News - 2025
ഓസ്ട്രിയയില്‍ സീറോ മലബാര്‍ സഭ പൗരസ്ത്യ ഓര്‍ഡിനറിയാത്തിന് കീഴില്‍
സ്വന്തം ലേഖകന്‍ 21-02-2019 - Thursday
വിയന്ന: സീറോ മലബാര്‍ സമൂഹത്തെ ഓസ്ട്രിയയില്‍ മലയാള ഭാഷാവിഭാഗം എന്ന നിലയില്‍ അന്യഭാഷാ സമൂഹങ്ങളുടെ പട്ടികയില്‍ നിന്നും മാറ്റി പൗരസ്ത്യ സഭകള്‍ക്കുള്ള (സുയിയുറീസ് ഗണത്തില്‍ വരുന്ന) ഓര്‍ഡിനറിയാത്തിന്‍റെ കീഴിലാക്കി. ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം മാര്‍ച്ച് 3ന് മൈഡിലിങ്ങില്‍ നടക്കും. ഓസ്ട്രിയയിലെ പൗരസ്ത്യ സഭകള്‍ക്കുള്ള ഓര്‍ഡിനറിയാത്തിന്‍റെ കീഴിലായിരിക്കും ഇനിമുതല്‍ രാജ്യത്തെ സീറോ മലബാര്‍ സഭാസമൂഹം. ഓസ്ട്രിയയിലെ സീറോ മലബാര്‍ സഭാംഗങ്ങള്‍ ഉള്‍പ്പെട്ട കേരള കത്തോലിക്കാ സമൂഹത്തെ (എംസിസി വിയന്ന) ആര്‍ഗെ ആഗിന്‍റെ കീഴില്‍ വിയന്ന അതിരൂപതയുടെ സഹായ മെത്രാന്‍ ബിഷപ്പ് ഫ്രാന്‍സ് ഷാര്‍ലിന്‍റെ അജപാലന ചുമതലയിലായിരുന്നു ഇതുവരെ ഉള്‍പ്പെടുത്തിയിരുന്നത്.
എന്നാല്‍ ഇനി മുതല്‍ സീറോ മലബാര്‍ സഭ മറ്റു പൗരസ്ത്യ സഭകളുടെ കൂടെ പുതിയ ഓര്‍ഡിനറിയാത്തിന്‍റെ കീഴില്‍ കര്‍ദ്ദിനാളിന്‍റെ നേരിട്ടുള്ള ഭരണത്തില്‍ ആയിരിക്കും. വിയന്ന അതിരൂപതയില്‍ അന്യഭാഷാ സമൂഹമായി അറിയപ്പെട്ടിരുന്ന സീറോ മലബാര്‍ സഭയ്ക്ക് തനതായ വ്യക്തിത്വവും പൈതൃകവും ഉള്ള സ്വതന്ത്ര സഭയെന്ന നിലയില്‍ അറിയപ്പെടാനും സഭയുടെ തനിമ അതെ രീതിയില്‍ തുടര്‍ന്നുകൊണ്ടുപോകാനുള്ള അംഗീകാരം കൈവരുന്ന ചരിത്രപരമായ ചുവടുവയ്പ്പുകൂടിയായിരിക്കും മാര്‍ച്ച് 3ന് നടക്കാന്‍ പോകുന്നത്.
പുതിയ ഓര്‍ഡിനറിയാത്ത് വഴി സീറോ മലബാര്‍ സഭയ്ക്ക് തനതായ വ്യക്തിത്വവും ആരാധന തനിമയും സ്വയംഭരണ സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിനുള്ള സഭാസംവിധാനങ്ങള്‍ ക്രമീകരിക്കുന്നതിന് വത്തിക്കാന്‍ നടത്തിവരുന്ന ഔദ്യോഗിക നടപടികളില്‍ ലഭിക്കുന്ന പ്രാതിനിധ്യം അരക്കിട്ടുറപ്പിക്കുന്ന ചടങ്ങിനായിരിക്കും മാര്‍ച്ച് 3 സാക്ഷ്യം വഹിക്കുന്നത്. വിവിധ പൗരസ്ത്യ സഭകളിലായി ഏകദേശം 10,000 പേർ ഓസ്ട്രിയയിൽ ഉണ്ടെന്നാണ് കണക്ക്.
