News - 2024

ഐ‌എസിന് ശേഷവും ഇറാഖി ക്രൈസ്തവരുടെ തിരിച്ചുവരവില്‍ അവ്യക്തത

സ്വന്തം ലേഖകന്‍ 31-01-2019 - Thursday

ഇര്‍ബില്‍: ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികളുടെ ആക്രമണകാലത്ത് ഇറാഖിലെ നിനവേ മേഖലയില്‍ നിന്നും പലായനം ചെയ്ത ക്രൈസ്തവരില്‍ 85 ശതമാനവും തങ്ങളുടെ സ്വന്തം ദേശത്തേക്ക് തിരിച്ചുവരുവാന്‍ ആഗ്രഹിക്കുന്നില്ലെന്ന്‍ വെളിപ്പെടുത്തല്‍. ഇറാഖിലെ സ്വയംഭരണാവകാശമുള്ള കുര്‍ദ്ദിസ്ഥാന്‍ മേഖലയിലെ അന്താരാഷ്ട്ര സഹായപദ്ധതികളുടെ കോ-ഓര്‍ഡിനേറ്ററായ ദിന്‍ഡാര്‍ സെബാരിയാണ് ഇക്കഴിഞ്ഞ തിങ്കളാഴ്ച ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

മൊസൂള്‍, നിനവേ തുടങ്ങിയ മേഖലകള്‍ തീവ്രവാദികളുടെ കൈകളില്‍ നിന്നും മോചിപ്പിക്കപ്പെട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പലായനം ചെയ്ത ക്രൈസ്തവരില്‍ ഭൂരിഭാഗവും തങ്ങളുടെ ജന്മദേശത്തേക്ക് മടങ്ങിവരുന്ന കാര്യത്തില്‍ യാതൊരു വ്യക്തതയുമില്ലെന്ന് സെബാരി പറഞ്ഞു. പലഗ്രാമങ്ങളും ഒഴിഞ്ഞു കിടക്കുകയാണെന്നും ടെല്‍കായിഫ്, ഹംദാനിയ പോലെയുള്ള പ്രാദേശിക മേഖലകള്‍ മിലിട്ടറി കേന്ദ്രങ്ങളായി മാറി കഴിഞ്ഞുവെന്നും അദ്ദേഹം വെളിപ്പെടുത്തി.

അക്രമങ്ങളില്‍ നിന്നും, പ്രതികാര നടപടികളില്‍ നിന്നും തങ്ങളുടെ കുടുംബങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നത് സംബന്ധിച്ച ആശങ്കകള്‍, തൊഴിലില്ലായ്മ, പാര്‍പ്പിട പ്രശ്നങ്ങള്‍, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം തുടങ്ങിയവയാണ് ക്രിസ്ത്യാനികളെ തങ്ങളുടെ ജന്മദേശത്തേക്ക് മടങ്ങിവരുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നതെന്ന് സെബാരി വ്യക്തമാക്കി. ക്രിസ്ത്യന്‍, യസീദി ന്യൂനപക്ഷങ്ങളുടെ കൈയ്യിലുണ്ടായിരുന്ന വസ്തുവകകള്‍ പിടിച്ചടക്കിയിരിക്കുന്നത് മേഖലയിലെ ജനസംഖ്യാപരമായ സന്തുലിതാവസ്ഥയില്‍ മാറ്റം വരുത്തുമെന്ന മുന്നറിയിപ്പും സെബാരി നല്‍കുകയുണ്ടായി.

രാഷ്ട്രീയ തലത്തിലുള്ള അഴിമതിയാണ് പലായനം ചെയ്ത ക്രിസ്ത്യാനികളെ തിരിച്ചുകൊണ്ടുവരുവാന്‍ കഴിയാത്തതിന്റെ മുഖ്യകാരണമെന്ന് കിര്‍കുര്‍ക്കിലേയും, മൊസൂളിലേയും സിറിയന്‍ ഓര്‍ത്തഡോക്സ് മെത്രാപ്പോലീത്തയായ മാര്‍ നിക്കോദേമൂസ് ദൌദ് ഷറഫും കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരിന്നു. നിനവേയിലെ ക്രിസ്ത്യന്‍ മേഖലകളുടെ പുനര്‍നിര്‍മ്മാണവും, ക്രിസ്ത്യാനികളുടെ പുനരധിവാസവും സംബന്ധിച്ച് ബാഗ്ദാദിലെ ഗവണ്‍മെന്റിന്റെ ഉത്തരവാദിത്വമില്ലാത്ത അവസ്ഥകളെയും അദ്ദേഹം ചൂണ്ടിക്കാട്ടി.


Related Articles »