News - 2024

ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസിന് ഇനി എട്ടുനാള്‍: പ്രാര്‍ത്ഥനയോടെ തായ്‌വാന്‍

ബാബു ജോസഫ് 20-02-2019 - Wednesday

തായ്പേയി: അടുത്ത വര്‍ഷം ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നടക്കുവാനിരിക്കുന്ന അന്താരാഷ്ട്ര യൂക്കരിസ്റ്റിക് കോണ്‍ഗ്രസ്സിനു മുന്നൊരുക്കമായി വിശ്വാസികളെ ഒരുക്കുക എന്ന ലക്ഷ്യത്തോടെ തായ്‌വാനിലെ ചിയായി രൂപതയില്‍ ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസ് മാര്‍ച്ച് 1-ന് ആരംഭിക്കും. “എന്റെ ഉറവകള്‍ നിന്നിലാണ്” (സങ്കീ. 87:7) എന്ന ബൈബിള്‍ വാക്യമാണ് ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ മുഖ്യ പ്രമേയം. 2020-ലെ അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ പങ്കെടുക്കുവാന്‍ ഹംഗറിയിലേക്ക് പോകുവാന്‍ കഴിയാത്തവര്‍ക്ക് ആഗോളസഭയുടെ അതേ അനുഭവം തന്നെ പങ്കുവെക്കുക എന്ന ലക്ഷ്യമാണ് ചിയായി യൂക്കരിസ്റ്റ് കോണ്‍ഗ്രസിനു പിന്നില്‍ പ്രധാനമായും ഉള്ളത്.

നവ സുവിശേഷവത്കരണം തായ്‌വാനില്‍ ആവശ്യമായിരിക്കുന്ന ഘട്ടത്തിലാണ് നാലാമത് ദേശീയ യൂക്കരിസ്റ്റിക് കോണ്‍ഗ്രസ്സ് നടക്കുന്നതെന്ന്‍ പൊതുവില്‍ വിലയിരുത്തപ്പെടുന്നു. പുരോഹിതരില്‍ മാത്രം നിക്ഷിപ്തമായിരുന്നൊരു പ്രേഷിത ദൗത്യത്തിനായി അത്മായരെക്കൂടി ഒരുക്കികൊണ്ടിരിക്കുന്ന അവസരം കൂടിയാണിത്. സുവിശേഷപ്രഘോഷണമെന്ന ദൈവവിളിക്കായി അത്മായര്‍ക്ക് ഈ കൂട്ടായ്മ പ്രോത്സാഹനമേകുമെന്നും, ദിവ്യകാരുണ്യ രഹസ്യത്തെക്കുറിച്ചുള്ള വിശ്വാസികളുടെ അറിവ് വര്‍ദ്ധിപ്പിക്കുകയും, വിശ്വാസത്തെ ശക്തിപ്പെടുത്തുമെന്നുമാണ് ചിയായിയിലെ മെത്രാനായ ചുങ്ങ് ദിവ്യകാരുണ്യ കോണ്‍ഗ്രസിനെ കുറിച്ചു അഭിപ്രായപ്പെട്ടത്.

കഴിഞ്ഞ വര്‍ഷം വത്തിക്കാനില്‍വെച്ച് തായ്‌വാന്‍ വൈസ് പ്രസിഡന്റായ ഫിലിപ്പ് ചെന്‍ ചിയന്‍-ജെന്‍ ഫ്രാന്‍സിസ് പാപ്പായെ തായ്‌വാനിലേക്ക് ക്ഷണിച്ചുവെങ്കിലും നയതന്ത്രപരമായ കാരണങ്ങളാല്‍ പാപ്പയുടെ സന്ദര്‍ശനം നീളുകയാണ്. എന്നാല്‍ ഇക്കഴിഞ്ഞ ജനുവരി 5ന് സുവിശേഷ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍ ഫെര്‍ണാണ്ടോ ഫിലോനിയെ യൂക്കരിസ്റ്റിക് കോണ്‍ഗ്രസില്‍ തന്റെ പ്രത്യേക പ്രതിനിധിയായി പാപ്പ നിയമിച്ചിരുന്നു. ചിയായി കോണ്‍ഗ്രസിലെ പ്രാരംഭ കുര്‍ബാന കര്‍ദ്ദിനാളായിരിക്കും അര്‍പ്പിക്കുക.

ദിവ്യകാരുണ്യത്തെക്കുറിച്ചും, വിശുദ്ധ കുര്‍ബാനയെക്കുറിച്ചും തായ്‌വാനിലെ കത്തോലിക്കരുടെ അറിവ് വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2011 നവംബറിലാണ് ചൈനീസ് റീജിയണല്‍ മെത്രാന്‍ സമിതിയെന്ന ഔദ്യോഗിക നാമം വഹിക്കുന്ന തായ്‌വാന്‍ മെത്രാന്‍ സമിതി തായ്‌വാനിലെ 7 രൂപതകളിലും മാറി മാറി ദേശീയ യൂക്കരിസ്റ്റിക് കോണ്‍ഗ്രസ്സ് സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചത്. തായ്പേയി അതിരൂപതയായിരുന്നു ആദ്യ കോണ്‍ഗ്രസിന്റെ വേദി.


Related Articles »