India - 2024

നവമാധ്യമങ്ങളിലൂടെ അധിക്ഷേപം: സീറോ മലബാര്‍ സിനഡ് വക്കീല്‍ നോട്ടീസ് അയച്ചു

സ്വന്തം ലേഖകന്‍ 14-02-2019 - Thursday

കൊച്ചി: സീറോ മലബാര്‍ സഭയ്ക്കും കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേയും തുടര്‍ച്ചയായി നവമാധ്യമങ്ങളിലൂടെ അധിക്ഷേപം നടത്തിയ സംഘടനയുടെ കണ്‍വീനര്‍മാരായ രണ്ടു പേര്‍ക്കെതിരേ സീറോ മലബാര്‍ സിനഡ് മാനനഷ്ടത്തിനു വക്കീല്‍ നോട്ടീസ് അയച്ചു. ഫേസ്ബുക്കിലൂടെയും മറ്റും സഭയെയും സഭാനേതൃത്വത്തിലുള്ളവരെയും വിലകുറച്ചു കാണിച്ചു സമൂഹത്തില്‍ മനഃപൂര്‍വ്വം മോശം പ്രതിച്ഛായ സൃഷ്ടിക്കുന്നതിനായി ശ്രമം നടത്തിയെന്നു നോട്ടീസ് പറയുന്നു.

വസ്തുതാവിരുദ്ധവും തെറ്റായതുമായ വിവരങ്ങള്‍ നവമാധ്യമങ്ങളിലുടെ മനഃപൂര്‍വം അപകീര്‍ത്തികരമായി പ്രസിദ്ധീകരിക്കുകയായിരുന്നു. സഭയ്ക്കുള്ളില്‍ ചേരിതിരിവും ശത്രുതയും വളര്‍ത്തുന്നതാണു ചിലതെന്നും നോട്ടീസില്‍ പറയുന്നു. സഭയെ മനഃപൂര്‍വം അപകീര്‍ത്തിപ്പെടുത്തിയതിനു 14 ദിവസത്തിനകം മാപ്പുപറയുകയോ പോസ്റ്റുകള്‍ പിന്‍വലിക്കുകയോ ചെയ്തില്ലെങ്കില്‍ സിവില്‍, ക്രിമിനല്‍ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു.

അധിക്ഷേപം നടത്തിയവരുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ സഭയ്ക്കും വിശ്വാസികളുടെ തലവനായ മേജര്‍ ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് ആലഞ്ചേരിക്കും മറ്റു ബിഷപ്പുമാര്‍ക്കും മാനനഷ്ടമുണ്ടാക്കി. വസ്തുതാവിരുദ്ധവും അപൂര്‍ണവുമായ വിവരങ്ങളാണു പോസ്റ്റ് ചെയ്തത്. ഗ്രേഷ്യസ് കുര്യാക്കോസ് അസോസിയേറ്റാണ് ഹര്‍ജിക്കാര്‍ക്കു വേണ്ടി നോട്ടീസ് അയച്ചിരിക്കുന്നത്. വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ വഴിയും വാട്‌സ്ആപ് ഗ്രൂപ്പുകള്‍ വഴിയും നിരന്തരമായി അസത്യപ്രചരണം നടത്തുന്ന വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കുമേതിരെ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ട്.


Related Articles »