News - 2024

ഇറാഖിലെ ക്രൈസ്തവ പലായനം പത്തു ലക്ഷം കടന്നു

സ്വന്തം ലേഖകന്‍ 10-02-2019 - Sunday

ബാഗ്ദാദ്: ഇസ്ലാമിക് സ്റ്റേറ്റ്സ് അധിനിവേശത്തിന് ശേഷം ഇറാഖിൽ നിന്നും പലായനം ചെയ്ത ക്രൈസ്തവരുടെ എണ്ണം പത്ത് ലക്ഷം കഴിഞ്ഞെന്ന് വെളിപ്പെടുത്തല്‍. പാത്രിയർക്കൽ തെരഞ്ഞെടുപ്പിന്റെ ആറാം വാർഷികത്തോടനുബന്ധിച്ച് ജനുവരി മുപ്പത്തിയൊന്നിന് നൽകിയ സന്ദേശത്തിലാണ് കൽദായ പാത്രിയർക്കീസ് ലൂയിസ് റാഫേൽ സാക്കോ ഇക്കാര്യം വ്യക്തമാക്കിയത്. ഇറാഖിലെ തന്റെ സേവന നാളുകളിൽ കൽദായ സഭ നേരിട്ട പ്രതിസന്ധികളും, വേദനകളും പ്രതീക്ഷകളും അദ്ദേഹം പങ്കുവെച്ചു.

ഇസ്ലാമിക് സ്റ്റേറ്റ്സിന്റെ ആധിപത്യം മൂലം ബാഗ്ദാദിലും മറ്റു നഗരങ്ങളിലും ക്രൈസ്തവ സമൂഹം ഭവനരഹിതരായി തീരുന്നതിന് കാരണമായി. ഇതോടൊപ്പം ചില ഗൂഢശക്തികള്‍ ക്രൈസ്തവര്‍ക്കെതിരെ വിദ്വേഷ വിഭാഗീയ ചിന്തകള്‍ ഉയര്‍ത്തിയതും ചില ക്രൈസ്തവ രാഷ്ട്രീയക്കാരുടെ ധാര്‍മ്മികതയ്ക്ക് യോജിച്ചു പോകാനാകാത്ത ചില വ്യക്തിപരമായ താത്പര്യങ്ങളും പ്രശ്നങ്ങളെ സങ്കീര്‍ണ്ണമാക്കി. ക്രൈസ്തവരുടെ തിരിച്ചുവരവിലൂടെ മാത്രമേ തകര്‍ന്ന മൊസൂളിനേയും നിനവ താഴ്‌വരയേയും പുനര്‍നിര്‍മ്മിക്കുവാന്‍ കഴിയുകയുള്ളു.

പ്രതിസന്ധികള്‍ നിരവധിയായിരിന്നുവെങ്കിലും ക്രൈസ്തവ സമൂഹം മൊസൂൾ, നിനവേ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും പലായനം ചെയ്തപ്പോൾ അതിനെയെല്ലാം അതിജീവിച്ച് മൂന്നു വർഷത്തിലധികം അവരുടെ ആത്മീയവും ഭൗതികവുമായ ആവശ്യങ്ങൾ നിറവേറ്റാൻ തനിക്ക് കഴിഞ്ഞു. സാമ്പത്തിക മേഖലയിലെ വളർച്ച, ആരാധനക്രമത്തിന്റെ നവീകരണം, കൽദായ സംഘത്തിന്റെ ആവിഷ്കരണം, മതേതര സന്ധി സംഭാഷണ സംഘടനയുടെ ആരംഭം തുടങ്ങിയവ ഇറാഖിന്റെ പുതിയ പ്രതീക്ഷകളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറാഖിലെ ന്യൂനപക്ഷമായ ക്രൈസ്തവര്‍ ഭീകരരുടെ പിടിയില്‍നിന്നും സ്വതന്ത്രമായെങ്കിലും ഇനിയും തദ്ദേശീയരായ മുസ്ലീംങ്ങളുടെ കാരുണ്യത്തിനായി കേഴേണ്ട അവസ്ഥയാണ്. അവിടെ നഷ്ടമായ ഭവനങ്ങളും വസ്തുവകകളും തദ്ദേശീയരായ മുസ്ലിംങ്ങള്‍ കൈയ്യടക്കിയിരിക്കുകയാണെന്ന്‍ അടുത്തിടെ മൊസൂള്‍ മുന്‍ ആര്‍ച്ച് ബിഷപ്പ് ഭൌദ്രോസ് മുഷേ വെളിപ്പെടുത്തിയിരിന്നു.


Related Articles »