India - 2025
ചര്‍ച്ച് പ്രോപ്പര്‍ട്ടി ബില്‍ ഭരണഘടന വിരുദ്ധം: സിഎംസി സന്യാസിനീ സമൂഹം
സ്വന്തം ലേഖകന്‍ 06-03-2019 - Wednesday
ആലുവ: നിയമപരിഷ്‌കരണ കമ്മീഷന്‍ തയാറാക്കി സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ചര്‍ച്ച് പ്രോപ്പര്‍ട്ടി ബില്‍ 2019 മതേതര രാഷ്ട്രമായ ഇന്ത്യയുടെ ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ക്കു വിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണെന്ന്‍ സിഎംസി സന്യാസിനീ സമൂഹം. കേരള കത്തോലിക്ക സഭയ്ക്കും സഭയിലെ സന്യാസി സമൂഹങ്ങള്‍ക്കും മറ്റു സ്ഥാപനങ്ങള്‍ക്കും വര്‍ഷങ്ങളായി നിലനില്‍ക്കുന്നതും തുടര്‍ച്ചയായി അപ്‌ഡേറ്റ് ചെയ്യുന്നതുമായ വ്യക്തമായ നിയമ സംവിധാനങ്ങളും ഓഡിറ്റിംഗുമുണ്ട്.
അതിനാല്‍ ക്രൈസ്തവസഭകളുടെ പ്രവര്‍ത്തനങ്ങളെ കൂച്ചുവിലങ്ങിടുന്നവിധത്തില്‍ ചര്‍ച്ച് പ്രോപ്പര്‍ട്ടി ബില്‍ കൊണ്ടുവരാനുള്ള നീക്കത്തെ 6500ല്‍ അധികം അംഗങ്ങളുള്ള സിഎംസി സന്യാസിനീ സമൂഹം ശക്തമായി എതിര്‍ക്കുന്നു. ഇതിന്റെ ഭാഗമായി കേരളത്തിലുള്ള 13 പ്രോവിന്‍സുകളിലും സിസ്റ്റര്‍മാരുടെ ഒപ്പുശേഖരണം നടത്തുകയും പ്രതിഷേധം സര്‍ക്കാരിനെ വെബ്‌സൈറ്റിലൂടെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
നൂറ്റാണ്ടുകളേറെ പഴമയുള്ള കേരള കത്തോലിക്കാസഭ സംസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കും ഉയര്‍ച്ചയ്ക്കും ഗണ്യമായ പങ്കുവഹിച്ചിട്ടുണ്ട്. പൂര്‍ണ സാക്ഷരത കൈവരിച്ച സംസ്ഥാനമെന്ന വിജയഭേരി മുഴക്കുന്‌പോള്‍ അതിന്റെ പിന്നില്‍ അഹോരാത്രം അധ്വാനിച്ച കത്തോലിക്കാ സഭയുടെ സാന്നിധ്യം വിസ്മരിക്കാനാകില്ല. സഭയുടെ ശുശ്രൂഷകള്‍ എക്കാലവും ദൈവമഹത്വവും മനുഷ്യസേവനവും ലക്ഷ്യംവച്ചുള്ളവയാണെന്നു സിസ്റ്റര്‍ സിബി ചൂണ്ടിക്കാട്ടി.
