News
"ക്രിസ്ത്യാനികളെ സംരക്ഷിക്കുവാൻ അടിയന്തിരനടപടി എടുക്കണം" പാക്കിസ്ഥാൻ ഭരണകൂടത്തോട് ഫ്രാൻസിസ് മാർപാപ്പ
ജേക്കബ് സാമുവേൽ 30-03-2016 - Wednesday
പാക്കിസ്ഥാനിൽ, ഈസ്റ്റർ ദിനത്തിൽ നിരവധി നിഷ്കളങ്കരായ ജനങ്ങളുടെ കൂട്ടക്കൊലയിൽ കലാശിച്ച മൃഗീയമായ ഭീകരാക്രമണത്തെ തുടർന്ന്, ക്രിസ്ത്യാനികളെ സംരക്ഷിക്കുവാൻ അടിയന്തര നടപടി എടുക്കണമെന്ന് പാക്കിസ്ഥാൻ ഭരണകൂടത്തോട് ഫ്രാൻസിസ് മാർപാപ്പ ആവശ്യപ്പെട്ടു.
ഉയര്‍പ്പു തിരുന്നാൾ ആഘോഷിക്കുവാൻ ലാഹോറിലെ പൊതു പാർക്കിൽ ഒത്തു കൂടിയവരായിരുന്നു കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ കൂടുതലും സ്ത്രീകളും കുട്ടികളുമായിരുന്നു. ISIS നെ പിന്തുണയ്ക്കുന്ന താലിബാൻ ഘടകത്തിന്റെ വിമത വിഭാഗമായ 'ജമായത്ത്-ഉള്‍- അഹ്രാര്‍' കൂട്ടക്കൊലയുടെ ചുമതല ഏറ്റെടുത്തുകൊണ്ട് പ്രസ്താവിച്ചത് അവര്‍ പ്രധാനമായും ഉന്നം വച്ചത് ക്രിസ്ത്യാനികളെ ആയിരുന്നുവെന്നാണ്.
അവധി ദിവസം ചിലവഴിക്കുവാനായി പാര്‍ക്കില്‍ കൂടിയിരുന്ന മുസ്ലീങ്ങളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കുറഞ്ഞത് മൂന്നൂറ് പേര്‍ക്കെങ്കിലും പരുക്കേറ്റിട്ടുമുണ്ട്. രാജ്യത്തെ ക്രിസ്ത്യാനികളുടേയും മറ്റു ന്യൂനപക്ഷങ്ങളുടേയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളണമെന്ന് പാക്കിസ്ഥാന്‍ സര്‍ക്കാരിനോട് ഫ്രാന്‍സിസ് മാര്‍പാപ്പ അഭ്യര്‍ഥിച്ചു.
എല്ലാ ജനങ്ങളുടേയും, പ്രത്യേകിച്ച് ദുര്‍ബലരായ മതന്യൂനപക്ഷങ്ങളുടെ, സുരക്ഷയും സമാധാനവും ഉറപ്പാക്കുന്നതിന് സാധ്യമായ എല്ലാ പദ്ധതികളും നടപ്പിലാക്കണമെന്നും രാഷ്ട്രത്തിലെ എല്ലാ തദ്ദേശ ഭരണാധികാരികളോടും സമുദായ നേതാക്കളോടും മാര്‍പാപ്പ ആവശ്യപ്പെട്ടു. ഇസ്ലാമിക തീവ്രവാദികള്‍ ലക്ഷ്യം വയ്ക്കുന്ന മദ്ധ്യ കിഴക്കന്‍ പ്രദേശങ്ങള്‍, ആഫ്രിക്ക, ഏഷ്യ എന്നീ രാജ്യങ്ങളിലെ ക്രിസ്ത്യാനികള്‍ അനുഭവിക്കുന്ന പീഢനങ്ങളെപ്പറ്റി ആവര്‍ത്തിച്ചാവര്‍ത്തിച്ച് വികാരപരമായാണ് പാപ്പ സംസാരിച്ചത്. ക്രിസ്ത്യാനികളെ പീഢിപ്പിക്കുകയും കൊല്ലുകയും ചെയ്യുന്നതിനോടുള്ള പ്രതികരണമില്ലായ്മയെ "ഭീരുത്വം നിറഞ്ഞ മൗനം" എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്
മതന്യൂനപക്ഷങ്ങളുടെ സുരക്ഷയ്ക്കായിട്ടുള്ള നടപടികള്‍ മെച്ചപ്പെടുത്തണമെന്ന് തിങ്കളാഴ്ച പ്രസംഗത്തില്‍ ഫ്രാന്‍സിസ് പാപ്പ ആഹ്വാനം ചെയ്തിരിന്നു. അപായം സംഭവിച്ചവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് സന്നിഹിതരായിരുന്ന വിശ്വാസികളോട് ആവശ്യപ്പെടുകയും ചെയ്തു. "അക്രമവും അതിനു പ്രേരിപ്പിക്കുന്ന വിരോധവും ദുഃഖത്തിലും നാശത്തിലേക്കും മാത്രമേ നയിക്കുകയുള്ളൂ; നേരെമറിച്ച്, സമാധാനത്തിലേക്കുള്ള പാത ആദരവും സാഹോദര്യവും മാത്രമാണ്". മരണവും ഭീതിയും വിതയ്ക്കുന്ന അക്രമകാരികളുടെ ചെയ്തികള്‍ക്ക് അന്ത്യം വരുത്തുവാനായുള്ള പ്രാര്‍ത്ഥനകള്‍ക്കായി പിതാവ് എല്ലാവരോടും ആഹ്വാനം ചെയ്തു.
വെസ്റ്റ് മിന്‍സ്റ്റെര്‍ ആര്‍ച്ചുബിഷപ്പായ കര്‍ദ്ദിനാള്‍ വിന്‍സെന്റ് നിക്കോളസ് ചൊവ്വാഴ്ച ട്വിറ്ററില്‍ ഇപ്രകാരം കുറിച്ചു: 'ലാഹോറില് നടന്ന ബോംബാക്രമണം വെറുക്കപ്പെടേണ്ടതും, പൂര്‍ണ്ണമായും അപലപിക്കേണ്ടതുമാണ്; തിന്മക്കു നന്മയെ തോല്പ്പിക്കാന്‍ ഒരിക്കലും സാദ്ധ്യമല്ല. നമ്മുടെ കര്‍ത്താവായ, യേശു ക്രിസ്തുവിന്റെ ശവക്കല്ലറയില്‍ നിന്നുള്ള ഉയര്‍ത്തഴുന്നേല്‍പ്പ് ഇത് എന്നെന്നേക്കുമായി തെളിയിച്ചിരിക്കുന്നു".
അമേരിക്കയിലെ കത്തോലിക്കാ ബിഷപ്പുമാരുടെ കോണ്‍ഫറന്‍സിന്റെ അദ്ധ്യക്ഷനായ, കെന്‍ടുക്കിയിലെ ലൂയിസ്വില്ലിയിലെ ആര്‍ച്ചുബിഷപ്പായ, ജോസഫ് കെര്‍ട്സ്, ഈ ആക്രമണങ്ങളിലുള്ള അദ്ദേഹത്തിന്റെ 'കടുത്ത ദുഃഖം' പ്രകടിപ്പിച്ചു.
പാക്കിസ്ഥാനിലെ കത്തോലിക്കാ ബിഷപ്പ് കോണ്‍ഫറന്‍സിന്റെ അദ്ധ്യക്ഷനായ ആര്‍ച്ച് ബിഷപ്പ് ജോസഫ് കൗട്സിന്‍, ആക്രമണത്തെ അപലപിച്ചു കൊണ്ട് ഇപ്രകാരം പറഞ്ഞു "കുഞ്ഞുങ്ങളുടെ കളിസ്ഥലം ഒരു കൊലക്കളമായി മാറിയ ഭയാനകമായ കാഴ്ച വിവരിക്കുവാന്‍ വാക്കുകളില്ല".
ആക്രമണത്തിന് പിന്നിലെ പോരാളികളെ പിന്തുടര്‍ന്ന് പിടിച്ച് തകര്‍ക്കുമെന്ന് ദൃഢപ്രതിജ്ഞ ചെയ്തു കൊണ്ടുള്ള പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെറീഫിന്റെ പ്രസ്താവന തിങ്കളാഴ്ച ടെലിവിഷനില്‍ പ്രക്ഷേപണം ചെയ്തിരുന്നു. "പാക്കിസ്ഥാന് ജനതയുടെ ജീവന്‍ കൊണ്ടുള്ള അവരുടെ പന്താട്ടം ഞങ്ങള്‍ അനുവദിക്കുകയില്ല. പാക്കിസ്ഥാനിലെ 20 കോടി ജനങ്ങളുടെ പ്രതിജ്ഞയാണ്" അദ്ദേഹം പറഞ്ഞു.