News - 2025
മറിയത്തിന്റെ മറുപടി മാനവ ചരിത്രത്തിന് മാറ്റം കുറിച്ചു: ഫ്രാൻസിസ് മാർപാപ്പ
അഗസ്റ്റസ് സേവ്യർ 05-04-2016 - Tuesday
ദൈവത്തിന്റെ മംഗള വാർത്ത വിളംബരം ചെയ്ത ഗബ്രിയേൽ മാലാഖയോട് കന്യകാമറിയം പറഞ്ഞു "അവിടുത്തെ വചനം എന്നിൽ നിറവേറട്ടെ!" മറിയത്തിന്റെ ഈ മറുപടി, ദൈവത്തിന്റെ മാനവ മോചന പദ്ധതിക്ക് തുടക്കമിടുകയായിരുന്നു. ദൈവപുത്രന്റെ കുരിശു മരണത്തിലൂടെ, ഉയിർപ്പിലൂടെ, അത് മനുഷ്യരക്ഷയ്ക്കുള്ള പാത തുറന്നു തന്നു: മംഗള വാർത്ത തിരുനാൾ ദിനത്തിൽ (Feast of the Annunciation) കാസാ സാന്താ മരിയയിൽ ദിവ്യബലിയർപ്പിച്ചു കൊണ്ട് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.
"കന്യകാമറിയത്തിന്റെ സമ്മതത്തോടെ ദൈവം മനുഷ്യരൂപം ധരിക്കുന്നു, നമ്മിലൊരാളായി തീരുന്നു. ദൈവിക പദ്ധതികൾക്ക് സമ്മതം പറഞ്ഞിട്ടുള്ള അനവധി മഹദ് വ്യക്തികൾ സുവിശേഷത്തിലുണ്ട്. എബ്രാഹം, മോശ, എന്നിവരെല്ലാം ദൈവത്തെ സന്തോഷത്തോടെ സ്വാഗതം ചെയ്തവരാണ്. മറ്റു ചിലരാകട്ടെ, ദൈവ പദ്ധതികളെ ആദ്യം നിരസിച്ചിട്ട്, പിന്നീട് സ്വീകരിച്ചവരാണ്. ഏശയ്യായും ജെറമിയായുമെല്ലാം അങ്ങനെയുള്ളവരാണ്."
വൈദീക ജീവിതത്തിൽ 50 വർഷം പൂർത്തിയാക്കിയ പുരോഹിതന്മാരും വൃത വാഗ്ദാനം പുതുക്കുന്ന കന്യാസ്ത്രീകളം ദിവ്യബലിയിൽ സന്നിഹിതരായിരുന്നു. അവരിലോരോരുത്തരോടും, "നാം, ദൈവത്തിന്റെ വാക്കിന് 'അതേ' എന്ന് ഉത്തരം കൊടുക്കുന്നവരോണോ; അതോ, ദൈവം നമ്മെ സ്പർശിക്കുമ്പോൾ നാം പുറം തിരിഞ്ഞു നിൽക്കുന്നവരാണോ?" സ്വയം ആത്മപരിശോധന നടത്താൻ മാർപാപ്പ ആവശ്യപ്പെട്ടു.