News
ഫാ.ടോം ഉഴുന്നാലില്‍ ഉടന്‍ മോചിതനായേക്കും.
സ്വന്തം ലേഖകന്‍ 04-04-2016 - Monday
യമനില്‍ നിന്നും തീവ്രവാദികള്‍ തട്ടികൊണ്ട് പോയ ഫാ.ടോം ഉഴുന്നാലില്‍ സുരക്ഷിതനാണെന്നും ഉടന്‍ മോചിതനായെക്കുമെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം.
ആഴ്ചകളായി ഭീകരരുടെ തടവില്‍ കഴിയുന്ന ഫാ. ടോമിനെക്കുറിച്ചു കാര്യമായ വിവരമൊന്നുമില്ലാത്തതിലുള്ള കത്തോലിക്കാ സഭയുടെ ആശങ്ക CBCI പ്രതിനിധിസംഘം കേന്ദ്രമന്ത്രിയെ സന്ദർശിച്ച് അറിയിച്ചിരിന്നു.
ഫാ.ടോം സുരക്ഷിതനാണെന്നും, അദ്ദേഹത്തെ എത്രയും വേഗം മോചിപ്പിക്കാന്‍ സാധ്യമായ എല്ലാ മാര്‍ഗങ്ങളും സര്‍ക്കാര്‍ തേടുന്നുണ്ടെന്നും, സുരക്ഷാ കാരണങ്ങളാൽ മോചനവുമായി ബന്ധപ്പെട്ടു പല തലങ്ങളില്‍ നടക്കുന്ന നീക്കങ്ങളെക്കുറിച്ചും ചര്‍ച്ചകളെക്കുറിച്ചും കൂടുതല്‍ വെളിപ്പെടുത്താനാവില്ലന്നും വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പ്രതിനിധിസംഘത്തെ അറിയിച്ചു. ഫാ. ടോമിന്‍റെ ജീവനെക്കുറിച്ചു പ്രചരിക്കുന്ന മറ്റെല്ലാ വാര്‍ത്തകളും അടിസ്ഥാനരഹിതമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ മോണ്‍. ജോസഫ് ചിന്നയ്യന്‍, വക്താവ് ഫാ. ഗ്യാനപ്രകാശ് ടോപ്പോ, കാരിത്താസ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ഫെഡറിക് ഡിസൂസ, സിബിസിഐ വിദ്യാഭ്യാസ സെക്രട്ടറി ഫാ. ജോസഫ് മണിപ്പാടം എസ്ഡിബി, നിയമ ഉപദേഷ്ടാവ് അഡ്വ. ജോസ് ഏബ്രഹാം എന്നിവരാണു പ്രതിനിധിസംഘത്തിലുണ്ടായിരുന്നത്.
ഫാ.ടോം സുരക്ഷിതനാണെന്നും ഉടനെ അദ്ദേഹത്തെ ഉടന്‍ മോചിപ്പിക്കാന്‍ സാധിച്ചേക്കുമെന്ന്‍ സുഷമ സ്വരാജിന്‍റെ ഉറപ്പ് ലഭിച്ചതായും കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ (CBCI) ഡപ്യൂട്ടി സെക്രട്ടറി ഫാ.ജോസഫ് ചിന്നയാന്‍ മാധ്യമങ്ങളെ അറിയിച്ചു.