India - 2025
ചര്‍ച്ച് ബില്ലില്‍ വീണ്ടും നിഗൂഢത: കമ്മീഷന്റെ സിറ്റിംഗില്‍ അവ്യക്തത തുടരുന്നു
സ്വന്തം ലേഖകന്‍ 06-03-2019 - Wednesday
കോട്ടയം: കേരള സര്‍ക്കാരിന്റെ നിയമ പരിഷ്‌കരണ കമ്മീഷന്റെ ചര്‍ച്ച് ബില്‍ 2019 സംബന്ധിച്ചിട്ടുള്ള നിഗൂഢത വീണ്ടും തുടരുന്നു. ഈ മാസം ആറുവരെ ചര്‍ച്ച് ബില്‍ സംബന്ധിച്ച് പരാതികളും അഭിപ്രായങ്ങളും ഇമെയില്‍ വഴി സ്വീകരിക്കുമെന്നും 6, 7 തീയതികളില്‍ കോട്ടയത്തുവച്ച് കമ്മീഷന്‍ ആളുകളില്‍നിന്നു നേരിട്ടു പരാതികള്‍ സ്വീകരിക്കുമെന്നും അറിയിച്ചിരുന്നതാണ്. എന്നാല്‍, പിന്നീട് ആളുകളില്‍നിന്നു നേരിട്ടു പരാതികളും അഭിപ്രായങ്ങളും സ്വീകരിക്കുന്നില്ലെന്നും ആറു വരെ ലഭിച്ചിട്ടുള്ള പരാതികളും അഭിപ്രായങ്ങളും കമ്മീഷന്‍ 7, 8 തീയതികളില്‍ കമ്മീഷന്‍ ഓഫീസില്‍വച്ച് പരിഗണിക്കുകയേ ഉള്ളൂ എന്നും അറിയിച്ചു.
ഇപ്പോള്‍ 7, 8 തീയതികളിലെ സിറ്റിംഗ് മാറ്റിയെന്നും അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ ആറുവരെയേ സമയമുള്ളൂ എന്നും കമ്മീഷന്‍ പറയുന്നതു തികച്ചും നിഗൂഢമായാണ് വിലയിരുത്തുന്നത്. ചര്‍ച്ച് ബില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശാനുസരണമോ താത്പര്യപ്രകാരമോ അല്ല തയാറാക്കിയിട്ടുള്ളതെന്നു കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റീസ് കെ.ടി. തോമസ് 16/02/2019-ല്‍ പത്രപ്രസ്താവന ഇറക്കാന്‍ കാരണമെന്തെന്നു കമ്മീഷന്‍ വ്യക്തമാക്കണമെന്ന്‍ കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് ബിജു പറയന്നിലം ആവശ്യപ്പെട്ടു.
മാര്‍ച്ച് 7, 8 തീയതികളില്‍ കോട്ടയത്തു നിയമപരിഷ്‌കരണ കമ്മീഷന്റെ സിറ്റിംഗ് ഉണ്ടോ എന്നും വിശ്വാസികളുടെ അഭിപ്രായം കമ്മീഷന്‍ കേള്‍ക്കുന്നുണ്ടോ എന്നുമുള്ള അവ്യക്തത സര്‍ക്കാര്‍ മാറ്റിത്തരണം. ക്രൈസ്തവ വിഭാഗത്തെ ബാധിക്കുന്ന ചര്‍ച്ച് ബില്‍ രൂപപ്പെടുത്തുന്നതിനു മുന്‍പ് സഭകളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കാന്‍ കമ്മീഷന്‍ തയാറാകാത്തത് എന്തുകൊണ്ടാണ് നിയമപരിഷ്‌കരണ കമ്മീഷന്റെ പരാതി സ്വീകരിക്കുന്ന ഇമെയില്‍ സെക്ഷന്‍ പലപ്പോഴും ബ്ലോക്കായി കിടക്കുകയാണ്.
ചര്‍ച്ച് ബില്ലിന്മേലുള്ള നിയമപരിഷ്‌കരണ കമ്മീഷന്റെ നിലപാടുകളെല്ലാം പരിഷ്‌കൃതമല്ല. അതിനാല്‍ നിയമപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റീസ് കെ.ടി. തോമസിനെ സ്ഥാനത്തുനിന്നു നീക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നതായും ബിജു പറയന്നിലം പറഞ്ഞു.
