India - 2025
ചര്‍ച്ച് ബില്‍: സഭയെ വിശ്വാസികൾ അല്ലാത്തവരുടെ നിയന്ത്രണത്തിലാക്കാനുമുള്ള ശ്രമമെന്നു കെസിബിസി
സ്വന്തം ലേഖകന്‍ 02-03-2019 - Saturday
കൊച്ചി: ക്രൈസ്തവ സഭകളുടെ മൗലികാവകാശങ്ങൾ നിഷേധിക്കാനും സ്വത്തുക്കളും സ്ഥാപനങ്ങളും വിശ്വാസികൾ അല്ലാത്തവരുടെ നിയന്ത്രണത്തിലാക്കാനുമുള്ള ശ്രമമാണു കേരള ചർച്ച് ബിൽ എന്ന് കെസിബിസി സർക്കുലർ. ബിൽ ഭരണഘടനാ വിരുദ്ധമാണ്; ജനാധിപത്യവിരുദ്ധവും. ഇന്ത്യൻ ഭരണഘടനയനുസരിച്ച് ഓരോ മതത്തിനും സ്ഥാപനങ്ങൾ തുടങ്ങാനും നടത്തിക്കൊണ്ടുപോകാനും അവകാശമുണ്ടെന്നും മതപരമായ കാര്യങ്ങൾ സ്വയം കൈകാര്യം ചെയ്യാമെന്നും സ്ഥാവര, ജംഗമ വസ്തുക്കൾ സമ്പാദിക്കാം, ഉടമസ്ഥത നിലനിർത്താനും അത്തരം വസ്തുക്കൾ നിയമപരമായി നിലനിർത്താം, പരിപാലിക്കാമെന്നും സർക്കുലർ വ്യക്തമാക്കുന്നു.
ഭരണഘടനയുടെ അനുഛേദം 26 ഉറപ്പുനൽകുന്ന അവകാശങ്ങളെ പൊതുക്രമസമാധാനം, ധാർമികത, ആരോഗ്യം എന്നിവയൊഴികെ മറ്റു കാരണങ്ങളുടെ പേരിൽ നിഷേധിക്കാനോ പരിമിതപ്പെടുത്താനോ നിയന്ത്രിക്കാനോ സർക്കാരിനും നിയമനിർമാണ സഭയ്ക്കും അധികാരമില്ല. ഈ 3 കാരണങ്ങൾ സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപം ആരെങ്കിലും ചൂണ്ടിക്കാണിച്ചിട്ടില്ല. സഭാസ്വത്തുക്കളുടെ കൈമാറ്റവും ദുരുപയോഗവും സംബന്ധിച്ചു പരാതിപ്പെടാൻ വേദികളില്ല എന്നാണ് ആരോപിക്കുന്നത്. വസ്തുതാവിരുദ്ധമാണിത്. സഭാസ്വത്തുക്കൾ സംബന്ധിച്ച കാനോനിക നിയമങ്ങളുണ്ട്.
അതനുസരിച്ചു ഭരണം നടത്താൻ സഭയ്ക്കു മൗലികാവകാശമുണ്ട്. കാനോൻ നിയമത്തിലെ വ്യവസ്ഥകളും പ്രയോഗങ്ങളും പൊതുക്രമസമാധാനത്തിനും ധാർമികതയ്ക്കും ആരോഗ്യത്തിനും എതിരാണെങ്കിൽ മാത്രമേ ഭരണസംവിധാനത്തിന് ഇടപെടാനാവൂ. നിർദിഷ്ട ബില്ലിൽ അത്തരം ആരോപണങ്ങൾ ഇല്ല. മതവിഭാഗങ്ങളുടെ സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതിൽ രാജ്യനിയമങ്ങളുടെ ലംഘനം ഉണ്ടെന്നാണെങ്കിൽ അതു ചെറുക്കാൻ നിലവിൽ സംവിധാനങ്ങളുണ്ട്. രാജ്യത്തു നിലവിലുള്ള സിവിൽ നിയമങ്ങൾ പാലിച്ച് കരവും ഫീസുകളും ഒടുക്കിയും റജിസ്ട്രേഷൻ ചട്ടങ്ങൾ പാലിച്ചും ഓഡിറ്റുകൾ നടത്തിയുമാണു സഭാസ്വത്തുക്കൾ പരിപാലിക്കുന്നത്.
വഖഫ് ബോർഡ്, ദേവസ്വം ബോർഡ് എന്നിവയ്ക്കു സമാനമാവണം സഭാസ്ഥാപനങ്ങളെന്നു വാദിക്കുന്നതും യുക്തിസഹമല്ല. അത്തരം ബോർഡുകൾ സ്ഥാപിക്കപ്പെടാൻ ഇടയാക്കിയ ചരിത്രപരമായ കാരണങ്ങളോ സാഹചര്യങ്ങളോ അല്ല ക്രൈസ്തവ സ്ഥാപനങ്ങളുടെ കാര്യത്തിലുള്ളത്. നിർദിഷ്ട ബിൽ നിയമമാക്കിയാൽ സഭാസ്വത്തുക്കളുടെയും സ്ഥാപനങ്ങളുടെയും ക്രമാനുസൃതവും സമാധാനപൂർണവുമായ ഭരണം തർക്കങ്ങളാലും വ്യവഹാരങ്ങളാലും താറുമാറാകും.
അതിലൂടെ നിയന്ത്രണം സർക്കാരിന്റെ കയ്യിലാക്കാമെന്ന ഗൂഢലക്ഷ്യമാണുള്ളത്. ഇത്തരം ലക്ഷ്യം സർക്കാരിന് ഇല്ലെന്നു ബന്ധപ്പെട്ടവർ തന്നെ വ്യക്തമാക്കിയ സ്ഥിതിക്ക് നിയമനിർമാണത്തിൽ നിന്നു കേരള നിയമ പരിഷ്കരണ കമ്മിഷൻ പിൻമാറണമെന്നും കെസിബിസി സർക്കുലർ ആവശ്യപ്പെടുന്നു. ബിൽ ഉയർത്തുന്ന വെല്ലുവിളികൾ മനസ്സിലാക്കി വിശ്വാസികളും പൊതുസമൂഹവും പ്രവർത്തിക്കണമെന്നും ആർച്ച് ബിഷപ്പുമാരായ ഡോ. എം. സൂസപാക്യം, മാർ മാത്യു മൂലക്കാട്ട്, ബിഷപ്പ് ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റം എന്നിവർ പുറപ്പെടുവിച്ച സർക്കുലർ ആഹ്വാനം ചെയ്യുന്നു. കരട് ബിൽ സംബന്ധിച്ചു കേരള കത്തോലിക്കാസഭയുടെ പ്രതികരണം കെസിബിസി നിയമപരിഷ്കരണ കമ്മീഷനെ ഇതിനോടകം അറിയിച്ചിട്ടുണ്ട്.
