News - 2024

"ഗവര്‍ണര്‍ തിരുസഭയെ അധിക്ഷേപിച്ചു": അബോര്‍ഷന്‍ അനുവദിച്ച ഗവര്‍ണര്‍ക്ക് മെത്രാപ്പോലീത്തയുടെ രൂക്ഷ വിമര്‍ശനം

സ്വന്തം ലേഖകന്‍ 30-01-2019 - Wednesday

ന്യൂയോര്‍ക്ക് സിറ്റി: ജീവന്റെ മൂല്യത്തെ പരിഗണിക്കാതെ സഭാവിരുദ്ധമായ നിലപാടുകളുമായി മുന്നോട്ട് പോകുന്ന ന്യൂയോര്‍ക്ക് ഗവര്‍ണറും കത്തോലിക്കനുമായ ആന്‍ഡ്ര്യൂ കുമോക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ന്യൂയോര്‍ക്ക് മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ തിമോത്തി ഡോളന്‍. റിപ്രൊഡക്ടീവ് ഹെല്‍ത്ത് ആക്റ്റില്‍ ഒപ്പുവെക്കുക വഴി ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കത്തോലിക്ക സഭയെ അധിക്ഷേപിക്കുകയും, അപമാനിക്കുകയും ചെയ്തുവെന്ന് കര്‍ദ്ദിനാള്‍ ഡോളന്‍ ആരോപിച്ചു.

ഇക്കഴിഞ്ഞ ജനുവരി 28-ന് ന്യൂയോര്‍ക്ക് പോസ്റ്റില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലൂടെയാണ് അബോര്‍ഷന് അനുമതി നല്‍കികൊണ്ടുള്ള റിപ്രൊഡക്ടീവ് ഹെല്‍ത്ത് ആക്റ്റ് പാസ്സായതിന്റെ പേരില്‍ ആഘോഷത്തിനു ഉത്തരവിട്ട ന്യൂയോര്‍ക്ക് ഗവര്‍ണറിന്റെ പൊള്ളത്തരങ്ങളെ വെളിച്ചത്തു കൊണ്ടുവന്നത്. അബോര്‍ഷന്‍ നിയമം ഒരു തെറ്റായ നടപടിയായിരുന്നുവെന്ന്‍ സമ്മതിക്കുന്നതിന് പകരം, ബില്‍ നിയമമായതിന്റെ ആഹ്ലാദസൂചകമായി ഫ്രീഡം ടവര്‍ ഉള്‍പ്പെടെയുള്ള പ്രധാന കെട്ടിടങ്ങള്‍ ദീപാലംകൃതമാക്കുവാന്‍ ഉത്തരവിടുകയാണ് ഗവര്‍ണര്‍ ചെയ്തതെന്ന്‍ കര്‍ദ്ദിനാള്‍ പറഞ്ഞു.

ജനനത്തിനു തൊട്ടു മുന്‍പുള്ള നിമിഷം വരെ അബോര്‍ഷന്‍ ചെയ്യുവാന്‍ അനുവാദം നല്‍കുന്നതാണ് പുതിയ നിയമം. ഇതോടുകൂടി നിഷ്കളങ്കരായ കുരുന്നു ജീവനുകളെ കൊന്നൊടുക്കുന്നത് ന്യൂയോര്‍ക്കില്‍ കുറ്റകരമല്ലാതായിരിക്കുകയാണ്. അമേരിക്കയില്‍ ഏറ്റവുമധികം അബോര്‍ഷന്‍ അനുകൂല നിയമങ്ങളുള്ള സംസ്ഥാനത്തിലാണ് പുതിയ അബോര്‍ഷന്‍ നിയമം പാസ്സാക്കിയിരിക്കുന്നതെന്നും ആര്‍ച്ച് ബിഷപ്പ് ചൂണ്ടിക്കാട്ടി.

ജനുവരി 28ന് പാസ്സാക്കിയ 'ന്യൂയോര്‍ക്ക് ചൈല്‍ഡ് വിക്ടിംസ് ആക്റ്റി'ന്റെ കാര്യത്തിലും ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കത്തോലിക്കാ സഭയെ അകാരണമായി വലിച്ചിഴച്ചുവെന്ന് കര്‍ദ്ദിനാള്‍ ആരോപിച്ചു. ബില്ലിലെ ചില കാര്യങ്ങളെ പ്രാരംഭത്തില്‍ മെത്രാന്മാര്‍ എതിര്‍ത്തിരുന്നുവെങ്കിലും ബില്ലില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തിയതോടെ മെത്രാന്മാരുടെ എതിര്‍പ്പുകള്‍ അവസാനിച്ചിരുന്നു. സഭാവിരുദ്ധ നിലപാടുകളുള്ള ന്യൂയോര്‍ക്ക് ഗവര്‍ണറെ തിരുസഭയില്‍ നിന്നും പുറത്താക്കണമെന്ന ആവശ്യം കത്തോലിക്കര്‍ക്കിടയില്‍ ശക്തമാണെങ്കിലും, താന്‍ അതിനെ അനുകൂലിക്കുന്നില്ലെന്ന്‍ കര്‍ദ്ദിനാള്‍ ഡോളന്‍ വ്യക്തമാക്കി.


Related Articles »