News - 2025

കൊളോസിയത്തിൽ നടക്കുന്ന കുരിശിന്റെ വഴിയില്‍ ഇതാദ്യമായി ആത്മീയ വിചിന്തനം തയാറാക്കാന്‍ ഫ്രാന്‍സിസ് പാപ്പ

പ്രവാചകശബ്ദം 27-03-2024 - Wednesday

വത്തിക്കാന്‍ സിറ്റി: റോമിലെ ചരിത്രപ്രസിദ്ധമായ കൊളോസിയത്തിൽ നടക്കുന്ന കുരിശിന്റെ വഴിയില്‍ ഫ്രാൻസിസ് മാർപാപ്പ ഇതാദ്യമായി ആത്മീയ വിചിന്തനം തയാറാക്കുന്നു. തൻ്റെ 11 വർഷത്തെ പത്രോസിന്റെ പിന്‍ഗാമിയായുള്ള പദവിയ്ക്കിടെ ഇതാദ്യമായാണ് ദുഃഖ വെള്ളിയാഴ്ച നടക്കുന്ന കുരിശിൻ്റെ വഴി പ്രാര്‍ത്ഥനാമധ്യേയുള്ള ആത്മീയ വിചിന്തനം ഫ്രാന്‍സിസ് പാപ്പ തയാറാക്കുന്നത്. കുരിശിൻ്റെ വഴിയിൽ യേശുവിനോടൊപ്പം ധ്യാനിക്കുന്ന പ്രാർത്ഥനയെ അടിസ്ഥാനമാക്കിയുള്ളതാണ് വിചിന്തനം. പതിനാല് സ്ഥലങ്ങള്‍ക്കും പാപ്പ ആത്മീയ വിചിന്തനം തയാറാക്കുമെന്ന് വത്തിക്കാന്‍ പ്രസ് ഓഫീസ് അറിയിച്ചു. 2025 ജൂബിലി വർഷത്തിനു ഒരുക്കമായി മാർപാപ്പ ആഹ്വാനം ചെയ്ത പ്രാര്‍ത്ഥനാ വര്‍ഷത്തിന്റെ ഭാഗമായാണ് ഈ വർഷം സ്വന്തം രീതിയില്‍ വിചിന്തനം എഴുതാന്‍ പാപ്പ തീരുമാനമെടുത്തതെന്ന് സൂചനകളുണ്ട്.

1740 മുതല്‍ 1758 വരെ സഭയെ നയിച്ച ബെനഡിക്ട് പതിനാലാമന്‍ പാപ്പയുടെ കാലം മുതല്‍ക്കേയാണ് കൊളോസിയത്തില്‍ കുരിശിന്റെ വഴി നടത്തുന്ന പതിവ് തുടങ്ങിയത്. 1985-ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ ദുഃഖവെള്ളിയാഴ്ച റോമില്‍ നടക്കുന്ന കുരിശിൻ്റെ വഴിയിലെ വിചിന്തനം എഴുതുന്നത് വ്യത്യസ്ത വ്യക്തികൾക്കും ഗ്രൂപ്പുകൾക്കും കൈമാറുന്ന പാരമ്പര്യം ആരംഭിച്ചു. എന്നാൽ മഹാജൂബിലി വര്‍ഷമായ 2000-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ സ്വന്തമാണ് ആത്മീയ വിചിന്തനം തയാറാക്കിയത്. മാര്‍പാപ്പയായിരിന്ന കാലയളവില്‍ ബെനഡിക്ട് പതിനാറാമൻ പാപ്പ സ്വന്തമാണ് ആത്മീയ വിചിന്തനം തയാറാക്കിയിരിന്നത്.

ഏറെ പ്രസിദ്ധമായ കൊളോസിയത്തിലെ കുരിശിന്റെ വഴി, വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ കാലമായപ്പോഴേക്കും ലോകമെമ്പാടും ടെലിവിഷനിലൂടെ സംപ്രേഷണം ചെയ്യപ്പെടുന്ന ഒരു പരിപാടിയായി മാറിക്കഴിഞ്ഞിരുന്നു. റോമന്‍ സാമ്രാജ്യ കാലത്ത് ക്രൈസ്തവരെ അതിക്രൂരമായി കൊലപ്പെടുത്തിയിരിന്ന ഇടം കൂടിയായിരിന്നു കൊളോസിയം. മാര്‍പാപ്പയുടെ നേതൃത്വത്തില്‍ കൊളോസിയത്തില്‍ നടക്കുന്ന കുരിശിന്റെ വഴി പ്രാര്‍ത്ഥനയില്‍ നൂറുകണക്കിനാളുകളാണ് ഓരോ വര്‍ഷവും പങ്കുചേരുന്നത്. തത്സമയം ടെലിവിഷനിലൂടെയും യൂട്യൂബിലൂടെയും പങ്കുചേരുന്നത് ലക്ഷങ്ങളാണെന്നതും ശ്രദ്ധേയം.


Related Articles »