News - 2024

പ്രോലൈഫ് സന്ദേശവുമായി ഗര്‍ഭസ്ഥ ശിശുവിന്റെ ചലനങ്ങള്‍ ടൈംസ് സ്ക്വയറില്‍

സ്വന്തം ലേഖകന്‍ 14-02-2019 - Thursday

ന്യൂയോര്‍ക്ക്: ജനന നിമിഷം വരെ ഗര്‍ഭഛിദ്രം നിയമവിധേയമാക്കുന്നതിനുള്ള ന്യൂയോര്‍ക്കിന്റേയും മറ്റ് സംസ്ഥാനങ്ങളുടേയും തീരുമാനത്തിനെതിരെയുള്ള പ്രതിഷേധമെന്ന നിലയില്‍ ന്യൂയോര്‍ക്കിലെ പ്രസിദ്ധമായ ടൈംസ് സ്ക്വയറിലെ ജംബോ സ്ക്രീനുകളില്‍ അള്‍ട്രാസൗണ്ട് സ്കാനിംഗിന്റെ തല്‍സമയ പ്രദര്‍ശനം നടത്തുവാനുള്ള പദ്ധതിയുമായി അമേരിക്കന്‍ സന്നദ്ധ സംഘടന. ‘ഫോക്കസ് ഓണ്‍ ദി ഫാമിലി’ എന്ന സംഘടനയാണ് പ്രോലൈഫ് സന്ദേശമെത്തിക്കാന്‍ 4D സാങ്കേതികവിദ്യയില്‍ അള്‍ട്രാസൗണ്ടിന്റെ തല്‍സമയ പ്രദര്‍ശനം നടത്തുന്നത്. മെയ് 4­-നായിരിക്കും പ്രദര്‍ശനം.

സി‌ബി‌എന്‍ ന്യൂസിന്റെ ‘ഫെയിത്ത് നാഷന്‍’ പരിപാടിയിലൂടെ ഫോക്കസ് ഓണ്‍ ദി ഫാമിലി പ്രസിഡന്റ് ജിം ഡാലി തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പ്രഗത്ഭരുടെ പ്രഭാഷണങ്ങള്‍ക്കും, സംഗീതത്തിനും പുറമേ 7 മാസം പ്രായമായ ശിശുവിന്റെ അള്‍ട്രാസൗണ്ട് സ്കാനിംഗിന്റെ തല്‍സമയ സംപ്രേഷണത്തിനും ന്യൂയോര്‍ക്കിലെ ടൈംസ് സ്ക്വയര്‍ സാക്ഷ്യം വഹിക്കുമെന്ന് ഡാലി പറഞ്ഞു. നൂയോര്‍ക്കിന്റെ കേന്ദ്രബിന്ദു ടൈംസ് സ്ക്വയര്‍ ആയതിനാലാണ് അവിടം പ്രദര്‍ശന വേദിയായി തെരഞ്ഞെടുത്തതെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗര്‍ഭഛിദ്രത്തെക്കുറിച്ചുള്ള ചര്‍ച്ചകളിലെ തീരുമാനങ്ങള്‍ രാഷ്ട്രീയക്കാര്‍ മറികടക്കുകയാണെന്നും, വിര്‍ജീനിയയിലെ രാഷ്ട്രീയ നേതാക്കള്‍ ശിശുഹത്യയെ പ്രോത്സാഹിപ്പിക്കുകയാണെന്നും ഡാലി ആരോപിച്ചു. ജനിച്ചതിനു ശേഷവും ചില കുട്ടികള്‍ക്ക് മരിക്കുവാനുള്ള അവകാശം നല്‍കണമെന്ന വിര്‍ജീനിയന്‍ ഗവര്‍ണര്‍ റാല്‍ഫ് നോര്‍ത്തമിന്റെ പ്രസ്താവന വന്‍ വിവാദത്തിന് കാരണമായിരുന്നു. ജനനത്തിനു തൊട്ടു മുന്‍പുള്ള നിമിഷം വരെ അബോര്‍ഷന്‍ ചെയ്യുവാന്‍ അനുവാദം നല്‍കുന്ന റിപ്രൊഡക്ടീവ് ഹെല്‍ത്ത് ആക്റ്റില്‍ ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്ര്യൂ കുമോ ഒപ്പ് വെച്ചത് ഈ അടുത്തകാലത്താണ്. ഇതിനു മുന്‍പ് അമ്മയുടെ ജീവന് ഭീഷണിയുണ്ടെങ്കില്‍ മാത്രമായിരുന്നു പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ഗര്‍ഭസ്ഥ ശിശുക്കളെ ഇല്ലാതാക്കുവാന്‍ സാധ്യമായിരുന്നുള്ളു.

ടൈംസ് സ്ക്വയറില്‍ പോയി ഗവര്‍ണറോട് കാര്യങ്ങള്‍ പറയുന്നതില്‍ തങ്ങള്‍ക്കൊരു സങ്കോചവുമില്ലായെന്നും കുടുംബമെന്നുവെച്ചാല്‍ എന്താണെന്നും, പ്രോലൈഫ് എന്നുവച്ചാല്‍ എന്താണെന്നും മറ്റുള്ളവരെ കാണിച്ചു കൊടുക്കണമെന്നും ഡാലി പറഞ്ഞു. ദൈവത്തിന്റെ സ്വന്തം ഛായയില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യ ജീവനെ ഇല്ലാതാക്കുവാനുള്ള അവകാശം നമുക്കില്ലായെന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ വാക്കുകള്‍ അവസാനിപ്പിച്ചത്.


Related Articles »