News - 2024
ചൈനയിലെ മരിയൻ തീർത്ഥാടന കേന്ദ്രം സംരക്ഷിക്കാൻ വിശ്വാസികളുടെ അക്ഷീണ ശ്രമം
സ്വന്തം ലേഖകന്‍ 17-09-2019 - Tuesday
തയുവാൻ: ചൈനയിലെ തയുവാൻ നഗരത്തിനു സമീപമുള്ള ഡോണ്‍ജർജൂയിലെ വ്യാകുലമാതാ തീർത്ഥാടന ദേവാലയം നശിപ്പിക്കുന്നത് തടയാന്‍ വിശ്വാസികള്‍ ഒന്നടങ്കം രംഗത്ത്. സെപ്റ്റംബർ പതിനഞ്ചാം തീയതി സഭ ആചരിച്ച വ്യാകുല മാതാവിന്റെ തിരുനാളിൽ പങ്കെടുക്കാനായി നൂറുകണക്കിന് വിശ്വാസികളാണ് എത്തിയത്. ദേവാലയത്തിന് മുന്നിലുള്ള പ്രവേശന വാതിൽ തകർക്കാൻ പ്രാദേശിക സർക്കാരിന് പദ്ധതിയുണ്ടെന്ന സൂചന കൂടി കണക്കിലെടുത്താണ് വിശ്വാസികള്‍ ഒന്നടങ്കം സംഘടിച്ചത്. 'സ്വർഗ്ഗത്തിന്റെ വാതിൽ' എന്ന് വിളിക്കപ്പെടുന്ന, പ്രസ്തുത വാതിൽ ഉയരക്കൂടുതലാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പ്രാദേശിക സർക്കാർ നീക്കംചെയ്യുമെന്ന് പ്രഖ്യാപിച്ചത്.
പുറത്തുവരുന്ന മറ്റ് റിപ്പോര്‍ട്ടുകളില്‍ ദേവാലയം സ്ഥിതി ചെയ്യുന്ന പ്രദേശത്തുകൂടി ഹൈവേ നിർമ്മിക്കാൻ സർക്കാരിന് പദ്ധതിയുണ്ടെന്നും സൂചനകളുണ്ട്. പ്രവേശന കവാടത്തിലെ ശില്പങ്ങൾ ഇതിനോടകം തന്നെ ചൈനീസ് വത്കരണത്തിന്റെ പേരും പറഞ്ഞ് നീക്കം ചെയ്തു കഴിഞ്ഞു. അതേസമയം തീർത്ഥാടന ദേവാലയം മുഴുവനായി തകർക്കാൻ സർക്കാരിന് പദ്ധതിയുണ്ടെന്ന വാർത്ത മറ്റൊരു കോണിൽ നിന്ന് കഴിഞ്ഞ ദിവസം ഉയർന്നിരുന്നു. 1924 ലാണ് വ്യാകുല മാതാവിന്റെ പേരിലുള്ള ദേവാലയത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നത്. ആയിരക്കണക്കിന് വിശ്വാസികളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സെപ്റ്റംബർ പതിനഞ്ചാം തീയതി ഇവിടെ എത്തിച്ചേര്‍ന്നത്. ചൈനീസ് വത്കരണമെന്ന പേരില്‍ ദേവാലയങ്ങളിലെ കുരിശുകളും പള്ളിമണികളും കൂട്ടത്തോടെ നീക്കം ചെയ്തത് ആഗോള തലത്തില്‍ തന്നെ വന്‍ വിമര്‍ശനങ്ങള്‍ക്കു കാരണമായിരിന്നു.