News - 2024

സിസ്റ്റൈന്‍ ചാപ്പല്‍ ഗായകസംഘത്തിനെ മോണ്‍. മര്‍ക്കോസ് പവാന്‍ നയിക്കും

സ്വന്തം ലേഖകന്‍ 18-07-2019 - Thursday

വത്തിക്കാന്‍ സിറ്റി: ലോകത്തെ ഏറ്റവും പഴക്കമുള്ളതും പ്രസിദ്ധിയാര്‍ജിച്ചതുമായ റോമിലെ സിസ്റ്റൈന്‍ ചാപ്പല്‍ ഗായകസംഘത്തിനെ ബ്രസീലിലെ സാവോ പോളോയില്‍ നിന്നുമുള്ള സംഗീതജ്ഞന്‍ മോണ്‍സീഞ്ഞോര്‍ മര്‍ക്കോസ് പവാന്‍ നയിക്കും. 1998-മുതല്‍ സിസ്റ്റൈന്‍ കപ്പേള ഗായക സംഘത്തിന്‍റെ കുട്ടികളുടെ വിഭാഗം പരിശീലകനായി സേവനം ചെയ്യുന്നതിനിടെയാണ് പാപ്പ പുതിയ ദൌത്യം അദ്ദേഹത്തെ ഏല്‍പ്പിച്ചത്. 1996-ല്‍ പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം ബ്രസീലിലെ സാവോ പോളോ യൂണിവേഴ്സിറ്റിയില്‍ നിന്നും ഗ്രിഗോറിയന്‍ സംഗീതത്തിലും ഗാനാലാപനത്തിലും ഉന്നതബിരുദം കരസ്ഥമാക്കി.

തുടര്‍ന്ന് ഫ്രാന്‍സിലെ സൊളേം ബെനഡിക്ടൈന്‍ ആശ്രമത്തില്‍ ഗ്രിഗോറിയന്‍ സംഗീതപരിശീലനം നടത്തി. പിന്നീട് ലണ്ടനിലെ ദേശീയ സംഗീത അക്കാഡമിയില്‍ (National College of Music and Arts, London) ഗായകസംഘങ്ങള്‍ക്ക് നേതൃത്വം നല്കാനുള്ള പ്രത്യേക പഠനം നടത്തി. ഇതിനിടെ റോമിലെ സെന്‍റ് തോമസ് അക്വിനാസ് യൂണിവേഴ്സിറ്റിയില്‍നിന്നും സഭാനിയമത്തില്‍ ഡോക്ടര്‍ ബിരുദവും അദ്ദേഹം കരസ്ഥമാക്കി. 2005-ല്‍ മുന്‍പാപ്പാ ബനഡിക്ട് പതിനാറാമനാണ് അദ്ദേഹത്തിന്‍റെ സഭാസേവനവും, സംഗീതപരിജ്ഞാനവും സമര്‍പ്പണവും കണക്കിലെടുത്തു മോണ്‍സീഞ്ഞോര്‍ പദവി നല്കിയത്. സംഘടിതവും ശാസ്ത്രീയവുമായ പരിശീലനങ്ങള്‍ ലഭിക്കുന്നതുമായ ഗായകസംഘങ്ങളില്‍ ഒന്നായ സിസ്റ്റൈന്‍ ചാപ്പലിലെ ഗായക കൂട്ടായ്മ 1471-ലാണ് സ്ഥാപിക്കപ്പെട്ടത്.


Related Articles »