാദ്ധ്യക്ഷനും, യുവജനോത്സവത്തിന്‍റെ സംഘാടക സമിതി അദ്ധ്യക്ഷനുമായ ആര്‍ച്ചുബിഷപ്പ് ഹൊസ്സെ ദൊമീങ്കോ ഉളോവയും, വത്തിക്കാന്‍റെ സ്ഥാനപതി ആര്‍ച്ചുബിഷപ്പ് ആഡംഷിക് മീറോസ്ലാവുമുണ്ടായിരിന്നു.

സഭകളുടെ കൂട്ടായ്മ, ഭ്രൂണഹത്യ, പരിസ്ഥിതി, അഭയാര്‍ത്ഥികളും കുടിയേറ്റക്കാരും, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍, മനുഷ്യാവകാശം, അഴിമതി, മാതൃത്വം, ഭീകരപ്രവര്‍ത്തനങ്ങള്‍, ദരിദ്രര്‍, ജീവിതതിരഞ്ഞെടുപ്പ്, എന്നിങ്ങനെ വ്യത്യസ്തവിഷയങ്ങള്‍ യുവജനങ്ങള്‍ ഓരോ സ്ഥലത്തും ധ്യാനവിഷയമാക്കി. കുരിശിന്‍റെ ഓരോ സ്ഥലങ്ങളും പ്രത്യേക നിയോഗങ്ങള്‍ സ്മരിച്ചപ്പോള്‍, അമേരിക്കന്‍ ഭൂഖണ്ഡത്തിലെ വിവിധ രാജ്യങ്ങളിലെ ദൈവമാതാവിന്‍റെ പ്രത്യേക ഭക്തിയോടു ചേര്‍ത്താണ് അവ സമാര്‍പ്പിക്കപ്പെട്ടതെന്നതും ശ്രദ്ധേയമായി. സ്പാനിഷ് ഭാഷയില്‍ ചൊല്ലിയ കുരിശിന്‍റെവഴിയുടെ പന്ത്രണ്ടാം സ്ഥലത്ത് യേശുവിന്റെ കുരിശുമരണം ധ്യാനിച്ചത് ആഗോള ഭാഷയായ ഇംഗ്ലിഷിലായിരുന്നു.


Related Articles »